ഒരു കുട്ടിക്ക് ഒരു സാരി...
രാവിലെ ധൃതി പിടിച്ച് ഇറങ്ങാന്‍ നേരമാകും ആരുടെയെങ്കിലും ആഗമനം.പിരിവുകാരാകാം.കല്യാണം വിളിക്കാരാകാം.ആരായാലും അന്നത്തെ ദിവസം ഓഫിസിലേക്ക് പോകാന്‍ ട്രെയിന്‍ കിട്ടില്ല എന്നുറപ്പ്.റെയില്‍വേ സ്റ്റേഷനിലേക്ക് പോകാനുള്ള ബസ് പിടിക്കാനുള്ള സമയമനുസരിച്ചാണ് മറ്റു കാര്യങ്ങളൊക്കെ ക്രമീകരിച്ചു വച്ചിരിക്കുന്നത്.വരുന്നയാള്‍ക്കാരെ കുറ്റംപറഞ്ഞിട്ട് കാര്യമില്ല.എന്റെ സമയവും ക്രമവുമൊന്നും അവര്‍ക്കറിയേണ്ട കാര്യമില്ലല്ലോ.പിന്നെ അതറിയാവുന്നത് പ്രിയതമക്കാണ് അതു കൊണ്ട് തന്നെ അവള്‍ എപ്പോഴും പറയും.എത്ര സമയമുണ്ടെങ്കിലും ആ മുഹൂര്‍ത്തമാകുമ്പോള്‍ മാത്രമേ ഇറങ്ങാവൂ.
അപ്പോഴാണ് ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ടത്.രണ്ടു സ്ത്രീകളും രണ്ട് പുരുഷന്‍മാരുമടങ്ങുന്ന സംഘമാണ്.ഏതോ പിരിവിന്റെ ഉദ്ഘാടനമാണെന്ന് തോന്നുന്നു.ഏതായാലും ഇനി അവരെ കണ്ടിട്ട് പോകാമെന്ന് വിചാരിച്ച് കാത്തിരുന്നു.കുറച്ചു നേരമായിട്ടും ആഗതരെ അകത്തേക്ക് കണ്ടില്ല.ഇതെവിടെപ്പോയി. ഇനി അകത്തേക്ക് കയറാതെ സ്ഥലം വിട്ടോ..തിരക്കി പുറത്തു ചെന്നപ്പോഴാണ് വന്നവരില്‍ രണ്ടു പേര്‍ പച്ചക്കറിത്തോട്ടവും ചെടികളും നോക്കുന്നു.ഒരാള്‍ ചെടികള്‍ നനക്കുന്നു.എനിക്ക് ഒന്നും പിടി കിട്ടിയില്ല.ഇനി തൊഴിലുറപ്പ് തൊഴിലാളികള്‍ വല്ലതുമാണോ. വേഷം കണ്ടിട്ട് അങ്ങനെ തോന്നുന്നില്ല.അവരുടെ കൂടെയുണ്ടായിരുന്ന സ്ത്രീ ജനങ്ങളെ കാണാനുമില്ല.അവരെങ്ങോട്ടാണ് പോയത്.ഞാന്‍ അങ്ങുമിങ്ങും നോക്കി.
അടുക്കളയില്‍ നിന്നു ഉയര്‍ന്നു കേള്‍ക്കുന്ന സംസാരം ശ്രദ്ധിച്ചത് അപ്പോഴാണ്.നിങ്ങളെന്താണീ കാണിക്കുന്നത്.ഭക്ഷണമൊക്കെ ഞാനുണ്ടാക്കിക്കൊള്ളാം.അത് എന്നും കേള്‍ക്കുന്ന പ്രിയതമയുടെ ശബ്ദം തന്നെ. അങ്ങനെ പറഞ്ഞാല്‍ പറ്റില്ല.ഇന്ന് ഭക്ഷണം ഞങ്ങളുണ്ടാക്കും വന്നവരില്‍ ആരുടെയോ ശബ്ദമാണെന്ന് തോന്നുന്നു.നമുക്കിന്ന് പുട്ടുണ്ടാക്കിയാലോ വേറൊരു സ്ത്രീശബ്ദം.പറഞ്ഞു തീരും മുമ്പ് പ്രിയതമയുടെ ശബ്ദം ഉയര്‍ന്നു.എന്റെ ഈശ്വരാ.. ഇത്രയും ഉച്ചത്തില്‍ അവള്‍ ഈശ്വരനെ വിളിക്കാന്‍ കാര്യമുണ്ട്,പുട്ടിന്റെ പേരില്‍ ഇന്നലെയും വഴക്ക് നടന്നിരുന്നു.
നിങ്ങള്‍ക്ക് പുട്ടിന്റെ വില അറിയാത്തതു കൊണ്ടാണ്.എത്രയോ ആണുങ്ങളാണ് ഞങ്ങള്‍ക്ക് പുട്ട് മതിയെന്നും പറഞ്ഞ് നടക്കുന്നതെന്നറിയാമോ..അവള്‍ പുട്ടിന്റെ മാഹാത്മ്യങ്ങള്‍ നിരത്തി.കഴിഞ്ഞ ദിവസം 'പെണ്‍മണി' മാസികയില്‍ ഒരു സിനിമാ താരം എഴുതിയത് വായിച്ചില്ലേ..എന്റെ ജീവിതത്തില്‍ പുട്ട് വരുത്തിയ മാറ്റം
സിനിമാതാരങ്ങള്‍ക്ക് അങ്ങനെ പലതും എഴുതിവിടാം.അവരെപ്പോഴെങ്കിലും വീട്ടിലുണ്ടായിട്ട് വേണ്ടേ പുട്ട് തിന്നാന്‍.. അങ്ങനെ പുട്ടിനെച്ചൊല്ലി ഇന്നലെ ഗംഭീരമായ ഒരു വഴക്ക് കഴിഞ്ഞിരിക്കുമ്പോഴാണ് അതിഥികളുടെ പുട്ടുണ്ടാക്കല്‍ ഓഫര്‍.പ്രിയതമ ഒച്ച വച്ചില്ലെങ്കിലല്ലേ അത്ഭുതം..ഏതായാലും പൂന്തോട്ട പരിപാലനവും പുട്ട് നിര്‍മാണവുമൊക്കെ കഴിഞ്ഞ് എല്ലാവരും പൂമുഖത്തേക്ക് വന്നു.ഞങ്ങളുടെ ആകാംക്ഷ കണ്ടാകാം വന്നവരിലൊരാള്‍ പറഞ്ഞു.ഞങ്ങള്‍ പരിചയപ്പെടുത്താന്‍ മറന്നു.അടുത്തുള്ള സ്‌കൂളിലെ അധ്യാപകരാണ്.
കുട്ടികളുടെ വീടുകളില്‍ പോയി അവരുമായും വീട്ടുകാരുമായും കൂടുതല്‍ അടുപ്പമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ഇറങ്ങിയതാണ്. അപ്പോള്‍ അതാണ് കാര്യം. സ്‌കൂളുകളുടെ ഡിവിഷന്‍ പോകാതിരിക്കാനും അതുവഴി ജോലി പോകാതിരിക്കാനുമായി അധ്യാപകര്‍ പുതിയ പുതിയ ഓഫറുകളുമായി ഇറങ്ങിയിരിക്കുന്നു എന്ന് പത്രത്തില്‍ വായിച്ചിരുന്നു.യൂനിഫോം,കുട,ചെരിപ്പ്,തുടങ്ങി വാഹനസൗകര്യം വരെ തരാന്‍ റെഡിയായി അധ്യാപകര്‍ രംഗത്ത് വന്നിരിക്കുന്നു,നിങ്ങള്‍ കുട്ടികളെ അവരുടെ സ്‌കൂളിലേക്ക് വിട്ടു കൊടുത്താല്‍ മാത്രം മതി.
സാറിന്റെ മക്കളെ ഞങ്ങളുടെ സ്‌കൂളില്‍ തന്നെ ചേര്‍ക്കണം.എല്ലാ ചിലവുകളും ഞങ്ങള്‍ തന്നെ വഹിക്കും അധ്യാപകരിലൊരാള്‍ പറഞ്ഞു.ഏതായാലും ഒന്നാലോചിക്കട്ടെഞാനൊരു മുന്‍കൂര്‍ ജാമ്യമെടുത്തു. താമസിയാതെ തന്നെ പറയണം.വേറെ വല്ല സ്‌കൂളുകാരും വരികയാണെങ്കില്‍ സാറ് അവരുടെ ഓഫറിലൊന്നും കേറി വീണേക്കരുത് മറ്റൊരു അധ്യാപകന്‍ മുന്നറിയിപ്പ് നല്‍കി.
സുമതി ടീച്ചറെ,സാറിന്റെ പൊതി അങ്ങോട്ട് കൊടുക്ക്. അധ്യാപകന്റെ നിര്‍ദേശ പ്രകാരം ടീച്ചര്‍ രണ്ടു പൊതികളെടുത്ത് ഒന്ന് എനിക്കും ഒന്ന് ഭാര്യക്കും നല്‍കി.ഒന്നില്‍ മുണ്ടും മറ്റേതില്‍ സാരിയുമാണ്. ചേച്ചീ സാറിനോടൊന്ന് പറഞ്ഞേക്കണേ സാരി കൊടുക്കുമ്പോള്‍ ടീച്ചര്‍ ഒന്നോര്‍മപെടുത്തി.ശരി സാറേ ഞങ്ങള്‍ ഇറങ്ങട്ടെ,വേറെയും വീടുകളില്‍ കയറാനുണ്ട്. അവര്‍ യാത്ര പറഞ്ഞിറങ്ങി.
അധ്യാപകരായി ജോലി സ്ഥിരപ്പെടാന്‍ എന്തെല്ലാം പെടാപ്പാടുകളാണ്.പണ്ടൊക്കെ അധ്യാപകരെ തിരക്കി ദക്ഷിണയും കാഴ്ച്ചയുമായി കുട്ടികളാണ് ഓടിയിരുന്നത്.ഇപ്പോള്‍ കുട്ടികളെ തിരക്കി ഓഫറുകളുമായി അധ്യാപകരാണ് ഓടുന്നത്.അവര്‍ പോയ പുറകെ വേറെ സ്‌കൂളുകാരാരെങ്കിലും കയറി വരുന്നുണ്ടോ എന്ന് പേടിച്ച് നോക്കുമ്പോഴാണ് ആ പാട്ട് കേട്ടത്..''പിന്നെയും പിന്നെയും ആരോ കിനാവിന്റെ പടികടന്നെത്തുന്ന പദനിസ്വനം.'' ഫോണിന്റെ റിങ് ടോണായിരുന്നു..ഏതായാലും അനുയോജ്യമായ ഗാനം.തല്‍ക്കാലം ഈ ഗാനം തന്നെ മൊബൈലില്‍ കിടക്കട്ടെ...
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."