ഫയര്‍ഫോഴ്‌സ് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണം: മനുഷ്യാവകാശ കമ്മിഷന്‍
തിരുവനന്തപുരം: കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഫയര്‍ഫോഴ്‌സ് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാനാവശ്യമായ നടപടികള്‍ ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ഫയര്‍ ഫോഴ്‌സ് മേധാവി എന്നിവര്‍ ഉടന്‍ സ്വീകരിക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം പി. മോഹനദാസ് ആവശ്യപ്പെട്ടു. നടപടികള്‍ സ്വീകരിച്ച ശേഷം മൂന്നാഴ്ചക്കകം ഇരുവരും റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. കൊവിഡ് അണു നശീകരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ക്ക് സുരക്ഷാ നടപടികള്‍ അനുവദിക്കുന്നില്ലെന്ന പരാതിയെ തുടര്‍ന്നാണ് നടപടി.
സംസ്ഥാനത്ത ഫയര്‍ഫോഴ്‌സ് ജീവനക്കാര്‍ മാര്‍ച്ച് 22 മുതല്‍ ബസ് സ്റ്റാന്റ്, കൊവിഡ് ബാധിതര്‍ എത്തിയിട്ടുള്ള ആശുപത്രികള്‍, ചന്തകള്‍, മാവേലി സ്റ്റോറുകള്‍,ഓഫീസുകള്‍ തുടങ്ങിയവ അണുവിമുക്തമാക്കുന്ന ജോലിയില്‍ ഏര്‍പ്പെട്ടു വരികയാണ്.
ശുചീകരണം നടത്തേണ്ടത് എങ്ങനെയാണെന്നോ എന്തെല്ലാം മുന്‍കരുതല്‍ സ്വീകരിക്കണമെന്നോ ഉള്ള മാര്‍ഗനിര്‍ദ്ദേശം മേലധികാരികള്‍ നല്‍കുന്നില്ല. മാസ്‌കും ഗ്ലൗസും അനുവദിക്കാറില്ല. പലപ്പോഴും നാട്ടുകാരാണ് ഇവ നല്‍കുന്നത്.
ആരോഗ്യ വകുപ്പിന്റെ 'ദിശയില്‍' പരാതി അറിയിച്ചിട്ടും ഫലമുണ്ടായില്ല. രോഗം വരുമെന്ന ഭയത്തില്‍ ജീവനക്കാരില്‍ നല്ലൊരു ശതമാനവും മാനസിക സമ്മര്‍ദ്ദത്തിലാണ്. ശുചീകരണത്തിന്റെ ഫോട്ടോ എടുക്കാന്‍ കാണിക്കുന്ന താല്‍പര്യം പോലും ജീവനക്കാരുടെ സുരക്ഷയുടെ കാര്യത്തില്‍ മേലധികാരികള്‍ക്കില്ല.
കീഴ് ജീവനക്കാരുടെ പരാതി മേലുദ്യോഗസ്ഥര്‍ കേട്ടതായി ഭാവിക്കുന്നില്ല. ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങളോടെ ജോലി ചെയ്യാന്‍ തങ്ങള്‍ക്ക് യാതൊരു മടിയുമില്ല തുടങ്ങിയ കാര്യങ്ങള്‍ ജീവനക്കാര്‍ പരാതിയില്‍ പറഞ്ഞതായി കമ്മീഷന്‍ ഉത്തരവില്‍ ചൂണ്ടിക്കാണിച്ചു.
കേസ് ആലപ്പുഴയില്‍ നടക്കുന്ന സിറ്റിങില്‍ പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."