നിസാമുദ്ദീന്‍ മര്‍കസിലുണ്ടായിരുന്ന 1000ത്തിലധികം പേര്‍ നിരീക്ഷണത്തില്‍, മരിച്ചത് 7 പേര്‍; 24 പേര്‍ക്ക് രോഗബാധ
ന്യൂഡല്‍ഹി: ഡല്‍ഹി നിസാമുദ്ദീന്‍ ദര്‍ഗയ്ക്കടുത്തുള്ള തബ്‌ലീഗ് ജമാഅത്തിന്റെ മര്‍കസിലെ യോഗത്തില്‍ പങ്കെടുത്ത ഏഴുപേര്‍ കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് മരിച്ചതോടെ മര്‍കസിലുണ്ടായിരുന്ന ആയിരത്തിലധികം പേര്‍ നിരീക്ഷണത്തില്‍. ഇതില്‍ 13 മലയാളികളുമുണ്ട്. 281 പേര്‍ വിദേശികളാണ്. 350 ഓളം പേരെ ആശുപത്രിയിലും ബാക്കിയുള്ളവരെ മറ്റിടങ്ങളിലുമാണ് നിരീക്ഷണത്തിലാക്കിയിരിക്കുന്നത്. ഇന്തോനേഷ്യക്കാരാണ് ഇവരില്‍ ഭൂരിഭാഗം. യോഗത്തില്‍ പങ്കെടുത്തവര്‍ തെലങ്കാനയില്‍ മരണപ്പെട്ടതോടെ തിങ്കളാഴ്ച രാത്രിയും ചൊവ്വാഴ്ച പുലര്‍ച്ചെയുമായി പോലിസെത്തി മര്‍കസിലുണ്ടായിരുന്നവരെയെല്ലാം നിരീക്ഷണത്തിലേക്ക് മാറ്റുകയായിരുന്നു. ഇവരില്‍ നടത്തിയ പരിശോധനയില്‍ 24 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ആറു പേര്‍ തിങ്കാളാഴ്ച തെലങ്കാനയിലും ഒരാള്‍ നേരത്തെ കശ്മീരിലുമാണ് മരിച്ചത്. മഹാരാഷ്ട്രയില്‍ മരിച്ച ചിലര്‍ മര്‍കസിലുണ്ടായിരുന്നതായി സ്ഥിരീകരിക്കാത്ത റിപോര്‍ട്ടുണ്ട്.
യോഗത്തില്‍ പങ്കെടുത്തു ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലേക്ക് തിരിച്ചെത്തിയ 10 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. യോഗത്തില്‍ പങ്കെടുത്ത 10 ഇന്തോനേഷ്യക്കാര്‍ക്ക് തെലങ്കാനയില്‍ നടത്തിയ പരിശോധനയിലും രോഗം സ്ഥിരീകരിച്ചു. മര്‍കസ് അധികൃതര്‍ക്കെതിരേ കേസെടുക്കാന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ നിര്‍ദേശിച്ചതിനെത്തുടര്‍ന്ന് പോലിസ് കേസെടുത്തു. മാര്‍ച്ച് 13,15 തിയതികളില്‍ ഇവിടെ നടന്ന യോഗങ്ങളില്‍ പങ്കെടുത്തവരാണ് മരിച്ചത്. നിരവധി വിദേശികളും ഇതില്‍ പങ്കെടുത്തിരുന്നു. ജനതാ കര്‍ഫ്യൂവിന് പിന്നാലെ പൊടുന്നനെ തീവണ്ടി ഗതാഗതം നിര്‍ത്തിവയ്ക്കുകയും തൊട്ടു പിന്നാലെ ഡല്‍ഹി സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുകയും ചെയ്തതിനെത്തുടര്‍ന്നാണ് മര്‍കസിലെത്തിയവര്‍ തിരിച്ചു പോകാനാവാതെ കുടുങ്ങിപ്പോയത്. ആറു നിലകളിലായുള്ള ഡോര്‍മെട്രിയിലായിരുന്നു ഇത്രയും പേര്‍ കഴിഞ്ഞിരുന്നത്. കൂടിച്ചേരലുകള്‍ ഒഴിവാക്കണമെന്ന നിര്‍ദേശം അവഗണിച്ചായിരുന്നു ഇതെന്ന് സര്‍ക്കാര്‍ ആരോപിച്ചു.
യോഗത്തില്‍ പങ്കെടുത്ത ശേഷം വിവിധ നാടുകളിലേക്ക് മടങ്ങിയവരെ കണ്ടെത്താനുള്ള ശ്രമമാണ് സര്‍ക്കാര്‍ ഇപ്പോള്‍ നടത്തുന്നത്. മാര്‍ച്ച് എട്ടു മുതല്‍ 10വരെ നടന്ന യോഗത്തില്‍ 281 വിദേശികള്‍ പങ്കെടുത്തിരുന്നു. മാര്‍ച്ച് 13ന് നടന്ന യോഗത്തില്‍ 3,400 പേരാണ് പങ്കെടുത്തത്. രാജ്യത്ത് തബ്‌ലീഗ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ജനുവരി ഒന്ന് മുതല്‍ യാത്ര ചെയ്ത എല്ലാവരെയും കണ്ടെത്തി നിരീക്ഷണത്തില്‍ വയ്ക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. മാര്‍ച്ച് 21ന് തബ്‌ലീഗ് ജമാഅത്ത് യോഗത്തില്‍ പങ്കെടുത്ത 824 പേര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ എല്ലാവരെയും നിരീക്ഷണത്തില്‍ വയ്ക്കണം. സംസ്ഥാന പോലിസ് മേധാവികള്‍ തബ്‌ലീഗ് ജമാഅത്തുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരുടെ എല്ലാവരുടെയും സംസ്ഥാനത്തെ ലിസ്റ്റ് തയാറാക്കണം. തുടര്‍ന്ന് എല്ലാവരെയും വൈദ്യപരിശോധനക്ക് വിധേയമാക്കിയിരിക്കമെന്നും ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."