ഔഷധ സസ്യ ബോര്‍ഡിന്റെ 'ഗ്രാമീണം' പദ്ധതിക്ക് മറ്റത്തൂരില്‍ തുടക്കം
കൊടകര: കര്‍ഷകര്‍ക്കായി ദീര്‍ഘവും ഹ്രസ്വവുമായ പദ്ധതികള്‍ ആവിഷ്‌കരിച്ചു വിജയകരമായി നടപ്പാക്കിയ മറ്റത്തൂരിലെ ലേബര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി മറ്റൊരു പദ്ധതി കൂടി നടപ്പാക്കാന്‍ തയ്യാറെടുക്കുന്നു. സംസ്ഥാന ഔഷധ സസ്യ ബോര്‍ഡിന്റെ 'ഗ്രാമീണം' പദ്ധതി സുസ്ഥിര പുതുക്കാട് വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി മറ്റത്തൂര്‍ പഞ്ചായത്തിന്റെ സഹകരണത്തോടെ പഞ്ചായത്ത് പരിധിയില്‍ നടപ്പാക്കാന്‍ ഒരുങ്ങുകയാണ് സൊസൈറ്റി. തിരുവാതിര ഞാറ്റുവേലയില്‍ പഞ്ചായത്തിലെ 10 വാര്‍ഡുകളില്‍ ഒന്നാം ഘട്ടവും, ശേഷിച്ച വാര്‍ഡുകളില്‍ രണ്ടാം ഘട്ടവുമാണ് പദ്ധതി നടപ്പാക്കാന്‍ സൊസൈറ്റി ലക്ഷ്യമിട്ടിട്ടുള്ളത്.
2016 ഡിസംബറിന് മുന്‍പ് മറ്റത്തൂര്‍ പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലും പദ്ധതി ആരംഭിക്കും. നേരത്തെ സൊസൈറ്റി നടപ്പിലാക്കിയ 'കദളീവനം' പദ്ധതി ഇപ്പോഴും വിജയകരമായി നടന്നു വരികയാണ്. ദിനംപ്രതി 4000 കദളിവാഴകുലകളാണ് ഈ പദ്ധതി അനുസരിച്ചു പുതുക്കാട് മണ്ഡലത്തില്‍ ഉല്‍പ്പാദിപ്പിച്ച് ഗുരുവായൂര്‍ ക്ഷേത്രത്തിലെ ആവശ്യത്തിനായി സൊസൈറ്റി വിതരണം ചെയ്യുന്നത്. പുതിയ പദ്ധതി പ്രകാരം അശോകം, നെല്ലി, ആര്യവേപ്പ്, രക്തചന്ദനം, ചന്ദനം, കുമിഴ് തുടങ്ങിയ ഔഷധ സസ്യങ്ങള്‍ മറ്റത്തുര്‍ പഞ്ചായത്ത് പരിധിയില്‍ തിരികെ വാങ്ങാമെന്ന വ്യവസ്ഥയില്‍ കൃഷി ചെയ്യും. ഓരോ വാര്‍ഡിലും 1000 മുതല്‍ 2000 തൈകളാണ് വച്ചു പിടിപ്പിക്കുന്നത്. പൊതു സ്ഥലങ്ങള്‍ ഉള്‍പ്പെടെ പഞ്ചായത്തിലെ എല്ലാ വാര്‍ഡിലും, എല്ലാ വീട്ടിലും തൈകള്‍ വച്ചു പിടിപ്പിക്കും.
ഓരോ വീട്ടിലും ചുരുങ്ങിയത് 2 തൈകള്‍ വീതമാണ് നട്ടുപിടിപ്പിക്കുന്നത്. വിവിധ കോളജുകളില്‍ നിന്നുള്ള 5 വീതം എന്‍.എസ്.എസ് വളണ്ടീയര്‍മാര്‍ ഉള്‍പ്പെടെ 10 മുതല്‍ 20 പേര്‍ വരെ അടങ്ങുന്ന 10 ഗ്രൂപ്പുകള്‍ തൈകള്‍ നടുന്ന പ്രക്രിയയില്‍ ഏര്‍പ്പെടും. എന്‍.എസ്.എസ് വളണ്ടീയര്‍മാര്‍, പൊതുപ്രവര്‍ത്തകര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ തുടങ്ങി 100 മുതല്‍ 200 പേര്‍ വരെ അടങ്ങുന്ന കൂട്ടായ്മയാണ് ഈ ഉദ്യമം നടപ്പാക്കുന്നത്. വേനല്‍ക്കാലത്ത് ജല ലഭ്യത കുറഞ്ഞ സ്ഥലങ്ങളില്‍ 'തിരികെ വാങ്ങാം' എന്ന വ്യവസ്ഥയില്‍ തന്നെ ഹ്രസ്വ കാല ഔഷധ സസ്യങ്ങളും കൃഷി ചെയ്യും.
അതിനായി ബോധവല്‍ക്കരണവും നടത്തും. പദ്ധതി നടപ്പിലാക്കുന്നതിന് ഓരോ വാര്‍ഡ് അംഗത്തിനും സെസൈറ്റി 5000 രൂപ വീതം നല്‍കും. നടത്തിപ്പിനായി പഞ്ചായത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി നല്‍കലാണ് പഞ്ചായത്തിന്റെ കടമ. തൈകള്‍, സംഘാടകര്‍ക്ക് വേണ്ട ഭക്ഷണം, തുടങ്ങിയ കാര്യങ്ങള്‍ ലേബര്‍ സൊസൈറ്റി ചെയ്യും.
പദ്ധതിയുടെ നടത്തിപ്പിന് കെ.എഫ്.ആര്‍.ഐ, ഔഷധി, കോട്ടക്കല്‍ ആര്യ വൈദ്യശാല, വൈദ്യരത്‌നം, സീതാറാം ആയുര്‍വേദിക്‌സ് എന്നീ സ്ഥാപനങ്ങളും വിവിധ കോളജുകള്‍, സ്‌കൂളുകള്‍ എന്നിവിടങ്ങളിലെ എന്‍.എസ്.എസ് യൂനിറ്റുകള്‍ സഹകരിക്കും. ഏകദേശം 60000 ത്തോളം ഔഷധ സസ്യങ്ങള്‍ പദ്ധതി പ്രകാരം മറ്റത്തൂര്‍ പഞ്ചായത്തില്‍ വച്ചു പിടിപ്പിക്കും. ആഗോളതാപനത്തെ പ്രതിരോധിക്കാനും, അന്തരീക്ഷത്തില്‍ ശുദ്ധവായു ലഭ്യത കൂട്ടാനും പദ്ധതി സഹായകരമാവും. കൂടാതെ ഔഷധ സസ്യങ്ങള്‍ ആരോഗ്യത്തിനും ആദായത്തിനും എന്ന 'ഗ്രാമീണം' പദ്ധതിയുടെ ആശയം പ്രായോഗികമാക്കാനും ഈ പദ്ധതി ഉതകും. പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം ഇന്ന് രാവിലെ 9 ന് കടമ്പോട് എ.എല്‍.പി.എസില്‍ നടക്കുന്ന ചടങ്ങില്‍ ജില്ലാ കലക്ടര്‍ വി.രതീശന്‍ നിര്‍വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."