തൊണ്ടയാട് ബൈപ്പാസില്‍ മൂന്നുവരിയില്‍ മേല്‍പാലമൊരുങ്ങുന്നു
കോഴിക്കോട്: ആറുവരി ദേശീയപാതയുടെ ഭാഗമായി തൊണ്ടയാട് ബൈപ്പാസില്‍ ഒരുങ്ങുന്ന മേല്‍പാലത്തിന്റെ പണി പുരോഗമിക്കുന്നു. നാനൂറ് മീറ്റര്‍ നീളത്തിലാണ് പാലംപണി പൂര്‍ത്തിയാകുന്നത്. ആറുവരി പാതയുടെ ഭാഗമായി ഇവിടെ മൂന്നുവരി പാലമാണ് നിര്‍മിക്കുന്നത്. പാലത്തിന്റെ നിര്‍മാണം ഓഗസ്റ്റ്-സെപ്റ്റംബര്‍ മാസങ്ങളിലായി പൂര്‍ത്തിയാകും. നിലവില്‍ പാലത്തിന്റെ തൂണുകളുടെ നിര്‍മാണം പൂര്‍ത്തിയായി വരുന്നുണ്ട്. അടിഭാഗങ്ങളില്‍ പുല്ലുകളും പൂച്ചെടികളും വച്ചുപിടിപ്പിച്ച് മനോഹരമാക്കും. ഒപ്പം ഇവിടെ വാഹന പാര്‍ക്കിങിനും സൗകര്യം ഒരുക്കും. നഗര കവാടത്തിന്റെ മുഖച്ഛായ മാറ്റുന്ന രീതിയിലായിരിക്കും മേല്‍പ്പാലത്തിന്റെ നിര്‍മാണം. മേല്‍പാലത്തിന്റെ നിര്‍മാണം നടക്കുന്നതിനാല്‍ ചെറിയ തോതിലുള്ള ഗതാഗത കുരുക്ക് തൊണ്ടയാട് ബൈപ്പാസില്‍ ഇപ്പോള്‍ പതിവാണ്. സിഗ്‌നല്‍ ലൈറ്റുകളുടെ സമീപമുള്ള ചെറുപാത പാലനിര്‍മാണത്തിനായി അടച്ചതിനാലാണ് ഗതാകതകുരുക്ക് അനുഭവപ്പെടുന്നത്. വശങ്ങളിലുള്ള ചെറുപാതയ്ക്ക് പകരം പ്രധാന പാതയാണ് ഉപയോഗിക്കുന്നത്. അതിനാല്‍ തന്നെ സിഗ്‌നലില്‍ ഉള്ള വാഹനങ്ങള്‍ക്ക് ഇടതുവശം ചേര്‍ന്ന് പോകാന്‍ കഴിയില്ല. 143 കോടി രൂപയാണ് പാലത്തിന്റെ നിര്‍മാണത്തിനായി നീക്കിയത്. ആറുവരി പാതയുടെ മൂന്നുവരി പാത പാലത്തിന്റെ അടിഭാഗങ്ങളിലൂടെയാണ് കടന്നുപോവുക. മൂന്നുവരി പാതയുടെ ടെന്‍ഡര്‍ 17ന് വിളിക്കുമെന്ന് പൊതു മരാമത്ത് വകുപ്പ് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ വിനയരാജ് പറഞ്ഞു. തൊഴിലാളികളുടെയും നിര്‍മാണ സാമഗ്രികളുടെയും ക്ഷാമം മേല്‍പാലത്തിന്റെ നിര്‍മാണത്തെ മന്ദഗതിയിലാക്കുന്നുണ്ട്. അതിനിടെ രാഷ്ട്രീയ പ്രശ്‌നങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്.
അതേസമയം കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള ആറുവരി പാതയുടെ കോഴിക്കോട് ജില്ലയിലെ സ്ഥലമെടുപ്പ് പുരോഗമിക്കുന്നുണ്ട്. സ്ഥലമെടുപ്പിനെ തടസപെടുത്തുന്ന നീക്കങ്ങളും ഉണ്ടാകുന്നുണ്ട്. ബൈപ്പാസ് പ്രദേശങ്ങളിലെ സ്ഥലമെടുപ്പ് നടക്കുമെങ്കിലും കൊയിലാണ്ടി ഭാഗങ്ങളില്‍ സ്ഥലമെടുപ്പ് പ്രതിസന്ധിയിലാകാനാണ് സാധ്യത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."