എ. വിജയരാഘവന്‍ എല്‍.ഡി.എഫ് കണ്‍വീനര്‍
തിരുവനന്തപുരം: എല്‍.ഡി.എഫിനെ ഇനി സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എ. വിജയരാഘവന്‍ നയിക്കും. ഇന്നലെ ചേര്‍ന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. ഉച്ചയ്ക്കുശേഷം നടന്ന എല്‍.ഡി.എഫ് യോഗത്തില്‍ തീരുമാനം അറിയിക്കുകയും മുന്നണി അത് അംഗീകരിക്കുകയുമായിരുന്നു.
നിലവില്‍ കണ്‍വീനറായ വൈക്കം വിശ്വന്‍ ആരോഗ്യപരമായ കാരണങ്ങളാല്‍ ചുമതലയില്‍നിന്ന് ഒഴിവാക്കാന്‍ നേരത്തേ പാര്‍ട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. അതു കണക്കിലെടുത്താണ് തീരുമാനം. വിജയരാഘവനെ കണ്‍വീനറായി മുന്നണി അംഗീകരിച്ച കാര്യം എല്‍.ഡി.എഫ് യോഗത്തിനുശേഷം വൈക്കം വിശ്വനാണ് മാധ്യമങ്ങളെ അറിയിച്ചത്. സംസ്ഥാനത്തുനിന്ന് ഒഴിവുവരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളില്‍ ഓരോന്നില്‍ വീതം സി.പി.എമ്മും സി.പി.ഐയും മത്സരിക്കാന്‍ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു. നിയമസഭയിലെ നിലവിലെ അംഗബലമനുസരിച്ച് മൂന്നെണ്ണത്തില്‍ രണ്ടെണ്ണമാണ് എല്‍.ഡി.എഫിനു ലഭിക്കുക.
സ്ഥാനാര്‍ഥികളെ പിന്നീടു തീരുമാനിക്കും. സി.പി.ഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗമായ മുന്‍ മന്ത്രി ബിനോയ് വിശ്വമായിരിക്കും സി.പി.ഐയുടെ രാജ്യസഭാ സ്ഥാനാര്‍ഥിയെന്ന് അറിയുന്നു. സി.പി.എം ചെറിയാന്‍ ഫിലിപ്പ്, പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.ജെ തോമസ് എന്നിവരുടെ പേരുകള്‍ പരിഗണിക്കുന്നതായും സൂചനയുണ്ടണ്ട്.
ചെങ്ങന്നൂരിലെ തെരഞ്ഞെടുപ്പ് ഫലത്തിന്റെ പ്രാഥമിക വിലയിരുത്തലും യോഗത്തില്‍ നടന്നു. ഇടതു സര്‍ക്കാര്‍ നടത്തിയ വികസനപ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായാണ് ചെങ്ങന്നൂരിലെ വിജയത്തെക്കുറിച്ചുള്ള മുന്നണിയുടെ വിലയിരുത്തല്‍. യു.ഡി.എഫ് പഠിച്ചപണി പതിനെട്ടും പയറ്റിയിട്ടും അവിടെ വിജയിക്കാനായില്ല. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും വീടുവീടാന്തരം കയറിയിറങ്ങി. ബി.ജെ.പി ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാറിനെയടക്കം കൊണ്ടുവന്ന് ഭീഷണിപ്പെടുത്തുന്ന സ്വരത്തില്‍ പ്രചാരണം നടത്തി. എന്നിട്ടും ഫലമുണ്ടായില്ലെന്നും വൈക്കം വിശ്വന്‍ പറഞ്ഞു.
ഇടതുമുന്നണി കണ്‍വീനറായിരുന്ന പാലോളി മുഹമ്മദ്കുട്ടി 2006ല്‍ മന്ത്രിയായതോടെയാണ് വൈക്കം വിശ്വന്‍ കണ്‍വീനറായത്. 12 വര്‍ഷം ആ ചുമതല വഹിച്ചു. ഇടതുമുന്നണിയെ കെട്ടുറപ്പോടെ കൊണ്ടണ്ടുപോകാന്‍ കണ്‍വീനര്‍ എന്ന നിലയില്‍ വിശ്വനു കഴിഞ്ഞതായി മുന്നണി യോഗത്തില്‍ നേതാക്കള്‍ പറഞ്ഞു. തനിക്കു നല്‍കിയ സഹകരണത്തിന് വൈക്കം വിശ്വന്‍ യോഗത്തില്‍ നന്ദി പറഞ്ഞു.
1956 മാര്‍ച്ച് 23ന് മലപ്പുറം ജില്ലയില്‍ ആമ്പാടന്‍ പറങ്ങോടന്റെയും മാളുക്കുട്ടിയമ്മയുടെയും മകനായി ജനിച്ച വിജയരാഘവന്‍ വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുരംഗത്തെത്തിയത്. ബി.എ, എല്‍.എല്‍.ബി ബിരുദങ്ങള്‍ നേടിയിട്ടുണ്ട്. എസ്.എഫ്.ഐ ദേശീയ പ്രസിഡന്റ്, കര്‍ഷക തൊഴിലാളി യൂനിയന്‍ അഖിലേന്ത്യാ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കൂടാതെ ലോക്‌സഭാംഗമായും രാജ്യസഭാംഗമായും പ്രവര്‍ത്തിച്ചു. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോഴിക്കോട്ട് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. സി.പി.എം തൃശൂര്‍ ജില്ലാ കമ്മിറ്റിയംഗവും കേരളവര്‍മ കോളജില്‍ ഇംഗ്ലീഷ് വിഭാഗം അധ്യാപികയുമായ ആര്‍. ബിന്ദുവാണ് ഭാര്യ. നിയമ വിദ്യാര്‍ഥിയായ ഹരികൃഷ്ണന്‍ മകനാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."