ബോധ്ഗയ സ്ഫോടനം: അഞ്ചുപ്രതികള്‍ക്കും ജീവപര്യന്തം
ന്യൂഡല്‍ഹി: ബിഹാറിലെ ബോധ്ഗയയിലുണ്ടായ സ്ഫോടനക്കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ അഞ്ചുപ്രതികള്‍ക്കും ജീവപര്യന്തം തടവുശിക്ഷ. മുന്‍ സിമി പ്രവര്‍ത്തകരായ ഹൈദര്‍ അലി, ഇംതിയാസ് അന്‍സാരി, മുജീബുല്ല (മൂവരും ജാര്‍ഖണ്ഡ്), ഉമൈര്‍ സിദ്ദീഖി, അസ്ഹറുദ്ദീന് ഖുറൈശി (മൂവരും ചത്തിസ്ഗഡ്) എന്നിവരെയാണ് പട്നയിലെ പ്രത്യേക എന്‍.ഐ.എ കോടതി ജഡ്ജി മനോജ്കുമാന് സിന്‍ഹ ശിക്ഷിച്ചത്.
കേസില്‍ കഴിഞ്ഞയാഴ്ച ഇവരെ കുറ്റക്കാരെന്നു കണ്ടെത്തിയതിനെത്തുടര്‍ന്ന് ശിക്ഷവിധിക്കുന്നത് ഇന്നലത്തേക്കു നീട്ടിവയ്ക്കുകയായിരുന്നു. 90 ലേറെ ദൃക്സാക്ഷികളെ വിസ്തരിച്ച ശേഷമാണ് പ്രതികള്‍ക്കുള്ള ശിക്ഷ പ്രഖ്യാപിച്ചത്.
2013 ജൂലൈ ഏഴിനാണ് യുനെസ്കോ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തിയ ബോധ്ഗയയിലെ ബുദ്ധിസ്റ്റ് ആരാധനാകേന്ദ്രമായ മഹാബോധി ക്ഷേത്രസമീപത്ത് സ്ഫോടനമുണ്ടായത്. മുപ്പതു മിനുട്ടിനുള്ളില്‍ ഒന്‍പതു ബോംബുകളായിരുന്നു പൊട്ടിത്തെറിച്ചത്. ബിഹാറിലെ ആദ്യത്തെ ഭീകരാക്രമണമായിരുന്നു ഇത്. സ്ഫോടനത്തില്‍ രണ്ടുസന്യാസികള്ക്കു പരുക്കേറ്റിരുന്നു.
അതേവര്‍ഷം ഒക്ടോബറില്‍ പട്നയിലെ ഗാന്ധിമൈതാനത്തുണ്ടായ സ്ഫോടനത്തിന് പിന്നിലും ഈ സംഘമെന്നാണ് പൊലിസ് പറയുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഗാന്ധിമൈതാനിയില്‍ തെരഞ്ഞെടുപ്പിന് മുന്‍പ് പാര്‍ട്ടിയുടെ റാലിയെ അഭിസംബോധനചെയ്യാനിരിക്കെയായിരുന്നു ഇവിടെ സ്ഫോടനമുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."