അതിഥി തൊഴിലാളികളുടെ ഉത്തരവാദിത്വം കെട്ടിട ഉടമകള്‍ക്ക്: ഐ.ജി എസ്. ശ്രീജിത്ത്
ചങ്ങനാശേരി: അതിഥി തൊഴിലാളികളുടെ ഉത്തരവാദിത്വം അവരെ താമസിപ്പിക്കുന്ന ക്യാംപ് ഉടമകള്‍ക്കായിരിക്കുമെന്ന് ഐ.ജി ശ്രീജിത്ത്. അതിഥി തൊഴിലാളികള്‍ പ്രകടനം നടത്തിയ പായിപ്പാട്ടുള്ള വിവിധ ക്യാംപുകള്‍ സന്ദര്‍ശിക്കുകയും കെട്ടിട ഉടമകളുമായി ചര്‍ച്ച നടത്തുകയും ചെയ്തശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്യാംപിലുള്ള തൊഴിലാളികള്‍ക്ക് ആവശ്യമായ ആഹാര സാധനങ്ങളും വെള്ളവും അതത് ക്യാംപ് ഉടമകള്‍തന്നെ നല്‍കണം. ക്യാംപ് ഉടമകള്‍ക്ക് ഇങ്ങനെ കൊടുക്കാന്‍ ബുദ്ധിമുട്ടുണ്ടായാല്‍ ക്യാംപിന്റെ ചുമതലയുള്ള മൂന്നംഗ കമ്മിറ്റിയെ അറിയിക്കണം. കമ്മിറ്റി അധികാരികളെ അറിയിച്ച് ആവശ്യമായ ആഹാരസാധനങ്ങള്‍ എത്തിക്കുമെന്നും ഐ.ജി പറഞ്ഞു.
ക്യാംപുകളില്‍ ആഹാരം നഷ്ടപ്പെടുത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇത് ഉടമകള്‍ ശ്രദ്ധിക്കണണെന്നും അദ്ദേഹം പറഞ്ഞു. തൊഴിലാളികള്‍ പുറത്തിറങ്ങാനോ നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്ന സാഹചര്യമോ ഉണ്ടാകാതെ ക്യാംപ് ഉടമകള്‍ ശ്രദ്ധിക്കണം. സാധിക്കാതെ വന്നാല്‍ പൊലിസിനെ വിവരം അറിയിക്കണം. കൊവിഡുമായി ബന്ധപ്പെട്ട പ്രതിസന്ധി പരിഹരിക്കുന്നതുവരെ വാടകയോ മറ്റ് ചെലവുകളോ ഇവരില്‍ നിന്നും ഈടാക്കരുത്. തൊഴിലാളികളുടെ ലീഡര്‍ മൊബൈല്‍ ഫോണ്‍ റീചാര്‍ജ് ചെയ്യുന്നതിനായി ക്യാംപിലുള്ളവരില്‍ നിന്ന് ഫോണ്‍ നമ്പറും പണവും ശേഖരിച്ച് കെട്ടിട ഉടമയെ ഏല്‍പ്പിക്കണം. ഉടമ കടയിലെത്തി ഫോണുകള്‍ റീചാര്‍ജ് ചെയ്തു നല്‍കണം. ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്ന ഏപ്രില്‍ 14വരെ യാത്ര അനുവദിക്കില്ലെന്ന കാര്യം ഹോംഗാര്‍ഡിന്റെ സഹായത്തോടെ മനസിലാകുന്ന ഭാഷയില്‍ തൊഴിലാളികളെ ബോധ്യപ്പെടുത്തുമെന്നും ഐ.ജി പറഞ്ഞു. കോട്ടയം അസിസ്റ്റന്റ് കലക്ടര്‍ ശിഖാസുരേന്ദ്രന്‍, ജില്ലാ പൊലിസ് മേധാവി ജി.ജയദേവ്, ജില്ലാ ലേബര്‍ ഓഫിസര്‍ വിനോദ്, ചങ്ങനാശേരി ഡിവൈ.എസ്.പി എസ്.സുരേഷ്‌കുമാര്‍ എന്നിവരും സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."