ചെമ്പരിക്ക ഖാസി കേസ്: പ്രധാനമന്ത്രിക്ക് ഒരുലക്ഷം സന്ദേശം
കാസര്‍കോട്: സമസ്ത വൈസ് പ്രസിഡന്റും നിരവധി മഹല്ലുകളിലെ ഖാസിയുമായിരുന്ന ചെമ്പരിക്ക സി.എം അബ്ദുല്ല മൗലവിയുടെ കൊലപാതകം നടന്നിട്ട് ഏഴ് വര്‍ഷം പൂര്‍ത്തിയായിട്ടും അന്വേഷണം ശരിയായ നിലയില്‍ നടത്താത്തതില്‍ പ്രതിഷേധിച്ച് എസ്.കെ.എസ്.എസ്.എഫ് നേതൃത്വത്തില്‍ പ്രധാനമന്ത്രിക്ക് ഒരു ലക്ഷം സന്ദേശമയച്ചു. കത്തുകളായും ഇ മെയില്‍ സന്ദേശങ്ങളുമായാണ് ഇന്നലെ പ്രധാനമന്ത്രിക്ക് സന്ദേശമെത്തിച്ചത്.
ലോക്കല്‍ പൊലിസ് തയ്യാറാക്കിയ തിരക്കഥയെ മാത്രം ചുറ്റിപ്പറ്റി അന്വേഷിക്കുകയും പ്രതികളെ സംരക്ഷിക്കുകയും കൊലപാതകത്തെ ആത്മഹത്യയാക്കി ചിത്രീകരിച്ച് അന്വേഷണം അവസാനിപ്പിക്കുന്ന സമീപനമാണ് നിലവിലുള്ള സി.ബിഐ സ്വീകരിച്ചിരിക്കുന്നത്.
പ്രസ്തുത കേസ് മാത്രം അന്വേഷിക്കുന്നതിനായി ഒരു സ്‌പെഷല്‍ സി.ബി.ഐ സംഘത്തെ നിയമിച്ച് പുനരന്വേഷണം നടത്തി വൈകിക്കാതെ തന്നെ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ട് വരണമെന്ന് ആവശ്യപ്പെട്ട് എസ്.കെ.എസ്.എസ്.എഫ് പ്രഖ്യാപിച്ച സമരത്തിന്റെ പ്രഥമ ഘട്ടമാണ് ഇന്നലെ നടന്നത്. പ്രധാനമന്ത്രിക്ക് ഇമെയിലും പോസ്റ്റ് കാര്‍ഡും അയക്കലായിരുന്നു സമരത്തിന്റെ പ്രഥമ ഘട്ടം.
ഇതില്‍ എസ്.കെ.എസ്.എസ്.എഫ്.ശാഖ, ക്ലസ്റ്റര്‍, മേഖല ഭാരവാഹികളും, മദ്‌റസ തലങ്ങളില്‍ മുഅല്ലിമീങ്ങളും ദര്‍സ്, അറബിക് കോളജുകളില്‍ ത്വലബ വിംഗും ഭൗതിക കലാലയങ്ങളില്‍ കാമ്പസ് വിംഗും നേത്യത്വം നല്‍കി. പ്രധാന കേന്ദ്രങ്ങളില്‍ എസ്.വൈ.എസ്. ജില്ല ജന.സെക്രട്ടറി അബൂബക്കര്‍ സാലൂദ് നിസാമി, ഇബ്രാഹിം ഫൈസി ജെഡിയാര്‍, താജുദ്ധീന്‍ ദാരിമി പടന്ന, ഹാരിസ് ദാരിമി ബെദിര, സുഹൈര്‍ അസ്ഹരി പള്ളങ്കോട്, ബശീര്‍ ദാരിമി തളങ്കര, എം.എ ഖലീല്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."