ഗതാഗത വകുപ്പിനെ ജനസൗഹൃദമാക്കും: മന്ത്രി എ.കെ. ശശീന്ദ്രന്‍
തിരുവനന്തപുരം: ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു നടപടിക്കും സര്‍ക്കാര്‍ കൂട്ടുനില്‍ക്കില്ലെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍. മഞ്ഞ ഓട്ടോറിക്ഷകള്‍ക്കുള്ള സിറ്റി പെര്‍മിറ്റുകളുടെ വിതരണോദ്ഘാടനം കനകക്കുന്നില്‍ നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
ഹെല്‍മെറ്റ് ഇല്ലാതെ പമ്പുകളില്‍ നിന്ന് പെട്രോള്‍ നല്‍കരുതെന്ന ട്രാന്‍സപോര്‍ട്ട് കമ്മീഷ്ണറുടെ നിര്‍ദ്ദേശം പരിശോധിച്ച ശേഷം നടപടി സ്വീകരിക്കും. ഏത് സാഹചര്യത്തിലാണ് ഇത്തരമൊരു നിര്‍ദ്ദേശം നല്‍കിയതെന്നതിനെപ്പറ്റി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷ്ണറോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. ഓഗസ്റ്റിനിടയ്ക്ക് തീരുമാനം എടുക്കും. ജനങ്ങള്‍ക്ക് പ്രശ്‌നം ഉണ്ടാകുന്ന തരത്തിലുള്ള നടപടികള്‍ എടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീ ഓട്ടോകള്‍ക്കും പെര്‍മിറ്റ് സംവിധാനം ഏര്‍പ്പെടുത്തുന്ന കാര്യം പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ അദ്ദഹം ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷ്ണറെ ചുമതലപ്പെടുത്തി. വനിതകള്‍ക്ക് പത്ത് ശതമാനം സംവരണം ഏര്‍പ്പെടുത്തണം. കോഴിക്കോട് നഗരത്തിലും സിറ്റി ഓട്ടോകള്‍ക്ക് പെര്‍മിറ്റ് സംവിധാനം ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നുണ്ട്. സി.എന്‍.ജി എളുപ്പമാക്കാനുള്ള നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നഗരത്തിലെ മുപ്പതിനായിരം ഓട്ടോകള്‍ക്കാണ് പെര്‍മിറ്റ് അനുവദിച്ചിരിക്കുന്നത്. സിറ്റി പെര്‍മിറ്റ് ഓട്ടോകള്‍ പ്രത്യേക നിറത്തിലുള്ളവയായതിനാല്‍ നഗരത്തിനു പുറത്തു നിന്നുള്ള ഓട്ടോകളെ വേഗത്തില്‍ തിരിച്ചറിയാന്‍ സാധിക്കും.
കെ.മുരളീധരന്‍ എം.എല്‍.എ അദ്ധ്യക്ഷനായ ചടങ്ങില്‍ ജില്ലാ കളക്ടര്‍ ബിജു പ്രഭാകര്‍ സ്വാഗതം പറഞ്ഞു. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷ്ണര്‍ ടോമിന്‍ ജെ.തച്ചങ്കരി ഐ.പി.എസ്, പാളയം രാജന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
അപേക്ഷിച്ച 9089 പേരില്‍ 1000 പേര്‍ക്കാണ് ആദ്യഘട്ടത്തില്‍ പെര്‍മിറ്റ് വിതരണം ചെയ്തത്. ഈ ഓട്ടോകളാണ് മഞ്ഞപെയിന്റടിച്ച് പെര്‍മിറ്റ് നമ്പര്‍ പതിപ്പിച്ച് സവാരി നടത്തുന്നത്. ഓരോ ആഴ്ചകളിലും ആയിരം ഓട്ടോകള്‍ക്ക് വീതം പെര്‍മിറ്റ് നല്‍കി മൂന്നോ നാലോ ആഴ്ചകളിലായി ലഭിച്ച മുഴുവന്‍ അപേക്ഷര്‍ക്കും പെര്‍മിറ്റ് നല്‍കാനാണ് തീരുമാനം. സ്റ്റാന്റുകള്‍ ക്രമീകരിച്ച ശേഷമാണ് തുടര്‍ന്ന് അപേക്ഷകള്‍ സ്വീകരിക്കുക. 30,000 ഓട്ടോകള്‍ക്ക് സിറ്റി പെര്‍മിറ്റ് നല്‍കാനാണ് പദ്ധതിയിട്ടിരിക്കുന്നത്.
2015 വരെയുള്ള അപേക്ഷകരില്‍ വണ്ടിയുടെ ഫിറ്റ്‌നെസ്സ് സര്‍ട്ടിഫിക്കറ്റിലും മറ്റ് രേഖകളിലും പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്ക് അത് പരിഹരിച്ച് അപേക്ഷ നല്‍കാന്‍ വീണ്ടും അവസരം നല്‍കും. 2015ന് ശേഷമുള്ള ഓട്ടോകള്‍ക്ക് പെര്‍മിറ്റ് നല്‍കുന്നതിനും നടപടി സ്വീകരിക്കും. ഈ മാസം പകുതിയോടെ നടക്കുന്ന ആര്‍ടിഐ യോഗത്തില്‍ ഇത് സംബന്ധിച്ച് തീരുമാനമുണ്ടാകും.
പെര്‍മിറ്റ് നല്‍കി, സ്റ്റാന്റ് ക്രമീകരിക്കുന്നതോടെ ഓട്ടോക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് ഒരു പരിധിവരെ പരിഹാരമാകും. പെര്‍മിറ്റ് വിതരണത്തിനുശേഷം വരുന്ന ആഴ്ചകളില്‍ തന്നെ സ്റ്റാന്‍ഡ് ക്രമീകരിക്കാന്‍ ആര്‍ ടി ഉദ്യോഗസ്ഥരും നഗരസഭയും ചേര്‍ന്ന് നടപടികള്‍ ആരംഭിക്കും. സ്റ്റാന്‍ഡ് ക്രമീകരിച്ചുകഴിഞ്ഞാല്‍ ഒരു സ്റ്റാന്റില്‍ അനുവദിച്ചിട്ടുള്ള ഓട്ടോകള്‍ മറ്റൊരു സ്റ്റാന്റില്‍ കിടന്ന് ഓടാന്‍ അനുവദിക്കില്ല. പെര്‍മിറ്റ് വിതരണം പൂര്‍ത്തിയായ ശേഷം മാത്രമേ പെര്‍മിറ്റ് സംബന്ധിച്ച നിര്‍ദേശങ്ങള്‍ പാലിക്കാത്ത ഓട്ടോകള്‍ക്കെതിരെയുള്ള നടപടികള്‍ ആരംഭിക്കുകയുള്ളൂ. ആദ്യഘട്ടം ബോധവല്‍കരമാണ് നടക്കുക. ഇതിനുശേഷവും നിര്‍ദേശങ്ങള്‍ തെറ്റിക്കുന്നവര്‍ക്കെതിരെ നടപടിയുണ്ടാകും.
പെര്‍മിറ്റ് ലഭിക്കുന്ന ഓട്ടോകളില്‍ മഞ്ഞനിറമടിക്കേണ്ടതിന്റേയും പെര്‍മിറ്റ് നമ്പര്‍ പ്രദര്‍ശിപ്പിക്കേണ്ടതിന്റേയും വിധം അധികൃതര്‍ വിശദമാക്കുന്നുണ്ട്. ഓട്ടോറിക്ഷയുടെ മുന്‍വശത്ത് മാത്രം മഞ്ഞനിറവും പത്ത് സെ. മി വീതിയില്‍ കറുത്ത ബോര്‍ഡറുമാണ് വേണ്ടത്. മുന്നില്‍ മധ്യഭാഗത്തായി 15 സെ. മി വ്യാസമുള്ള വൃത്തത്തില്‍ മുകളില്‍ വെള്ളയും താഴത്തെ പകുതിയില്‍ ഇളം നീല നിറവും കൊടുക്കണം. മുകളിലെ വെള്ളയില്‍ ടി സി എന്നും താഴെ പെര്‍മിറ്റ് നമ്പറും എഴുതണം. വാഹനത്തിന്റെ ഇരുവശങ്ങളിലും പിന്‍ഭാഗത്തും നമ്പര്‍ രേഖപ്പെടുത്തിയിരിക്കണം. സ്റ്റാന്‍ഡ് ക്രമീകരണത്തിന് ശേഷം ടി സി നമ്പറും രേഖപ്പെടുത്തണം. ഇതില്‍ നിന്നും ഏത് സ്റ്റാന്‍ഡില്‍ ഓടുന്ന ഓട്ടോയാണെന്ന് തിരിച്ചറിയാന്‍ സാധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."