മെഡിക്കല്‍ നൈതികത പുനര്‍നിര്‍വചിക്കുമെന്ന് ഐ.എം.എ
തിരുവനന്തപുരം: രാജ്യത്താകമാനം മെഡിക്കല്‍ നൈതികത പുനര്‍നിര്‍വചിക്കാന്‍ ഐ.എം.എയുടെ രാജ്യാന്തര സെമിനാറില്‍ തീരുമാനം. ഇന്ത്യയിലെ എല്ലാ ഗ്രാമങ്ങളിലും നഗരങ്ങളിലുമായി ഐ.എം.എയുടെ 3,500 ശാഖകള്‍ വഴി നൈതികത ഉറപ്പു വരുത്തുകയും ചികിത്സാ സംബന്ധമായ പരാതികള്‍ പരിഹരിക്കാനുള്ള സമിതികള്‍ രൂപീകരിക്കാനും തീരുമാനിച്ചു.
രാജ്യത്തിനകത്തും പുറത്തും നിന്നുമുള്ള വൈദ്യശാസ്ത്ര, വിദ്യാഭ്യാസ, നിയമ, മാധ്യമ, സാമൂഹിക രംഗത്തെ 400 ഓളം വിദഗ്ദരുടെ സമിതിയാണ് ഐ.എം.എയുടെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം പ്രഖ്യാപനത്തിന് രൂപം നല്‍കിയത്. അതിവേഗം പുരോഗമിച്ചു കൊണ്ടിരിക്കുന്ന വൈദ്യശാസ്ത്ര ചികിത്സാ മേഖലയില്‍ നിന്ന് മാനുഷിക മൂല്യങ്ങള്‍ ചോര്‍ന്ന് പോകാതിരിക്കാനുള്ള ജാഗ്രത പാലിക്കേണ്ടതുണ്ട്. ഹൈടെക്കിനോടൊപ്പം ഹൈടെച്ച് (രോഗിയെ സ്പര്‍ശിച്ചു കൊണ്ട്) ചികിത്സയും അനിവാര്യമാണ്. ഇതിനുള്ള പരിശീലനത്തിന് മെഡിക്കല്‍ കരിക്കുലത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കണം. രോഗികളുമായുള്ള ആശയ വിനിമയം മെച്ചപ്പെടുത്തുകയും ആവശ്യമായ വിശദീകരണങ്ങളും നല്‍കണം. കണ്‍സ്യൂമര്‍ മേഖലയിലാണ് ആശുപത്രികളെ ഉള്‍പ്പെടുത്തിയിരിക്കുന്നതെങ്കിലും പരസ്യങ്ങളില്‍ നിയന്ത്രണം ആവശ്യമാണ്.
മെഡിക്കല്‍ രംഗത്തെ പുരോഗതി ഡോക്ടര്‍മാരിലേക്ക് എത്തിച്ചുകൊണ്ട് പൊതുജനത്തിന് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കുന്നതിനുള്ള തുടര്‍ വിദ്യാഭ്യാസം ഊര്‍ജ്ജിതമായി നടപ്പാക്കണം. സര്‍ക്കാരിന് പുറമെ നൈതികത ഉറപ്പാക്കി സ്വകാര്യ മുതല്‍ മുടക്കും ഇതിനായി വിനിയോഗിക്കണം. ചികിത്സക്ക് ഉപയോഗിക്കുന്ന ഔഷധങ്ങളുടെ ഗുണനിലവാരം ഡോക്ടര്‍മാര്‍ ഉറപ്പു വരുത്തണം. ഗുണനിലവാരമുള്ള, എന്നാല്‍ വില കുറഞ്ഞ ജനറിക് മരുന്നുകള്‍ ലഭ്യമാക്കാന്‍ സര്‍ക്കാരും, കമ്പിനികളും മുന്‍കൈയെടുക്കണം. അവയവദാനം, ദയാവധം, വന്ധ്യതാ ചികിത്സ, സ്ത്രീകളുടേയും കുട്ടികളുടേയും പാര്‍ശ്വവത്കരിക്കപ്പെട്ടവരുടേയും അവകാശങ്ങള്‍, മെഡിക്കല്‍ കൗണ്‍സിന്‍ നിബന്ധനകളുടെ പുനര്‍നിര്‍വചനം തുടങ്ങി 22 വിഷയങ്ങളിലായിരിക്കും നൈതികതാ മാര്‍ഗരേഖ പ്രസിദ്ധീകരിക്കുക. ഡോക്ടര്‍മാര്‍ക്കുള്ള പെരുമാറ്റ ചട്ടത്തിന് പുറമെ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് വേണ്ടിയുള്ള പെരുമാറ്റ ചട്ടത്തിനും രൂപം നല്‍കി. ഇതിലുള്ള സമിതികളില്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ വിദ്യാര്‍ഥി പ്രതിനിധികള്‍ പങ്കെടുത്തു. ഐ.എം.എ ദേശീയ വിഭാഗം (മെഡിക്കല്‍ സ്റ്റുഡന്റ് നെറ്റ്‌വര്‍ക്ക്) മെഡിക്കല്‍ വിദ്യാര്‍ഥി പെരുമാറ്റചട്ടം പ്രത്യേകമായി പ്രസിദ്ധീകരിക്കും.
ഐ.എം.എ ദേശീയ പ്രസിഡന്റ് ഡോ. രവി വാങ്കേദ്ക്കര്‍, സെക്രട്ടറി ജനറല്‍ ഡോ. ആര്‍.എന്‍ ടാണ്‍ഠന്‍, യുനൈസ്‌കോ ഏഷ്യ പെസഫിക് മേധാവി പ്രൊഫ. റൂസെല്‍ ഫ്രാങ്കോ ഡിസൂസ, ചെന്നൈ ടി.എന്‍.എം.ജി.ആര്‍.എം യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. ഗീതാലക്ഷ്മി, കേരള ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. എം.കെ.സി നായര്‍, ഡോ. പ്രിന്‍സി പല്ലാറ്റി (മണിപ്പാല്‍) ഡോ. നിരഞ്ജന്‍ ഭട്ടാചാര്യ, ഡോ. എ. മാര്‍ത്താണ്ഡ പിള്ള, ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ. ഇ.കെ ഉമ്മര്‍, സെക്രട്ടറി ഡോ. എന്‍ സുള്‍ഫി, ഡോ. ശ്രീകുമാര്‍ വാസുദേവന്‍, ഡോ. ശ്രീജിത്ത് എന്‍. കുമാര്‍ എന്നിവരടങ്ങിയ സമിതിയാണ് പ്രഖ്യാപനത്തിന് രൂപം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."