സഊദിയില്‍ സൈനികത്താവളത്തിനുനേരെ ആക്രമണം ഒരു പൊലിസുദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു
ജിദ്ദ: സഊദിയിലെ പ്രധാന സൈനിക താവളത്തിനുനേരെ തോക്കുധാരികളായ രണ്ടുപേര്‍ നടത്തിയ ആക്രമണത്തില്‍ ഒരു പൊലിസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. നിരവധി സൈനികര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. സഊദിയിലെ പടിഞ്ഞാറന്‍ നഗരമായ താഇഫിലെ നാഷനല്‍ ഗാര്‍ഡ് ആസ്ഥാനത്താണ് സംഭവം.
മക്കയില്‍നിന്ന് 70 കിലോമീറ്റര്‍ മാത്രം അകലെയാണിത്. സൈനിക താവളത്തിന് പുറത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലിസ് ഉദ്യോഗസ്ഥനെ കുത്തിക്കൊന്ന ശേഷം അദ്ദേഹത്തിന്റെ വാഹനവുമായി കാംപിനകത്തേക്ക് പ്രവേശിച്ച രണ്ട് അക്രമികളാണ് സൈനികര്‍ക്കുനേരെ ആക്രമണം അഴിച്ചുവിട്ടത്.
ഡെപ്യൂട്ടി സര്‍ജന്റ് അബ്ദുല്ല മഷാരി അല്‍ ഖുറൈശിയാണ് അക്രമികളുടെ കുത്തേറ്റ് കൊല്ലപ്പെട്ടത്. കത്തികൊണ്ടുള്ള ആഴത്തിലുള്ള മുറിവേറ്റ ഇദ്ദേഹം ഉടന്‍തന്നെ മരണപ്പെടുകയായിരുന്നു. സൈനിക താവളത്തില്‍ പ്രവേശിച്ച ആക്രമികള്‍ നടത്തിയ വെടിവയ്പില്‍ നിരവധി സൈനികര്‍ക്ക് പരുക്കേറ്റതായാണ് റിപ്പോര്‍ട്ട്.
സബ്ഖ് ദിനപ്പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അക്രമികളിലൊരാളെ പരുക്കുകളോടെ പിടികൂടിയതായും മറ്റൊരാള്‍ രക്ഷപ്പെട്ടതായും സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പത്രം റിപ്പോര്‍ട്ട് ചെയ്തു. അക്രമികളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
സംഭവസ്ഥലത്ത് ആളുകള്‍ പരിഭ്രാന്തരായി ഓടുന്നതിന്റെ ദൃശ്യങ്ങള്‍ ആക്രമണ സമയത്ത് റെക്കോര്‍ഡ് ചെയ്ത വിഡിയോയില്‍ കാണാം.
ഇത് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുകയുണ്ടായി. ഏറെ നേരം നീണ്ടുനില്‍ക്കുന്ന വെടിയൊച്ചയും വിഡിയോയില്‍ കേള്‍ക്കാം. അതേസമയം ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."