മാനവികതയുടെ നോമ്പ്
എന്റെ ഓര്‍മയില്‍ പെട്ടെന്ന് വരുന്ന നോമ്പ് അനുഭവം ഭോപ്പാലില്‍ വച്ചുള്ളതാണ്. 1961ല്‍ ഞാന്‍ അവിടെ ജോലി ചെയ്യുന്നകാലത്താണ്. ഭോപ്പാലിനെകുറിച്ച് എല്ലാവര്‍ക്കും അറിയാമല്ലോ. പഴയ രാജ്യമാണ്. പിന്നീട് മധ്യപ്രദേശിന്റെ തലസ്ഥാനമായി. അവിടെ മോത്തിമഹല്‍ എന്ന അതിമനോഹരമായ പേര്‍ഷ്യന്‍ രീതിയിലുള്ള കൊട്ടാരമായിരുന്നു ഞങ്ങളുടെ ഓഫിസ്. അവിടുള്ള എന്റെ സുഹൃത്തുക്കളില്‍ ഭൂരിഭാഗവും ഇസ് ലാം മത വിശ്വാസികളായിരുന്നു. അതില്‍ എന്റെ അടുത്ത സുഹൃത്ത് മഗ്പൂല്‍ മുഹമ്മദ് ഭോപ്പാല്‍ നവാബിന്റെ പാചക്കാരന്റെ മകനായിരുന്നു. നോമ്പ് കാലത്ത് മഗ്പൂല്‍ എന്നോട് പറഞ്ഞു നോമ്പ് വരികയാണ് നോമ്പ് കഴിയുമ്പോള്‍ വര്‍മ കൂടെ എന്റെ കൂടെ വരണം നമുക്ക് ഒരുമിച്ച് നോമ്പ് തുറക്കാമെന്ന്. പേര്‍ഷ്യന്‍ ഭക്ഷണരീതിയുടെ ഭോപ്പാല്‍ നവാബിന്റെ അടുക്കളയുടെ പശ്ചാത്തലത്തില്‍ അതിമനോഹരമായിരുന്നു ആ ദിനങ്ങള്‍. ഇന്നു നോമ്പ് എന്ന് പറയുമ്പോള്‍ മഗ്പൂലും ഭോപ്പാല്‍ കൊട്ടാരവും ഓര്‍മയില്‍ വരും.
പകല്‍ സമയത്ത് ഓഫിസില്‍ എന്റെയൊപ്പം മഗ്പൂല്‍ ഉണ്ടായിരിക്കും. വൈകിട്ട് ഓഫിസ് സമയം കഴിഞ്ഞ് ഞങ്ങള്‍ അവിടെയെത്തുമ്പോള്‍ പ്രാര്‍ഥനയുടെ ഭാഗമായി പേര്‍ഷ്യന്‍ പശ്ചാത്തലത്തിലുള്ള സംഗീതം ഉണ്ടാകുമായിരുന്നു. സന്ധ്യകഴിഞ്ഞുള്ള സമയത്തായിരുന്നു ഇത്. അവിടെവച്ച് മഗ്പൂല്‍ ആണ് എനിക്ക് നോമ്പിനെ കുറിച്ച് വിവരിക്കുന്നത്.
നോമ്പ് എന്നത് മനസിന്റെയും ശരീരത്തിന്റെയും ആരോഗ്യമാണെന്ന് ഞാന്‍ മനസിലാക്കിയത് അവിടെവച്ചാണ്. പലരും പല കാരണങ്ങള്‍ പറഞ്ഞ് ഇത് ചെയ്യാതിരിക്കാറുണ്ട്. എന്നാല്‍ അത് ഒട്ടുംതന്നെ ശരിയല്ല. മതത്തിന് അതീതമായി മനുഷ്യന്റെ മനസിനും ശരീരത്തിനും ആരോഗ്യം നല്‍കുന്നതാണ് നോമ്പ്. പ്രകൃതിക്ക് എങ്ങനെ വ്യത്യാസങ്ങള്‍ ഉണ്ടാകുന്നോ അതുപോലെതന്നെ മനുഷ്യ ശരീരത്തിനും വ്യത്യാസങ്ങളുണ്ടാകും. അത് ഒരു മതത്തിന്റെ സംഹിതയില്‍ ഉള്‍പ്പെടുത്തുമ്പോള്‍ ആളുകള്‍ അത് അനുസരിക്കും. അതാണ് ഞാന്‍ ഇതില്‍ കണ്ട മാനവികതയുടെ അംശം. മതത്തിന് അതീതമായി എല്ലാമനുഷ്യരും പിന്‍തുടരേണ്ടതാണ് നോമ്പ് എന്നാണ് എന്റെ പക്ഷം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."