ജോയ്‌സ് ജോര്‍ജിനെയും എസ്. രാജേന്ദ്രനേയും മുഖ്യമന്ത്രി സംരക്ഷിക്കുന്നു: പി.ടി തോമസ് എം.എല്‍.എ
തൃശൂര്‍: മൂന്നാറില്‍ ഭൂമികൈയേറ്റം നടത്തിയ ഇടുക്കി എം.പി. ജോയ്‌സ് ജോര്‍ജിനെയും ദേവികുളം എം.എല്‍.എ. എസ്. രാജേന്ദ്രനേയും മുഖ്യമന്ത്രി സംരക്ഷിക്കുകയാണെന്ന് പി.ടി. തോമസ് എം.എല്‍.എ ആരോപിച്ചു. കൈയേറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കുമെന്നു പറയുന്ന മുഖ്യമന്ത്രി ആത്മാര്‍ഥതയുണ്ടെങ്കില്‍ എം.പിയുടെയും എം.എല്‍.എയുടെയും കൈയേറ്റം ഒഴിപ്പിക്കണമെന്ന് ഡി.സി.സി. ഓഫീസില്‍ നടത്തിയ പത്രസമ്മേളനത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടു. ഇവര്‍ കൈയേറ്റം നടത്തിയതിനെല്ലാം രേഖകളുണ്ട്. എം.പിക്കെതിരേ 2015ല്‍ ദേവികുളം പൊലിസ് സ്‌റ്റേഷനില്‍ എട്ട് എഫ്.ഐ.ആര്‍. ഉണ്ട്. ഹൈക്കോടതിയുടെ സിംഗിള്‍, ഡിവിഷന്‍ ബെഞ്ചുകളില്‍ കേസുമുണ്ട്. എം.എല്‍.എയുടേത് നഗ്‌നമായ കൈയേറ്റമാമെന്നു നിവേദിത പി. ഹരന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുള്ളതാണ്. എന്നാല്‍ ജനപ്രതിനിധികള്‍ കൈയേറ്റം നടത്തിയിട്ടില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. മധേക്കര്‍, സുനില്‍കുമാര്‍ റിപ്പോര്‍ട്ടുകളില്‍ പരാമര്‍ശിച്ചവരെ ഒഴിവാക്കിയതിനെ സംബന്ധിച്ച് മന്ത്രി എ.കെ. ബാലന്‍ മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മന്ത്രി എം.എം മണി കൈയേറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് കൈക്കൊള്ളുന്നത്. വലിയൊരു ഭൂമാഫിയയാണ് കൈയേറ്റത്തിനു പിന്നിലെന്നും ഒരൊറ്റ തൊഴിലാളിയും ഭൂമി കൈയേറിയിട്ടില്ലെന്നും പി.ടി. തോമസ് പറഞ്ഞു. എന്നാല്‍ തൊഴിലാളികളെ മറയാക്കിയാണ് ഇവര്‍ സമരങ്ങള്‍ നടത്തുന്നത്. ഭൂമി കൈയേറ്റത്തിനെതിരെ സി.പി.എം. നേതാവ് വി.എസ്. അച്യുതാനന്ദന്‍ സ്വീകരിച്ചിട്ടുള്ള നിലപാടിനെ സ്വാഗതം ചെയ്യുന്നു. എന്നാല്‍ എം.പിയുടെയും എം.എല്‍.എയുടെയും സ്ഥലം സന്ദര്‍ശിക്കാത്തത് അദ്ദേഹത്തിന്റെ ആത്മാര്‍ഥതയില്‍ സംശയം ജനിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.
കൊട്ടകാമ്പൂര്‍ വില്ലേജില്‍ പട്ടികജാതിക്കാരുടെ 32 ഏക്കര്‍ തട്ടിയെടുത്തെന്നാണ് എം.പി.ക്കെതിരെയുള്ള പരാതി. എന്നാല്‍ ഹൈക്കോടതിയിലെ കേസില്‍ എം.പി.ക്ക് അനുകൂലമായ നിലപാടാണ് എ.ജിയെടുത്തത്. എം.പിക്ക് പട്ടയം കിട്ടിയെതെന്നു പറയുന്ന സ്ഥലം പതിച്ചുകൊടുക്കാവുന്നതല്ല. അങ്ങനെ നിര്‍ണയിച്ചിട്ടുമില്ല. എം.പി. കൈയേറിയതാകട്ടെ കുറിഞ്ഞി സംരക്ഷിതപ്രദേശവുമാണ്. ലാന്‍ഡ് അസൈന്‍മെന്റ് കമ്മിറ്റി കൂടിയിട്ടില്ല. പിന്നെ എങ്ങനെയാണ് രാജേന്ദ്രന് സ്ഥലം ലഭിക്കുകയെന്ന് പി.ടി. തോമസ് ചോദിച്ചു. അങ്ങനെയാണെങ്കില്‍ ലാന്‍ഡ് അസൈന്‍മെന്റ് കമ്മിറ്റി കൂടാതെ ഭൂമിയ നല്‍കിയത് അന്വേഷണിക്കണം. 1974 മുതല്‍ തുടങ്ങി 1989ല്‍ അവസാനിച്ച റീ സര്‍വേയില്‍ കൊട്ടകാമ്പൂര്‍ വില്ലേജില്‍ ആരുടെ പേരിലും ഭൂമിയില്ല. അവിടം തരിശുഭൂമിയെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. പിന്നെ എങ്ങനെ ഭൂമി പതിച്ചുനല്‍കി. കോടിക്കണക്കിനു രൂപയുടെ തടിയും നഷ്ടമായി. കൈയറ്റേം നടത്തിയവര്‍ക്കെതിരേ മുഖ്യമന്ത്രി ശക്തമായ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡി.സി.സി. പ്രസിഡന്റ് ടി.എന്‍. പ്രതാപന്‍, അനില്‍ അക്കര എം.എല്‍.എ. എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."