ലോക്ക് ഡൗണിനുള്ളിലെ ലോക്ക് ഡൗണില്‍ കശ്മിര്‍
രാജ്യമെമ്പാടും കൊറോണ പടര്‍ന്ന് പിടിച്ച കാലത്ത് 32 മലേഷ്യന്‍ ടൂറിസ്റ്റുകള്‍ കശ്മിരില്‍ വന്നിറങ്ങിയത് പരിശോധനയൊന്നുമില്ലാതെയാണ്. അവര്‍ക്ക് ശ്രീനഗറിലും ഗുല്‍മാര്‍ഗിലും ചുറ്റിനടക്കുന്നതില്‍ യാതൊരു തടസ്സവുമുണ്ടായില്ല. അതോടൊപ്പം തന്നെ മാര്‍ച്ച് 17ന് അഞ്ചംഗ ഇസ്‌റാഈല്‍ ടൂറിസ്റ്റ് സംഘത്തിന് കശ്മിരിലെത്താനും യാത്ര നടത്താനും തടസ്സമൊന്നുമുണ്ടായില്ല. പിന്നാലെ ഫ്രാന്‍സില്‍ നിന്ന് നാലംഗ സംഘവും 19 അംഗ സംഘം ഇന്തോനേഷ്യയില്‍ നിന്നും ദമ്പതികള്‍ സിംഗപ്പൂരില്‍ നിന്നും വിയറ്റ്‌നാമില്‍ നിന്ന് ഒരാളുമെത്തി. കശ്മിരിനുപുറമെ ഡല്‍ഹിയിലും കറങ്ങിയ ശേഷമാണ് വിദേശികള്‍ പോയത്. കശ്മിരില്‍ കൊവിഡ് പരത്തിയ ഘടകങ്ങളിലൊന്ന് വിദേശികളുടെ ഈ വരവാണ്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മുതല്‍ കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഇന്റര്‍നെറ്റ് നിയന്ത്രണങ്ങളാണ് കശ്മിരിലെ കൊവിഡ് ബാധ വര്‍ധിക്കാനുണ്ടായ കാരണങ്ങളിലൊന്ന്. കൊവിഡ് പടരുന്ന സാഹചര്യത്തില്‍ ജനം വീട്ടിലിരിക്കണമെന്നും ഇടപഴകല്‍ ഒഴിവാക്കണമെന്നും സര്‍ക്കാര്‍ വക്താവും പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ രോഹിത് കന്‍സല്‍ ട്വിറ്ററില്‍ ആവശ്യപ്പെട്ടത് ഇപ്പോഴും ട്വിറ്റര്‍ ലഭ്യമാകാന്‍ പ്രയാസപ്പെടുന്ന കശ്മിരിലാണ്.
എക്കാലത്തുമെന്നപോലെ മഹാമാരിയുടെ കാലത്തും അവഗണനയില്‍ തന്നെയാണ് കശ്മിര്‍. 4ജി ഇന്റര്‍നെറ്റ് ഇതുവരെ പുന:സ്ഥാപിച്ചിട്ടില്ല. പകരം 2ജിയാണുള്ളത്. കൊറോണക്കാലത്തെങ്കിലും വിവരങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ 4ജി ഇന്റര്‍നെറ്റ് പുന:സ്ഥാപിക്കണമെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ അഭ്യര്‍ഥിച്ചെങ്കിലും കേന്ദ്രസര്‍ക്കാര്‍ അത് പരിഗണിക്കുക പോലും ചെയ്തില്ല. വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ കശ്മിരില്‍ സംവിധാനമൊന്നുമില്ല. ഡോക്ടര്‍മാര്‍ക്ക് രോഗകാര്യങ്ങള്‍ സംബന്ധിച്ച് അന്താരാഷ്ട്രതലത്തില്‍ ആശയവിനിമയത്തിന് സാധിക്കുന്നില്ല. പുതിയ ചികിത്സാ രീതികള്‍ സംബന്ധിച്ച് ഡോക്ടര്‍മാര്‍ക്ക് ഇന്റര്‍നെറ്റിലൂടെ ലഭിക്കേണ്ട വിവരങ്ങള്‍ ലഭ്യമല്ല. ലോകം കൊവിഡിന്റെ പിടിയലമര്‍ന്നതിന് ശേഷമാണ് സാധാരണ കശ്മിരികള്‍ കൊവിഡിനെക്കുറിച്ച് കേള്‍ക്കുന്നത് തന്നെ.
എട്ടുമാസമായി ലോക്ക് ഡൗണില്‍ക്കിടന്ന കശ്മിരിന് കൊറോണ പോലുള്ളൊരു പകര്‍ച്ച വ്യാധിയെ നേരിടാന്‍ ഒട്ടും ശേഷിയില്ല. ഇന്ന് ഇന്ത്യയില്‍ വൈദ്യസൗകര്യങ്ങള്‍ ഏറ്റവും കുറഞ്ഞതും അതിവേഗത്തില്‍ കൊവിഡ് പടരുന്നതുമായ സംസ്ഥാനങ്ങളിലൊന്നാണ് കശ്മിര്‍. വൈറസിന്റെ പ്രാദേശിക കൈമാറ്റം അതിവേഗത്തില്‍ നടക്കുന്നുണ്ടെന്ന് കശ്മിരില്‍ നിന്നുള്ള റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാണ്. അതിവേഗത്തിലാണ് കേസുകള്‍ 40ന് മുകളിലെത്തിയത്. ഈ കണക്ക് പോലും ശരിയല്ലെന്നാണ് ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്. സാഹചര്യം വച്ചു നോക്കിയാല്‍ രോഗികള്‍ ഒരുപാടുണ്ടാകും. ആരോഗ്യപരിരക്ഷാ സംവിധാനം ദുര്‍ബലമായതിനാല്‍ കണ്ടെത്താന്‍ വഴിയില്ല.
ജോലിക്കും മറ്റാവശ്യങ്ങള്‍ക്കും വിദേശത്ത് പോയ നിരവധി പേര്‍ രാജ്യത്തേക്ക് തിരിച്ചെത്തിയിട്ടും അവരെ നിരീക്ഷണത്തില്‍ വയ്ക്കാന്‍ സര്‍ക്കാര്‍ നടപടിയൊന്നും സ്വീകരിച്ചില്ല. 41 പേര്‍ ഒന്നിച്ച് സഊദി അറേബ്യയില്‍ നിന്ന് തിരിച്ചെത്തിയപ്പോള്‍ അവര്‍ ശ്രീനഗര്‍ വിമാനത്താവളത്തില്‍ നിന്ന് പുറത്ത് കടന്നത് യാതൊരു പരിശോധനയും കൂടാതെയാണ്. ജനുവരി മുതല്‍ ഇത്തരത്തില്‍ നിരവധി സംഘങ്ങള്‍ കശ്മിരിലെത്തിയിരുന്നു. കശ്മിരിലെ ആദ്യ കൊറോണ കേസ് റിപ്പോര്‍ട്ട് ചെയ്തത് സഊദിയില്‍ നിന്ന് തിരിച്ചെത്തിയ ശ്രീനഗറിലെ പ്രായമായ സ്ത്രീയിലാണ്. നിരവധിപേര്‍ അവരെ സന്ദര്‍ശിച്ചതാണ്. എന്നാല്‍ ഇവരെയൊന്നും കണ്ടെത്താനും നിരീക്ഷണത്തില്‍ വയ്ക്കാനും നടപടിയൊന്നുമില്ലായിരുന്നു. ചൈനയില്‍ നിന്നും ഇറാനില്‍ നിന്നും നിരവധി പേരെത്തി. അവര്‍ക്കും പരിശോധനയുണ്ടായിരുന്നില്ല. ഫലത്തില്‍ എത്രപേര്‍ക്ക് കൊറോണ ബാധിച്ചുവെന്നോ തുടര്‍ന്ന് ബാധിക്കാനിടയുണ്ടെന്നോ വ്യക്തമായ വിവരമൊന്നും സര്‍ക്കാറിന്റെ കയ്യിലില്ല.
ജനുവരി മുതല്‍ തന്നെ കൊറോണ വൈറസ് പ്രതിസന്ധി വിദേശരാജ്യങ്ങളില്‍ വ്യാപകമായതാണ്. നിരവധി വിദേശ ടൂറിസ്റ്റുകള്‍ എത്തുന്ന സംസ്ഥാനമായതിനാല്‍ അന്നു തന്നെ ആവശ്യത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താമായിരുന്നുവെന്നും വെന്റിലേറ്ററുകള്‍ ഓര്‍ഡര്‍ നല്‍കാമായിരുന്നുവെന്നും കശ്മിരിലെ ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഒന്നും ചെയ്യാതെ സംസ്ഥാനത്ത് രോഗം പടരുന്നത് നോക്കിനില്‍ക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്.
നടപടികള്‍ എടുത്തു തുടങ്ങിയപ്പോഴേക്കും വൈറസ് താഴ്‌വരയില്‍ വ്യാപിച്ചിരുന്നു. തെര്‍മല്‍ സ്‌കാനര്‍ പരിശോധന നടത്തി കടത്തി വിടുക മാത്രമായിരുന്നു പിന്നീട് ചെയ്തത്. ആളുകളെ നിരീക്ഷണത്തില്‍ വയ്ക്കുക, പൊതു ഇടങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്തുക തുടങ്ങിയ തുടക്കത്തില്‍ ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്തത് നിരവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് ശേഷമാണ്. രോഗം പോട്ടിപ്പുറപ്പെട്ടതോടെ ഡോക്ടര്‍മാര്‍ വലഞ്ഞു. കശ്മിര്‍ അടച്ചുപൂട്ടിയതിന്റെ പ്രതിസന്ധികള്‍ ഓരോന്നായി വരികയായിരുന്നു. ഡോക്ടര്‍മാര്‍ക്ക് ആവശ്യമായ മാസ്‌കുകള്‍ പോലും ലഭ്യമായിരുന്നില്ല. ആശുപത്രികളില്‍ സാനിറ്റൈസറുകളില്ലായിരുന്നു. ബോഡി സൂട്ടുകള്‍ ഒട്ടുമുണ്ടായിരുന്നില്ല. യാതൊരു സുരക്ഷയുമില്ലാതെ രോഗികളെ ചികിത്സിക്കാന്‍ ഡോക്ടര്‍മാരില്‍ പലരും തയാറായില്ല.
രോഗികള്‍ പെരുകിയതോടെ ശ്രീനഗറിലെ എസ്.എം.എച്ച്.എസ് ആശുപത്രിയിലെ ഔട്ട്‌പേഷ്യന്‍സ് വിഭാഗം അടക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കി. എന്നാല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അതിന് തയാറായില്ല. മാര്‍ച്ച് 20 വരെ 186 പേരുടെ സാംപിള്‍ മാത്രമാണ് ടെസ്റ്റ് ചെയ്തത്. 15 ലക്ഷം ജനങ്ങള്‍ ആശ്രയിക്കുന്ന അനന്തനാഗ് ആശുപത്രിയില്‍ കൊറോണാ വൈറസ് ബാധിതര്‍ക്ക് വേണ്ടി തയാറാക്കിയത് ആറു കിടക്കകള്‍ മാത്രമുള്ള സ്‌പെഷല്‍ വാര്‍ഡാണ്. ആശുപത്രിയില്‍ ആകെയുള്ളത് ആറു വെന്റിലേറ്ററുകള്‍.
കശ്മിരില്‍ ആകെയുള്ളത് 100ല്‍ താഴെ വെന്റിലേറ്ററുകള്‍ മാത്രമാണ്. അതില്‍ പകുതിയും പ്രവര്‍ത്തനക്ഷമമല്ല. ഒരു പ്രദേശത്ത് അഞ്ചിലധികം രോഗികള്‍ ഒരു ദിവസം വന്നാല്‍ പ്രധാന ആശുപത്രികളില്‍ പോലും ചികിത്സിക്കാന്‍ സൗകര്യമില്ല. സര്‍ക്കാര്‍ പറയുന്ന കണക്കല്ല യഥാര്‍ത്ഥ രോഗികളുടെ എണ്ണമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. 1903 മുതലുണ്ടായ പ്ലേഗാണ് കശ്മിരില്‍ ഇതിനു മുമ്പുണ്ടായ ഏറ്റവും വലിയ മഹാമാരി. 1449 പേരാണ് അക്കാലത്ത് കശ്മിരില്‍ മരിച്ചത്. ജമ്മുവില്‍ 329 മരണമുണ്ടായി. അക്കാലത്തുണ്ടായിരുന്നത് ഇതിനെക്കാള്‍ മികച്ച സംവിധാനമായിരുന്നുവെന്ന് കശ്മിരിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ചൂണ്ടിക്കാട്ടുന്നു. ആദ്യരോഗിയെ കണ്ടെത്തിയ ഉടന്‍ തന്നെ മാറ്റിപ്പാര്‍പ്പിച്ചു. മികച്ച സംവിധാനങ്ങളുള്ള കാലമല്ലാതിരുന്നിട്ട് പോലും കുടുതല്‍ പേര്‍ക്ക് രോഗബാധയുണ്ടാകാതെ തടയാനായി. എന്നാലിന്ന് 3,193 നഴ്‌സുമാരുണ്ടാകേണ്ട കശ്മിര്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ 1,290 പേര്‍ മാത്രമാണുള്ളതെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട് കണ്ടെത്തിയിട്ട് മാസങ്ങളായി. ഒഴിവ് നികത്താന്‍ ഒരു നടപടിയുമുണ്ടായില്ല.
ജനസംഖ്യയും ഡോക്ടറും രോഗിയും തമ്മിലുള്ള അനുപാതത്തില്‍ ഇന്ത്യയില്‍ ഏറ്റവും താഴെയാണ് കശ്മിര്‍. മറ്റിടങ്ങളില്‍ 2,000 പേര്‍ക്ക് ഒരു ഡോക്ടര്‍ ഉള്ളപ്പോള്‍ കശ്മിരില്‍ 3,866 പേര്‍ക്ക് ഒരു ഡോക്ടര്‍ മാത്രമാണുള്ളത്. 1000 പേര്‍ക്ക് ഒരു ഡോക്ടര്‍ വേണമെന്നാണ് ലോകാരോഗ്യസംഘടനയുടെ നിര്‍ദേശം. കശ്മിര്‍ ഇപ്പോള്‍ നേരിടുന്നത് ലോക്ക് ഡൗണിനുള്ളിലെ ലോക്ക് ഡൗണാണ്. ആദ്യ ലോക്ക് ഡൗണുണ്ടാക്കിയതിനെക്കാള്‍ വലിയ ദുരന്തമായിരിക്കും രണ്ടാം ലോക്ക് ഡൗണ്‍ കശ്മിരിലുണ്ടാക്കാന്‍ പോകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."