കോണ്‍ഗ്രസ് നേതൃത്വത്തിനെതിരേ കടുത്ത വിമര്‍ശനവുമായി വീക്ഷണം
തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലെ തോല്‍വിയെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ തര്‍ക്കം മുറുകുമ്പോള്‍ നേതൃത്വത്തിനെതിരേ ആഞ്ഞടിച്ച് പാര്‍ട്ടി മുഖപത്രം.
കേരള ഭരണത്തിന്റെ കെടുതികള്‍ സകല മാധ്യമങ്ങളിലും ആളിക്കത്തിയിട്ടും അതു വോട്ടാക്കി മാറ്റാന്‍ കോണ്‍ഗ്രസിനു സാധിച്ചില്ലെന്ന് വീക്ഷണം ഇന്നലെ 'വേണം കോണ്‍ഗ്രസിനു രണോന്മുഖ നേതൃത്വം' എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച മുഖപ്രസംഗം ആരോപിക്കുന്നു.
നാട്ടിലെ ക്രമസമാധാനനില തകര്‍ന്നിട്ടും യാതൊരു കൂസലുമില്ലാതെയാണ് പിണറായി ഊരുചുറ്റുന്നത്. മറ്റുസംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങളില്‍നിന്ന് വ്യത്യസ്തമായി ബി.ജെ.പിയോടും സി.പി.എമ്മിനോടും ദ്വിമുഖ പോരാട്ടമാണ് കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് നടത്താനുള്ളത്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തുടര്‍ഭരണത്തിനുള്ള സാധ്യത കളഞ്ഞുകുളിച്ച യു.ഡി.എഫ് വീഴ്ചകളില്‍നിന്ന് പാഠം പഠിക്കുന്നില്ല.
കെ.പി.സി.സിയുടെയും ഡി.സി.സിയുടെയും പുനഃസംഘടനയില്‍ മാത്രമാണ് നേതാക്കള്‍ക്കു താല്‍പര്യം.
പാര്‍ട്ടിയുടെ സ്‌പൈനല്‍ കോഡായ മണ്ഡലം കമ്മിറ്റികളും നാഡീവ്യൂഹങ്ങളായ ബൂത്ത് കമ്മിറ്റികളും ഉണര്‍വും ഉയിരും ഉശിരുമില്ലാത്ത ജഡാവസ്ഥയിലാണ്. പാര്‍ട്ടിയില്‍ ഗ്രൂപ്പ് വേണ്ടെന്നു പറയുന്നത് കൈയടി നേടാനുള്ള വികലമായ അഭിപ്രായമാണ്. ഗ്രൂപ്പിസം കൊണ്ടല്ല കോണ്‍ഗ്രസ് തോല്‍ക്കുന്നതും ക്ഷീണിക്കുന്നതും. ഗ്രൂപ്പിന്റെ പേരില്‍ അണ്ടനും മൊശകോടനും നേതൃസ്ഥാനത്ത് എത്തുന്നതുകൊണ്ടാണ്. നേതാക്കളെത്തുമ്പോള്‍ വെണ്മയും ഇസ്തിരിവടിവും മായാത്ത വസ്ത്രമണിഞ്ഞ് മുഖം കാണിച്ചും ചെവി തിന്നും പെട്ടി പേറിയും നടക്കുന്നവര്‍ പാര്‍ട്ടിയിലെ പതിരും കളകളുമാണ്.
ചിന്തയിലും പ്രവര്‍ത്തനത്തിലും വന്ധ്യതയും ആന്ധ്യവും ബാധിച്ച ജൈവശേഷിയില്ലാത്ത പ്രസ്ഥാനമായി കേരളത്തിലെ കോണ്‍ഗ്രസ് മാറരുത്. വിശ്വാസികളുടെയും അവിശ്വാസികളുടെയും താല്‍പര്യം സംരക്ഷിക്കുന്ന കോണ്‍ഗ്രസ് മര്‍ക്കസുകളിലും മഠങ്ങളിലും അരമനകളിലും കയറിയിറങ്ങുന്നത് അവസാനിപ്പിക്കണമെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."