ഗൃഹാതുരത്വത്തിന്റെ നോമ്പുകാലം
കോഴിക്കോട്ടെ ചെറുപ്പകാലം നോമ്പിനെക്കുറിച്ചുള്ള കുറേ നല്ല ഓര്‍മകള്‍ സമ്മാനിച്ചിട്ടുണ്ട്. ചെറുപ്പത്തില്‍ ഏതു മുസ്‌ലിം വീടുകളിലും പോയി നോമ്പു തുറക്കാനുള്ള ഒരു സാഹചര്യം കോഴിക്കോട്ടുകാര്‍ക്കുണ്ടായിരുന്നു. അക്കാലത്ത് ഞങ്ങളുടെ നാട്ടിലെ വീടുകള്‍ തമ്മിലുണ്ടായിരുന്ന ഒരുമയുടെയും കൂട്ടായ്മയുടെയും ഉദാഹരണമാണത്. അന്ന് കോഴിക്കോട്ടെ ഒട്ടുമിക്ക ഹോട്ടലുകളിലും സൗജന്യമായി നോമ്പുതുറക്കാനുള്ള സൗകര്യവുമുണ്ടായിരുന്നു.
കാലം ഒരുപാട് കടന്നുപോയപ്പോള്‍ ആ പഴയ കൂട്ടായ്മയും സാഹോദര്യവും ചെറിയ തോതിലെങ്കിലും നമുക്ക് നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണ്. അതെല്ലാം വീണ്ടെടുക്കേണ്ടതിന്റെ ആവശ്യകത ഓരോ നോമ്പുകാലവും ഓര്‍മപ്പെടുത്തുന്നുണ്ട്. ചെറുപ്പത്തില്‍ ഞങ്ങള്‍ കുട്ടികള്‍ ചിലപ്പോള്‍ നോമ്പെടുത്തില്ലെങ്കിലും എടുത്തെന്ന് കളവ് പറഞ്ഞാണ് ഓരോ വീട്ടിലും നോമ്പു തുറയ്ക്ക് പോയിരുന്നത്.
വൈവിധ്യമാര്‍ന്ന നോമ്പ് തുറ വിഭവങ്ങള്‍ കഴിക്കാനുള്ള കൊതിയായിരുന്നു ഞങ്ങള്‍ക്ക്. ഇപ്പോഴും കോഴിക്കോടുള്ളപ്പോള്‍ ഔദ്യോഗിക ഇഫ്താര്‍ വിരുന്നുകള്‍ക്ക് പോകാറുണ്ട്. ഇന്നത്തെ നോമ്പുതുറകള്‍ പലപ്പോഴും ഔദ്യോഗികമായിപ്പോവുന്നു എന്ന് തോന്നാറുണ്ട്. മുന്‍കാലങ്ങളിലുണ്ടായിരുന്ന കുറച്ചു കൂടി സൗഹൃദപരമായ, അനൗപചാരികമായ നോമ്പുതുറകള്‍ കുറവാണിന്ന്. കോഴിക്കോടുള്ള പരീക്കുട്ടി ഹാജിയുടെ വാടകവീട്ടിലായിരുന്നു എന്റെ ജനനം. പണ്ട് മിക്കപ്പോഴും അദ്ദേഹത്തിന്റെ വീട്ടിലായിരുന്നു ഞാന്‍ നോമ്പുതുറക്കാന്‍ പോയിരുന്നത്.
അന്ന് ഓരോവീട്ടിലും കയറി നോമ്പു തുറക്കാമെന്ന് പറഞ്ഞപോലെ നേരെ കയറിച്ചെന്ന് നോമ്പുതുറക്കാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു അദ്ദേഹത്തിന്റെ വീട്ടില്‍. നോമ്പുതുറക്കുന്ന സമയത്ത് തരിക്കഞ്ഞിയും, കാരയ്ക്ക(ഈത്തപ്പഴം)യുമാണ് ഉണ്ടായിരിക്കുക. ഇവ കഴിച്ച് നോമ്പുതുറന്നതിന് ശേഷം പ്രാര്‍ഥനയ്ക്ക് ശേഷമാണ് മറ്റ് ഭക്ഷണങ്ങള്‍ കഴിക്കാന്‍ തുടങ്ങുക.
മുന്‍ ഡി.ജി.പി അലക്‌സാണ്ടര്‍ ജേക്കബ് സാറാണ് സര്‍വിസിലെത്തുന്നതിന് മുന്‍പ് എനിക്ക് നോമ്പിനെക്കുറിച്ചും അതിന്റെ ഗുണങ്ങളെക്കുറിച്ചും വ്രതാനുഷ്ഠാനത്തിന്റെ ശാസ്ത്രീയതയെക്കുറിച്ചുമൊക്കെ പറഞ്ഞു തന്നത്. സിവില്‍ സര്‍വിസ് പരിശീലനത്തിനായി അദ്ദേഹത്തെ സന്ദര്‍ശിക്കാറുണ്ടായിരുന്നു.
എല്ലാ മതങ്ങളിലും അവരുടെ വിശ്വാസത്തിന്റെ ഭാഗമായി വ്രതാനുഷ്ഠാനങ്ങള്‍ ഉണ്ടെങ്കിലും ഇസ്‌ലാം മതവിശ്വാസപ്രകാരം റമദാന്‍ മാസത്തില്‍ അനുഷ്ഠിക്കുന്ന നോമ്പാണ് ഏറ്റവും മഹത്തരമെന്ന് പറഞ്ഞ് തന്നത് അദ്ദേഹമാണ്. 12 മണിക്കൂറോളം ഭക്ഷണം ഉപേക്ഷിച്ച് ഉമിനീരു പോലുമിറക്കാതെയുള്ള വ്രതാനുഷ്ഠാനം.
പതിനൊന്നര മണിക്കൂറിലധികം ഭക്ഷണം കഴിക്കാതിരുന്നാല്‍ നമ്മുടെ ശരീരം ഒരു എന്‍സൈം സൃഷ്ടിക്കുമെന്നും അത് ശരീരത്തിന് പ്രതിരോധ ശക്തി നല്‍കുമെന്നുമൊക്കെ പറഞ്ഞ് തന്നത് അദ്ദേഹമാണ്. അതിന് ശേഷം റമദാന്‍ മാസത്തില്‍ എല്ലാ ദിവസമല്ലെങ്കിലും, പറ്റുന്ന ദിവസങ്ങളില്‍ നോമ്പെടുക്കാറുണ്ട്. ഇപ്പോഴും എങ്ങനെയും അഞ്ച് ദിവസങ്ങളിലധികം നോമ്പെടുക്കാറുണ്ട്. പലപ്പോഴും ഉമിനീരു പോലുമിറക്കാതെയിരിക്കാന്‍ സാധിക്കാറില്ലെന്നതാണ് സത്യം.
ചെറുപ്പത്തില്‍ കളവ് പറഞ്ഞ് നോമ്പു തുറക്കാനൊക്കെ പോയിരുന്നെങ്കിലും പിന്നീടാണ് അതിന്റെ ആത്മീയവശത്തെ അറിയാന്‍ ശ്രമിച്ചത്. നോമ്പിന്റെ ആത്മീയ വശമാണ് എടുത്ത് പറയേണ്ടത്. വിശപ്പിന്റെ വില അറിയുവാനും വിശക്കുന്നവനെ അറിയാനും ദൈവത്തെ അറിയാനുമുള്ള അവസരമാണത്.
വിശപ്പ് ആത്മീയതയെ വളര്‍ത്തുമെന്ന് ഗാന്ധിജി പറഞ്ഞിട്ടുണ്ട്. ആ നിലയ്ക്ക് വിശക്കുന്ന മനുഷ്യരെ അറിയാന്‍ മതത്തിന്റെ അതിരുകള്‍ മാറ്റിവച്ച് കഴിയുന്നത്ര ആള്‍ക്കാര്‍ നോമ്പ് അനുഷ്ഠിക്കണമെന്നാണ് എന്റെ അഭിപ്രായം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."