നഗരസഭകള്‍ പകര്‍ച്ചവ്യാധി ഭീഷണിയില്‍
തിരുവനന്തപുരം: മഴക്കാല രോഗങ്ങളും പകര്‍ച്ചവ്യാധികളും തടയാനുള്ള പ്രവര്‍ത്തനങ്ങള്‍ നഗരസഭകളില്‍ പാളിയതോടെ കര്‍ശന നടപടികളുമായി തദ്ദേശ സ്വയംഭരണ വകുപ്പ് രംഗത്ത്.
ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ നഗരസഭാ സെക്രട്ടറിമാര്‍ പുലര്‍ക്കാലത്ത് മിന്നല്‍ പരിശോധനകളുമായി രംഗത്തിറങ്ങണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് കര്‍ശന നിര്‍ദേശം നല്‍കി.
സംസ്ഥാനത്തെ വിവിധ നഗരസഭാ പ്രദേശങ്ങളില്‍ വിവിധയിനം പനിയും പകര്‍ച്ചവ്യാധികളും മഴക്കാല രോഗങ്ങളും രൂക്ഷമാണ്. ശുചീകരണം ഉള്‍പ്പെടെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നഗരസഭകള്‍ വീഴ്ച വരുത്തുന്നതായി മുഖ്യമന്ത്രിതന്നെ കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയിരുന്നു.
ഈ സാഹചര്യത്തിലാണ് വീഴ്ച വരുത്തുന്ന നഗരസഭാ സെക്രട്ടറിമാര്‍ക്കെതിരേ കര്‍ശന നടപടി എടുക്കാന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് നിര്‍ദേശം നല്‍കിയത്.
അടിയന്തിരമായി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ ഒന്‍പതിന നിര്‍ദേശങ്ങളാണ് നഗരസഭകള്‍ക്ക് നല്‍കിയിട്ടുള്ളത്. ശുചീകരണ, മഴക്കാല രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം വഹിക്കാന്‍ നഗരസഭ സെക്രട്ടറിമാര്‍ എല്ലാദിവസവും പുലര്‍ച്ചെ 5.30 മുതല്‍ 7.30 വരെ വിവിധ വാര്‍ഡുകളില്‍ മുന്നറിയിപ്പില്ലാതെ നേരിട്ടു സന്ദര്‍ശനം നടത്തണം. ഇതിന്റെ വിശദാംശങ്ങള്‍, സമയം, സന്ദര്‍ശിച്ച വാര്‍ഡുകള്‍, എടുത്ത നടപടി തുടങ്ങിയ കാര്യങ്ങള്‍ നിത്യേന നഗരകാര്യ ഡയറക്ടറെ ഇ മെയില്‍ വഴി അറിയിക്കണം.
നഗരസഭാ സെക്രട്ടറിമാര്‍ നഗരസഭാ പരിധിക്കുള്ളില്‍ തന്നെ നിര്‍ബന്ധമായും താമസിക്കണം. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥരെയും തൊഴിലാളികളെയും മറ്റു ജോലികള്‍ക്ക് ഉപയോഗിക്കുന്നില്ലെന്ന് സെക്രട്ടറി ഉറപ്പാക്കണം. നഗരസഭകള്‍ ഏറ്റെടുത്തു നടപ്പാക്കുന്ന പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യവകുപ്പിലെ ജില്ലാതല ഉദ്യോഗസ്ഥരുമായി കൂടിയാലോചന നടത്തി ഫലപ്രദമായി നടപ്പാക്കുന്നതിന് സെക്രട്ടറിമാര്‍ നടപടി സ്വീകരിക്കണം. പകര്‍ച്ചപ്പനിയെ സംബന്ധിച്ച ലഭ്യമായ എല്ലാവിവരങ്ങളും ആരോഗ്യവകുപ്പുമായി പങ്കുവെയ്ച്ചു തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുന്നതിന് നടപടികള്‍ സ്വീകരിക്കണം. നഗരകാര്യ ഡയറക്ടറേറ്റില്‍ അടുത്ത മൂന്നു മാസം 24 മണിക്കൂറം പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും ടോള്‍ ഫ്രീ നമ്പറും ഏര്‍പ്പെടുത്തും.
നഗരസഭകളിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന്റെ ഉത്തരവാദിത്വം നഗരകാര്യ ഡയറക്ടറേറ്റിലെ ജോയിന്റ് ഡയറക്ടര്‍ (ഹെല്‍ത്ത്) ഡോ. ഉമ്മു സെല്‍മ ചുങ്കത്തിനാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."