ചോദ്യപ്പേപ്പര്‍ ചോര്‍ച്ച അന്വേഷണം വേണമെന്ന് സി.പി.ഐയും
തിരുവനന്തപുരം: എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി ചോദ്യപ്പേപ്പറുകള്‍ ചോര്‍ന്നതിനെക്കുറിച്ച് അന്വേഷണം നടത്തണമെന്ന പ്രതിപക്ഷ ആവശ്യത്തിന് സി.പി.ഐയുടെ പിന്തുണ. നിലവിലുള്ള സംശയങ്ങളും ആശങ്കകളും ദൂരീകരിച്ച് പരീക്ഷാസമ്പ്രദായം കുറ്റമറ്റതാക്കാന്‍ ഭരണകൂടം ബാധ്യസ്ഥമാണെന്ന് സി.പി.ഐ മുഖപത്രമായ 'ജനയുഗം' ഇന്നലെ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തില്‍ പറയുന്നു. മുഖപ്രസംഗത്തില്‍ വിദ്യാഭ്യാസ വകുപ്പിന് പരോക്ഷമായ വിമര്‍ശനങ്ങളുമുണ്ട്.
ഇതിനകം പുറത്തുവന്ന വാര്‍ത്തകള്‍ വിരല്‍ചൂണ്ടുന്നത് എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്ക് ആവശ്യമായ ചോദ്യപേപ്പറുകള്‍ തയാറാക്കുന്നതില്‍ കടന്നുകൂടിയിട്ടുള്ള തികച്ചും തെറ്റായ പ്രവണതകളിലേക്കാണ്. ചോദ്യപ്പേപ്പര്‍ തയാറാക്കുന്ന അധ്യാപകരുടെ യോഗ്യതകളെക്കാള്‍ അവര്‍ ഏത് സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നു എന്നതിന് അമിതവും അനര്‍ഹവുമായ പ്രാധാന്യം നല്‍കിവരുന്നതായി പരാതിയുണ്ട്. ഹയര്‍ സെക്കന്‍ഡറി തലത്തില്‍ അക്കാദമിക് കൗണ്‍സിലുകള്‍ക്കും സര്‍വശിക്ഷാ അഭിയാന്‍, പൊതുവിദ്യാഭ്യാസ വകുപ്പ് എന്നിവയ്ക്കുമുള്ള പ്രാധാന്യത്തെക്കാള്‍ അധ്യാപക സംഘടനകള്‍ക്ക് പ്രാമുഖ്യം ലഭിക്കുന്നതായും ആരോപണമുണ്ട്. ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയും വിവാദങ്ങളും വിശദമായ ജുഡീഷ്യല്‍ അന്വേഷണത്തിന് വിധേയമാക്കണമെന്ന ആവശ്യം ഉത്തരവാദപ്പെട്ട പല കോണുകളില്‍ നിന്നും ഉയര്‍ന്നുകഴിഞ്ഞു. ജനങ്ങളോടും സുതാര്യമായ സമൂഹസൃഷ്ടിയോടും പ്രതിബദ്ധമായ ഇടതുമുന്നണി സര്‍ക്കാര്‍ ആ പൊതുവികാരത്തെ മാനിക്കുമെന്നു തന്നെയാണ് ജനങ്ങള്‍ വിശ്വസിക്കുന്നതെന്നു പറഞ്ഞാണ് മുഖപ്രസംഗം അവസാനിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."