റമദാനും മൃദുല ഹൃദയങ്ങളും
വ്രതാനുഷ്ഠാനം, നോമ്പുതുറ, അത്താഴം കഴിക്കല്‍, തറാവീഹ് നിസ്‌കാര നിര്‍വഹണം തുടങ്ങിയ സല്‍കര്‍മങ്ങളുമായി വിശുദ്ധ റമദാന്റെ സൗരഭ്യം അന്തരീക്ഷത്തില്‍ വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ആത്മാവിന്റെ അന്തരാളങ്ങളില്‍ അത് വ്യക്തമായ സ്വാധീനം ചെലുത്തുന്നു. ആത്മാവ് ഉന്നതിയുടെ വിതാനങ്ങളില്‍ പരിലസിക്കുന്നു. മനസും ചിന്താമണ്ഡലങ്ങളും ശാന്തത പ്രാപിക്കുന്നു. പ്രശ്‌നകലുഷിതമായ സമയത്തുപോലും അക്രമവാസന ഇല്ലാതാക്കുന്നു. ഈ പരിശുദ്ധ ദിനരാത്രങ്ങളെ നാം മനസു തുറന്ന് ആദരിച്ചാല്‍ അവ നമ്മെ സംരക്ഷിക്കും. അനുഗ്രഹങ്ങള്‍ ഇടതടവില്ലാതെ വര്‍ഷിക്കും. കോപം, സംഘര്‍ഷങ്ങള്‍ എന്നിവയെ ശമിപ്പിക്കും. അതിലൂടെ സമൂഹത്തില്‍ ആത്മീയ നിര്‍വൃതിയുടെ നവോന്മേഷം നിറഞ്ഞ പുതിയൊരന്തരീക്ഷം സൃഷ്ടിക്കപ്പെടും.
ഈ സന്ദര്‍ഭത്തില്‍ നമുക്ക് പല സല്‍പ്രവൃത്തികളും ചെയ്യാനുണ്ട്. ഭാഷ, ദേശം, സംസ്‌കാര ഭേദമന്യേ ആളുകളെ നോമ്പുതുറക്ക് വിളിക്കുന്നത് ഉദാഹരണം. തുറയെക്കുറിച്ച് മുന്‍കൂട്ടി അവരെ അറിയിക്കണം. നോമ്പ് തുറന്ന് ഭക്ഷണശേഷം അവര്‍ക്ക് ചെറിയ സമ്മാനം നല്‍കണം. 'നിങ്ങള്‍ ഞങ്ങളുടെ ക്ഷണം സ്വീകരിച്ച്, ഞങ്ങളുടെ ഭക്ഷണം കഴിച്ച് ഞങ്ങളെ അനുഗ്രഹിച്ചിരിക്കുന്നു. ഇനി ഈ ചെറിയ സമ്മാനം സ്വീകരിച്ചാലും' എന്ന് അവരോട് പറയണം. അവരുടെ കുട്ടികളെയും നമുക്ക് സന്തോഷിപ്പിക്കാം. ഒരു പൊതുസമ്മതനായ മതപണ്ഡിതനോ സ്ഥാപന മേധാവിയോ ആണെങ്കില്‍ വ്യത്യസ്ത ഗണത്തില്‍പ്പെട്ട ആളുകളെ വീട്ടില്‍ ക്ഷണിച്ച് ആഹാരം നല്‍കുന്നതിലൂടെ സമാധാനപരമായ സമൂഹ നിര്‍മിതി സാധ്യമാവുകയും ചെയ്യും.
ആരെയെങ്കിലും നോമ്പ് തുറപ്പിക്കാതെ നമ്മുടെ ഒരുദിനവും കടന്നുപോവരുത്. ഭക്ഷണത്തേക്കാളുപരി ഭക്ഷിക്കുന്ന ആളുകളാണ് അധികരിക്കേണ്ടത്. നബി (സ) തങ്ങള്‍ പഠിപ്പിച്ചു. 'രണ്ടാളുകളുടെ ഭക്ഷണം മൂന്നളുകള്‍ക്ക് തികയും. മൂന്നാളുകളുടെ ഭക്ഷണം നാലാളുകള്‍ക്കും തികയും' (ബുഖാരി, മുസ്‌ലിം). അതിനാല്‍ ആളുകളെ കൂടുതല്‍ ക്ഷണിക്കുന്നതില്‍ നാം സന്ദേഹം കാണിക്കരുത്.
ഇത്തരം സല്‍കര്‍മങ്ങള്‍ സമൂഹത്തിന്റെ വിവിധ തുറകളില്‍ നിലനില്‍ക്കുന്ന അന്തരങ്ങളെ തുരത്താന്‍ സഹായകമാണ്. പട്ടാളച്ചിട്ടകൊണ്ടും ശക്തിപ്രകടനങ്ങള്‍ കൊണ്ടും തടയിടാന്‍ കഴിയാത്ത പല പ്രശ്‌നങ്ങളും ഇതിലൂടെ പരിഹരിക്കാം. നിങ്ങള്‍ ആളുകള്‍ക്ക് ഹൃദയം തുറന്നുകൊടുത്താല്‍ അവര്‍ നിങ്ങളുടെ ഹൃദയത്തില്‍ കയറിപ്പറ്റും. വിവിധ തരത്തിലുള്ള സഹായങ്ങള്‍ നിങ്ങള്‍ക്ക് നല്‍കും. വെറുപ്പ്, വിദ്വേഷം, രക്തച്ചൊരിച്ചില്‍, ദേഷ്യ പ്രകടനങ്ങള്‍ എന്നിവ അപ്രത്യക്ഷമാകും. ചരിത്രം പരിശോധിക്കുമ്പോള്‍ ഭീഷണികൊണ്ട് പൂര്‍ണമായ വിജയം കൈവരിച്ചവരെ കാണാന്‍ സാധിക്കില്ല. മറിച്ച് അക്രമവാസന അധികരിക്കാനും വിദ്വേഷവും പകയും കൂടാനുമാണ് ഭീഷണികള്‍ വഴിതെളിച്ചിട്ടുള്ളത്.
'ചായക്കോപ്പയിലെ ഇളംതെന്നല്‍ നാല്‍പത് വര്‍ഷം നിലനില്‍ക്കും' എന്ന തുര്‍ക്കി പഴമൊഴി ഇവിടെ സ്മരണീയമാണ്. ഒരുദിവസത്തെ നോമ്പുതുറയും ഭക്ഷണവും ആളുകള്‍ വര്‍ഷങ്ങളോളം ഓര്‍ക്കും. അതിനാല്‍ ഇത്തരം കര്‍മങ്ങളില്‍ നാം നിരതരാവണം. നോമ്പിന്റെയും തറാവീഹിന്റെയും സല്‍കര്‍മങ്ങളുടെയും അന്ത്യനാളിലെ പ്രതിഫലത്തിനുപുറമെ ആളുകളുടെ മനസിലേക്ക് കയറിച്ചെല്ലുന്നതിലൂടെ വ്യതിരിക്തമായ പല നേട്ടങ്ങളും നമുക്ക് കൊയ്‌തെടുക്കാം.
(തുര്‍ക്കിയിലെ പണ്ഡിതന്‍, എഴുത്തുകാരന്‍, 'ഖിദ്മ' മൂവ്‌മെന്റിന്റെ സ്ഥാപകന്‍ എന്നീ നിലകളില്‍ പ്രശസ്തനാണ് ലേഖകന്‍)
മൊഴിമാറ്റം: അല്‍ഹാഫിള് സയ്യിദ് മുഹമ്മദ്
ജലാല്‍ വാഫി, കരുളായി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."