ഡീസല്‍ വാഹന വില്‍പനയില്‍ ഇടിവ്
ന്യൂഡല്‍ഹി: ഉയര്‍ന്ന എന്‍ജിന്‍ കപ്പാസിറ്റിയുള്ള ഡീസല്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ഡല്‍ഹിയിലെ ഡീസല്‍ വാഹന വില്‍പനയില്‍ വന്‍ ഇടിവ് സംഭവിച്ചെന്ന് റിപ്പോര്‍ട്ട്. വിവരാവകാശ അപേക്ഷയെത്തുടര്‍ന്ന് പുറത്തുവന്ന ഡല്‍ഹി ഗതാഗത വകുപ്പിന്റെ രേഖകളിലാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍.
സ്വകാര്യ, നോണ്‍ ട്രാന്‍സ്‌പോര്‍ട്ട് ഡീസല്‍ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ തലസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ 17,588 ആയിരുന്നെങ്കില്‍ ഇക്കഴിഞ്ഞ ഏപ്രിലില്‍ ഇതു വെറും 7,023 ആയി കുറഞ്ഞു. കഴിഞ്ഞ വര്‍ഷത്തേതിനെ അപേക്ഷിച്ച് ആദ്യ മൂന്ന് മാസങ്ങളിലെ രജിസ്‌ട്രേഷനില്‍ ഈ വര്‍ഷം 40 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
തലസ്ഥാനത്തെ അന്തരീക്ഷ മലിനീകരണം രൂക്ഷമായതിനെത്തുടര്‍ന്ന് ദേശീയ ഹരിത ട്രൈബ്യൂണലും സുപ്രിംകോടതിയും വിഷയത്തില്‍ ഇടപെട്ടിരുന്നു. ഹരിത ട്രൈബ്യൂണല്‍ പത്തു വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയപ്പോള്‍, സുപ്രിംകോടതി 2000 സിസിക്ക് മുകളില്‍ എന്‍ജിന്‍ കപ്പാസിറ്റിയുള്ള ഡീസല്‍ വാഹനങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ അുവദിക്കരുതെന്ന് വിധിക്കുകയായിരുന്നു.എന്നാല്‍ 2000 സിസിക്ക് മുകളില്‍ എന്‍ജിന്‍ കപ്പാസിറ്റിയുളള ഡീസല്‍ വാഹനങ്ങള്‍ക്ക് മാത്രമേ സുപ്രിംകോടതി നിരോധനമേര്‍പ്പെടുത്തിയിട്ടുള്ളൂവെങ്കിലും അതിനു താഴെ വരുന്ന ഡീസല്‍ വാഹനങ്ങളുടെ വില്‍പനയിലും വന്‍ കുറവ് വന്നിട്ടുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. രജിസ്‌ട്രേഷന് വിലക്കില്ലെങ്കില്‍ പോലും ഇത്തരം വാഹനങ്ങളുടെ വില്‍പനയില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 39 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ആദ്യ മൂന്ന് മാസങ്ങളില്‍ ഇത്തരം 56,044 വാഹനങ്ങള്‍ ഡല്‍ഹിയില്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ ഈ വര്‍ഷം ഇതേ കാലയളവില്‍ ഇതു 34,312 മാത്രമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."