വ്യാജ പ്രചാരണമെന്ന് തബ്‌ലീഗ് ജമാഅത്ത് മര്‍കസ് അധികൃതര്‍
ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധയുടെ പേരില്‍ ഡല്‍ഹി നിസാമുദ്ദീന്‍ തബ്‌ലീഗ് ജമാഅത്ത് മര്‍കസിനെതിരേ നടക്കുന്നത് വ്യാജപ്രചാരണമെന്ന് മര്‍കസ് അധികൃതര്‍. ഡല്‍ഹി സര്‍ക്കാര്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ കുടുങ്ങിപ്പോയവരെ ഒഴിപ്പിക്കാന്‍ അധികൃതരോട് അനുമതി തേടിയിരുന്നുവെന്നും എന്നാല്‍ സഹായം കിട്ടിയില്ലെന്നും മര്‍ക്കസ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ഡല്‍ഹിയില്‍ സമ്മേളനങ്ങള്‍ക്കു നിരോധനം വരുന്നതിനു മുന്‍പാണ് മര്‍കസില്‍ സമ്മേളനങ്ങളെല്ലാം നടന്നത്. മാര്‍ച്ച് 22ലെ ജനതാ കര്‍ഫ്യൂ പ്രധാനമന്ത്രി പ്രഖ്യാപിച്ചയുടന്‍ മര്‍കസിലെ യോഗങ്ങളെല്ലാം റദ്ദാക്കി. എന്നാല്‍ 21 മുതല്‍ തീവണ്ടികള്‍ പെട്ടെന്നു റദ്ദാക്കി. പോകാനിരുന്ന ആളുകള്‍ ഇവിടെ കുടുങ്ങുകയായിരുന്നു. ജനതാ കര്‍ഫ്യൂ അവസാനിച്ച 22ന് വൈകീട്ട് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഡല്‍ഹിയില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു.ഇതോടെ പ്രതിനിധികള്‍ക്ക് റോഡ് മാര്‍ഗമെങ്കിലും വീട്ടിലെത്താനുള്ള ശ്രമവും പാഴായി. 24ന് വൈകീട്ട് നിസാമുദ്ദീന്‍ പൊലിസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ മര്‍കസ് ഒഴിപ്പിക്കാന്‍ നൊട്ടിസ് നല്‍കി. അപ്പോള്‍ ആയിരത്തോളം പേര്‍ മര്‍കസിലുണ്ടായിരുന്നു. ഇവരെ ഒഴിപ്പിക്കാന്‍ അനുമതി തേടി സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിനെയും പൊലിസ് അധികൃതരെയും സമീപിച്ചു. ഇവര്‍ക്കായി ഒരുക്കിയ 17 വാഹനങ്ങളുടെയും അതിന്റെ ഡ്രൈവര്‍മാരുടെയും വിവരങ്ങള്‍ നല്‍കി. എന്നാല്‍ അനുമതി നല്‍കിയില്ല. 25ന് തഹസില്‍ദാര്‍ മെഡിക്കല്‍ സംഘത്തോടൊപ്പം മര്‍കസ് സന്ദര്‍ശിക്കുകയും പരിശോധന നടത്തുകയും ചെയ്തു. അവരോട് സമ്പൂര്‍ണമായി തങ്ങള്‍ സഹകരിച്ചിരുന്നു. തൊട്ടടുത്ത ദിവസം സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് മര്‍കസിലെത്തി. അന്നും വാഹനം പുറപ്പെടാന്‍ തങ്ങള്‍ അനുമതി തേടിയതാണ്. 27നാണ് ആറു പേരെ പരിശോധനയ്ക്ക് കൊണ്ടുപോകുന്നത്. 28ന് എസ്.എച്ച്.ഒ എത്തി 33 പേരെ കൊണ്ടുപോയി. ഈ ഘട്ടത്തിലെല്ലാം അധികൃതരോട് സഹകരിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നും മര്‍കസ് അധികൃതര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."