'നാടിന്റെ നട്ടെല്ല് ' ആശ്വാസവാക്കുകള്‍ മാത്രം , ഭീതിയും ആശങ്കയും ഒഴിയാതെ പ്രവാസികള്‍
ജലീല്‍ അരൂക്കുറ്റി
തിരുവനന്തപുരം: നാടിന്റെ നട്ടെല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിശേഷിപ്പിച്ച പ്രവാസികളുടെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരിനും ആശ്വാസവാക്കുകള്‍ക്കപ്പുറം നടപടികളില്ല. കൊവിഡ് -19 കേരളത്തില്‍ സ്ഥിരീകരിച്ച 90 ശതമാനം പേരും വിദേശ രാജ്യങ്ങളില്‍നിന്ന്, വിശിഷ്യ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നെത്തിയവരാണ്.
അവരുടെ സമ്പര്‍ക്ക പട്ടിക കേരളത്തില്‍ പ്രസിദ്ധീകരിക്കുകയും സമ്പര്‍ക്കത്തിലായവരെ നിരീക്ഷണത്തിലാക്കുകയും ചെയ്യുമ്പോഴും അവര്‍ പുറപ്പെട്ട രാജ്യങ്ങളിലുള്ള മലയാളികള്‍ക്ക് യാതൊരു മുന്‍കരുതല്‍ നടപടികളും എടുക്കാന്‍ കഴിയാതെ വിഷമിക്കുകയാണ്. കേരളത്തില്‍ രോഗം സ്ഥിരീകരിക്കുന്ന വിദേശ മലയാളികളുടെ വിവരങ്ങള്‍ ഇവരുമായി ബന്ധപ്പെട്ട വിദേശത്തെ മലയാളികളിലേക്ക് എത്തിക്കുന്നതിന് സംവിധാനമില്ലാത്തതാണ് പ്രവാസികളെ കൂടുതല്‍ ആശങ്കയിലാക്കുന്നത്. സ്ഥിരീകരിക്കുന്നവരുടെ പേര് വിവരങ്ങള്‍ സാമൂഹ്യ പ്രശ്‌നങ്ങള്‍ ചൂണ്ടികാട്ടി പുറത്തുവിടാത്തതിനാല്‍ രോഗിയുമായി ബന്ധപ്പെട്ട് വിദേശത്ത് കഴിയുന്ന സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ കഴിയുന്നില്ലെന്നതാണ് പ്രധാനമായും ചൂണ്ടികാട്ടുന്ന പ്രശ്‌നം.
ഇക്കാര്യത്തില്‍ പരിഹാരം എന്ന നിലയില്‍ രോഗം സ്ഥിരീകരിച്ചവരോട് വിവരങ്ങള്‍ അന്വേഷിക്കുന്നുണ്ടെങ്കിലും പലരും വിദേശത്തെ കാര്യങ്ങള്‍ പറയാന്‍ മടിക്കുകയാണെന്നും ഇതുവഴി വിവരങ്ങള്‍ കൈമാറാനുള്ള ശ്രമം പരാജയപ്പെട്ടുവെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതുസംബന്ധിച്ച് വ്യക്തമാക്കിയത്. രോഗികളുടെ പേര് വിവരങ്ങള്‍ പുറത്തുവിടാന്‍ കഴിയുകയില്ല. അത് നാട്ടില്‍ സാമുഹ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.
രോഗികളുടെ ബന്ധുക്കള്‍ വഴി അവരുമായി ബന്ധപ്പെട്ടവരോട് വിദേശത്ത് നിരീക്ഷണത്തില്‍ ഏര്‍പ്പെടാനാണ് ഇപ്പോള്‍ നിര്‍ദേശിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളിലെ സന്നദ്ധ സംഘടനകള്‍ അവരാല്‍ കഴിയുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെങ്കിലും കേരളത്തില്‍ നിന്ന് വിവരങ്ങള്‍ ലഭ്യമാകാത്തതിനാല്‍ കൂടുതലായി അവര്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണ്. ഇക്കാര്യത്തില്‍ നോര്‍ക്കയുടെ ഭാഗത്തുനിന്നും കാര്യമായ പ്രവര്‍ത്തനങ്ങളില്ല. വിദേശരാജ്യങ്ങളില്‍ നിന്ന് എത്തിയവരില്‍ ദുബൈയില്‍ നിന്ന് എത്തിയവരിലാണ് രോഗം കൂടുതലായി സ്ഥിരീകരിക്കപ്പെട്ടതെന്നതും പ്രവാസികള്‍ക്ക് ഏറെ പ്രയാസം സൃഷ്ടിക്കുകയാണ്. മറ്റുപല രാജ്യങ്ങളിലുള്ളവര്‍ സംഗമിക്കുന്ന പ്രദേശമായതിനാലാണ് ദുബൈയില്‍ രോഗവ്യാപനത്തിന് കാരണമായതെന്നും ചൂണ്ടിക്കാണിക്കുന്നു. കാസര്‍കോട് ജില്ലയില്‍ സ്ഥിരീകരിക്കപ്പെട്ട രോഗികളില്‍ 85 ശതമാനവും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നെത്തിയവരാണ്. ദുബൈയിലെ ചൈനീസ് ബസാറുകളില്‍ പ്രവര്‍ത്തിക്കുന്നവരില്‍ അധികവും കാസര്‍കോട് സ്വദേശികളായതിനാലാണ് ഇത്തരത്തില്‍ സംഭവിച്ചിരിക്കുന്നത്.
കൊവിഡ് ഭീതി പരന്നതോടെ വിദേശത്തുനിന്ന് വലിയതോതില്‍ പ്രവാസികള്‍ നാട്ടിലേക്ക് എത്തി. ഇവരില്‍ പവര്‍ക്കും തിരിച്ചുപോകാന്‍ കഴിയാത്ത അവസ്ഥയിലാണ്. ഗള്‍ഫ് രാജ്യങ്ങളിലും കൊവിഡ് പ്രതിസന്ധി രൂക്ഷമായതോടെ അവിടെയുള്ളവരും പ്രതിസന്ധിയിലാണ്. പ്രവാസികള്‍ക്കായി കേന്ദ്രസര്‍ക്കാരിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും പാക്കേജുകളില്‍ യാതൊരു പരിഗണനയും ലഭിച്ചിട്ടില്ല.
നാട്ടിലേക്ക് വരാന്‍ തയാറാവരെ സ്വീകരിച്ചുവെന്നതിനപ്പുറം അവര്‍ക്കു വേണ്ട യാതൊരു ക്ഷേമപ്രവര്‍ത്തനവും പ്രഖ്യാപിച്ചിട്ടില്ല. വിസാ കാലാവധി കഴിയുന്നവരുടെ കാര്യത്തില്‍ വിദേശമന്ത്രാലയം ബന്ധപ്പെടുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കാര്യമായ നീക്കങ്ങളൊന്നും നടന്നിട്ടില്ല. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും പ്രവാസികളുടെ പങ്കും പ്രധാന്യവും എടുത്ത് പറയുന്നുണ്ടെങ്കിലും പ്രായോഗിക നടപടികളിലേക്ക് നീങ്ങാത്തതില്‍ പ്രവാസി ലോകത്തിന് അതൃപ്തിയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."