ജലക്ഷാമം: ദാഹജലം വീടുകളിലെത്തിച്ച് ആര്‍ട്സ് ക്ലബ്ബ് മാതൃകയാവുന്നു
ആലത്തൂര്‍: കടുത്ത വേനലില്‍ കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്ന ജനതയ്ക്ക് സാന്ത്വനമായി ദാഹജലം വീടുകളിലേയ്ക്ക് എത്തിക്കുകയാണ് കാവശ്ശേരി ചുണ്ടക്കാട്ടിലെ പ്രിയദര്‍ശിനി ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബ് .കാവശ്ശേരി പഞ്ചായത്തിലെ ചുണ്ടക്കാട്, മൂപ്പ്പറമ്പ്, ആനമാറി എന്നിവിടങ്ങളില്‍ സൗജന്യ കുടിവെള്ള വിതരണത്തിന് ചുക്കാന്‍ പിടിക്കുന്നത് ക്ലബ്ബാണ്.
ഈ മൂന്ന് വാര്‍ഡുകളില്‍ കടുത്ത കുടിവെള്ള ക്ഷാമമാണ് നേരിടുന്നത്. വേനല്‍മഴ ചതിച്ചതോടു കൂടി ജലാശയങ്ങളെല്ലാം വറ്റിവരളുകയും കുടിവെള്ള വിതരണ സംവിധാനങ്ങള്‍ എല്ലാം താറുമാറായ സാഹചര്യത്തിലാണ് പെട്ടിഓട്ടോ യില്‍ ടാങ്കില്‍ വെള്ളം കയറ്റി വീടുകളിലേക്ക് എത്തിക്കുന്നത്. സ്വകാര്യ വ്യക്തികളുടെ കിണറുകളില്‍ നിന്ന് 1000 ലിറ്ററിന്റെ പ്ലാസ്റ്റിക് ടാങ്കുകളില്‍ വെള്ളം ശേഖരിച്ചാണ് വിതരണം.
150 ഓളം വീടുകളില്‍ നേരിട്ടെത്തി ചെയ്യുന്ന ഈ ശ്രമദാനം വളരെയധികം ഉപകാരപ്രദമാണെന്നും വീട്ടമ്മമാര്‍ പറയുന്നു. കാവശ്ശേരി പഞ്ചായത്തില്‍ ഏറ്റവും കൂടുതല്‍ കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശമാണ് ചുണ്ടക്കാട്.
ഈ പ്രദേശത്തിലെ പ്രിയദര്‍ശിനി ക്ലബ്ബ് പരിസരം, തീപ്പെട്ടി കമ്പനി, പുഴയ്ക്കല്‍, വാഴയ്ക്കച്ചിറ, റഹ്മാനിയ പള്ളി പരിസരം, പാറപ്പുറം, കോതകുളം, കൊടില്‍പ്പാടം, ഉച്ചാര്‍ കുളം, കുമ്പാരത്തറ, വക്കീല്‍പ്പടി എന്നിവിടങ്ങളിലാണ് പ്രധാനമായും കുടിവെള്ള വിതരണം നടത്തുന്നത്.
പഞ്ചായത്തിന്റെ സ്വന്തമായുള്ള ജലാശയങ്ങള്‍ വരളുകയും പൊതു ജലവിതരണ ടാപ്പുകള്‍ നിശ്ചലമാവുകയും ചെയ്തതോടെയാണ് സൗജന്യ കുടിവെള്ള വിതരണവുമായി യുവാക്കളുടെ കൂട്ടായ്മയായ പ്രിയദര്‍ശിനി ക്ലബ്ബ് രംഗത്തെത്തിയത്.
താലൂക്കില്‍ വരള്‍ച്ച നേരിടാന്‍ വിളിച്ച യോഗത്തില്‍ തഹസില്‍ദാര്‍ എം.കെ.അനില്‍കുമാര്‍ വെച്ച നിര്‍ദ്ദേശം ക്ലബ്ബ് ഏറ്റെടുക്കുകയായിരുന്നു. ക്ലബ്ബിന്റെ സ്ഥലത്തുള്ള കുഴല്‍കിണറില്‍ നിന്ന് വെള്ളമെടുക്കുന്നതിന് വൈദ്യുതി കണക്ഷന് യുദ്ധകാലടി സ്ഥാനത്തില്‍ നല്കാന് തഹസില്‍ദാര്‍ കെ.എസ്.ഇ.ബിക്ക് നിര്‍ദ്ദേശം നല്‍കിയുന്നു.
ആവശ്യമായ എല്ലാ സഹായവും പഞ്ചായത്തും നല്‍കണമെന്ന് പഞ്ചായത്തിനോട് തഹസില്‍ദാര്‍ ആവശ്യപ്പെടുകയും ചെയ്തു. രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന ചുണ്ടക്കാട് തീപ്പെട്ടിക്കമ്പനിക്കു മുന്നിലെ കൊക്കര്‍ണി കഴിഞ്ഞയാഴ്ച ക്ലബ്ബും നാട്ടുകാരും ചേര്‍ന്ന് പുനരുദ്ധരിച്ചിരുന്നു. ഇതില്‍ വെള്ളം ലഭ്യമായി തുടങ്ങിയിട്ടുണ്ട്.
സേവന മികവിന്റെ പര്യായമായ പ്രിയദര്‍ശിനി ക്ലബ്ബ് കുടിവെള്ള വിതരണം നടത്തുന്നത് പ്രദേശത്തെ ജനങ്ങള്‍ക്ക് ഗുണമാവുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."