മെഗാ ബാങ്ക് ലയനം ഇന്ന് ജീവനക്കാരും ഇടപാടുകാരും ആശങ്കയില്‍
കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ മെഗാ ബാങ്ക് ലയനം ഇന്ന് യാഥാര്‍ഥ്യമാകുന്നതോടെ തങ്ങളുടെ ഭാവിയെന്തെന്ന ആശങ്കയില്‍ ജീവനക്കാര്‍. ഒപ്പം, തങ്ങള്‍ക്ക് അക്കൗണ്ടുള്ള ബാങ്ക് ശാഖകള്‍ പൂട്ടുമോ എന്ന ആശങ്കയില്‍ ഇടപാടുകാരും.
രാജ്യത്തെ പത്ത് പൊതുമേഖലാ ബാങ്കുകള്‍ ലയിച്ച് നാലെണ്ണമാകുന്ന പ്രക്രിയയാണ് ഇന്ന് നടക്കുക. ഓറിയന്റല്‍ ബാങ്ക് ഓഫ് കോമേഴ്‌സ്, യുനൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവ പഞ്ചാബ് നാഷനല്‍ ബാങ്കിലും സിന്‍ഡിക്കേറ്റ് ബാങ്ക് കാനറാ ബാങ്കിലും ലയിക്കും. അലഹാബാദ് ബാങ്ക് ഇന്ത്യന്‍ ബാങ്കിലും, ആന്ധ്ര ബാങ്ക്, കോര്‍പറേഷന്‍ ബാങ്ക് എന്നിവ യൂനിയന്‍ ബാങ്ക് ഓഫ് ഇന്ത്യയിലുമാണ് ലയിക്കുന്നത്. ഇതോടെ, ആറ് ബാങ്കുകളുടെ അസ്തിത്വമാണ് ഇല്ലാതാവുക.
ബാങ്കുകള്‍ പരസ്പരം ലയിക്കുന്നതോടെ അടുത്തടുത്ത ശാഖകള്‍ പൂട്ടുമെന്ന് ഉറപ്പ്. ഇത്തരത്തില്‍ സംസ്ഥാനത്ത 250 ബാങ്ക് ശാഖകളെങ്കിലും അടച്ചുപൂട്ടേണ്ടി വരുമെന്നാണ് പ്രാഥമിക കണക്ക്. ഇതുവഴി 2,000 ജീവനക്കാരെങ്കിലും അധികപ്പറ്റാകും. ഇങ്ങനെ അധികം വരുന്ന ജീവനക്കാരെ പിരിച്ചുവിടില്ലെങ്കിലും അവര്‍ മറ്റ് സംസ്ഥാനങ്ങളിലേക്കടക്കം സ്ഥലം മാറിപ്പോകേണ്ടിവരുമെന്ന് മുന്‍ അനുഭവങ്ങള്‍ സാക്ഷി.
2017 ഏപ്രില്‍ ഒന്നിന് എസ്.ബി.ടിയടക്കമുള്ള അഞ്ച് ബാങ്കുകള്‍ എസ്.ബി.ഐയില്‍ ലയിച്ചപ്പോള്‍ ഇത്തരത്തില്‍ ആയിരക്കണക്കിന് ജീവനക്കാരാണ് സ്ഥലം മാറ്റപ്പെട്ടത്. ബാങ്ക് യൂനിയനുകള്‍ പ്രതിഷേധ ശബ്ദമുയര്‍ത്തിയെങ്കിലും ഫലമുണ്ടായില്ല. നാലായിരത്തോളം ജീവനക്കാര്‍ സ്വയംവിരമിക്കല്‍ പദ്ധതിയില്‍ പുറത്തുപോവുകയും ചെയ്തു. പിന്നീട്, കഴിഞ്ഞ വര്‍ഷം വിജയ ബാങ്ക്, ദേനാ ബാങ്ക് എന്നിവ ബാങ്ക് ഓഫ് ബറോഡയില്‍ ലയിച്ചപ്പോഴും സമാന അനുഭവമാണുണ്ടായത്. ലയിച്ച് ചെല്ലുന്ന ബാങ്കുകളിലെ ജീവനക്കാര്‍ക്ക് വേണ്ടത്ര പരിഗണന കിട്ടുന്നില്ല എന്ന പരാതിവരെ ഉയര്‍ന്നിരുന്നു.
ലയനത്തിന്റെ ഫലമായി ബാങ്ക് ശാഖകള്‍ അടക്കുന്നത് ഇടപാടുകാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കും; പ്രത്യേകിച്ച് പ്രായമായവര്‍ക്ക്. അവര്‍ ഇനി കിലോമീറ്ററുകളോളം സഞ്ചരിച്ചുവേണ്ടിവരും ബാങ്ക് ഇടപാടുകള്‍ നടത്താന്‍.
ബാങ്ക് ശാഖകളുടെ അടച്ചുപൂട്ടല്‍ പെട്ടെന്ന് ഉണ്ടാകില്ലെങ്കിലും ഏതാനും മാസങ്ങള്‍ക്കകം ഉണ്ടാകുമെന്നാണ് വിവരം. ലയിച്ചുചെല്ലുന്ന ബാങ്കുകളുടെ ശാഖകള്‍, ലയിക്കുന്ന ബാങ്കിന്റെ തൊട്ടടുത്തുണ്ടെങ്കില്‍ അത്തരം ശാഖകളാണ് അടക്കുക. എ.ടി.എം കൗണ്ടറുകളുടെ കാര്യത്തിലും ഇതുതന്നെയാണ് സംഭവിക്കുക.
ഇതോടൊപ്പം, ഇടപാടുകാര്‍ ആറുമാസത്തിനകമെങ്കിലും രേഖകളിലും മാറ്റം വരുത്തേണ്ടിവരും. അക്കൗണ്ട് നമ്പര്‍, ഐ.എഫ്.സി കോഡ്, ചെക്ക് ബുക്ക് എന്നിവയിലും മാറ്റം വരും. ശമ്പളം, വിവിധ ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയില്‍ അക്കൗണ്ട് നമ്പറുകളും മറ്റും നല്‍കിയവര്‍ രേഖയിലും ഇവ മാറ്റേണ്ടിവരും. മാത്രമല്ല, താരതമ്യേന ചെറിയ ബാങ്കുകളില്‍ നിന്ന് ലഭിച്ചിരുന്ന സൗഹൃദപരമായ സമീപനം ലയിച്ച് വലുതാകുന്ന ബാങ്കുകളില്‍ നിന്ന് ലഭിക്കില്ല എന്നാണ് മുന്‍ അനുഭവങ്ങള്‍. അത്തരം ബാങ്കുകള്‍ കോര്‍പറേറ്റുകള്‍ക്ക് മുന്‍ഗണന നല്‍കുമ്പോള്‍ സാധാരണ ഇടപാടുകാര്‍ പിന്തള്ളപ്പെടുന്ന അവസ്ഥയുണ്ടാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."