ഓണത്തിന് ഒരു മുറം പച്ചക്കറി: മൂന്ന് ലക്ഷം വിത്ത്പാക്കറ്റുകള്‍ നല്‍കും
ആലപ്പുഴ: ഓണത്തിന് വിഷരഹിതമായ പച്ചക്കറി വീട്ടുവളപ്പില്‍ തന്നെ ലഭ്യമാക്കുന്നതിന് ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി ഇത്തവണയും നടപ്പാക്കും. സംസ്ഥാനത്ത് 45 ലക്ഷം പച്ചക്കറി കിറ്റുകളും 90 ലക്ഷം പച്ചക്കറി തൈകളും വിതരണം ചെയ്യും.
ഇതിന്റെ ഭാഗമായി ജില്ലയില്‍ 78 കൃഷി ഭവനുകള്‍ മുഖേന മൂന്നു ലക്ഷം വിത്തു പായ്ക്കറ്റുകള്‍ കര്‍ഷകര്‍ക്ക് സൗജന്യമായി വിതരണം ചെയ്യും.
സര്‍ക്കാര്‍ ഇതര സംഘടനകള്‍ക്ക് 40000 വിത്തു പായ്ക്കറ്റുകള്‍ കൃഷി ഭവന്‍ മുഖേന സൗജന്യമായി നല്‍കും. പച്ചക്കറി വിത്തുകള്‍ ആവശ്യമായ കര്‍ഷകരും, സന്നദ്ധ സംഘടനകളും കൃഷിഭവനുമായി ബന്ധപ്പെടണം.
പച്ചക്കറി കിറ്റ് കൂടാതെ പച്ചക്കറി വികസന പദ്ധതി വഴി സ്ഥാപിതമായ പച്ചക്കറി നഴ്‌സറികള്‍ മുഖേന ഉല്‍പാദിപ്പിക്കുന്ന തൈകളും കര്‍ഷകര്‍ക്ക് സൗജന്യമായി വിതരണം ചെയ്യുന്നുണ്ട്.
പച്ചക്കറി തൈകള്‍ അടങ്ങുന്ന 25 എണ്ണം വീതമുള്ള 3400 യുനിറ്റ് ഗ്രോബാഗുകള്‍ 500 രൂപ കൃഷി ഭവനില്‍ അടയ്ക്കുന്ന മുറയ്ക്ക് സൗജന്യമായി നല്‍കും. സ്‌കൂള്‍ കുട്ടികള്‍ക്ക് പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വിത്തു പായ്ക്കറ്റുകള്‍ വിതരണം ചെയ്യും.
സ്‌കൂള്‍ കുട്ടികളുടെ വിത്ത് പായ്ക്കറ്റിന്റെ വിത്ത് വിതരണം ജില്ലാതല ഉദ്ഘാടനം ജൂണ്‍ അഞ്ചിന് രാവിലെ 10ന് കലവൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദലീമ ജോജോ നിര്‍വഹിക്കും.
പദ്ധതിയില്‍ 2560 ഹെക്ടര്‍ സ്ഥലത്ത് കൃഷി സാധ്യമാവുകയും 30720 ടണ്‍ ഉല്‍പാദനം പ്രതീക്ഷിക്കുന്നുവെന്ന് പ്രന്‍സിപ്പല്‍ കൃഷി ഓഫിസര്‍ ബി.ബീന നടേശന്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."