റമദാനിന്റെ ആന്തരികസാരം
ഏറ്റവും സവിശേഷമായ ആരാധനാകര്‍മമാകുന്നു റമദാന്‍ വ്രതം.അതിന്റെ ആത്യന്തികമായ ലക്ഷ്യം സംശുദ്ധമായ, വളരെ ഭയഭക്തരായ ഒരു സമൂഹത്തിന്റെ സൃഷ്ടിപ്പ് ആകുന്നു. ആരെങ്കിലും ഈമാനോടെയും പ്രതിഫലേച്ഛയോടെയും വ്രതം അനുഷ്ഠിച്ചാല്‍ അവന്റെ മുന്‍കഴിഞ്ഞ പാപങ്ങളൊക്കെയും പൊറുക്കപ്പെടുമെന്ന പ്രവാചകവചനത്തെ നാരുകീറുകയാണിവിടെ ഉദ്ദേശിക്കുന്നത്.
ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളില്‍ നാലാമത്തേതാണെന്നതോട് കൂടെ ഈമാനിന്റെ ആറു ഘടകങ്ങളുമായും അഭേദ്യമായ ബന്ധം പുലര്‍ത്തുന്നുണ്ട് പരിശുദ്ധമായ നോമ്പ്.
മറ്റു ആരാധനകളില്‍നിന്ന് തികച്ചും വ്യത്യസ്തമായി അടിമയും ഉടമയുമായുള്ള രഹസ്യധാരണയാകുന്നു വ്രതം. ഏതെങ്കിലും തരത്തില്‍ ബാഹ്യമായ ഒരു ഇടപെടലിനും സാധ്യതയില്ലാത്ത വിധം അത്രമേല്‍ ഗോപ്യമായ തലമാണ് നോമ്പിനുള്ളത്.
അല്ലാഹുവിലുള്ള അചഞ്ചലമായ വിശ്വാസമാണ് ഓരോ വ്രതത്തെയും അത്രമേല്‍ ആത്മാര്‍ഥവും നിഷ്‌കളങ്കവുമാക്കുന്നത്. അതുകൊണ്ട് തന്നെയാവണം നോമ്പ് എനിക്കുള്ളതാണ്, അതിന് ഞാനാണ് പ്രതിഫലം നല്‍കുകയെന്ന് അല്ലാഹു പ്രഖ്യാപിച്ചത്. ചുരുക്കത്തില്‍ വിശ്വാസകാര്യങ്ങളില്‍ ആദ്യത്തേതായ അല്ലാഹുവിലുള്ള വിശ്വാസം ഇവിടെ സാര്‍ഥകമാകുന്നു. നോമ്പുകാരന് രണ്ടു സന്തോഷങ്ങളുണ്ടെന്നും, ഒന്ന് നോമ്പ് തുറക്കുന്ന വേളയിലും അടുത്തത് അവന്റെ രക്ഷിതാവിന്റെ ലിഖാഇന്റെ നേരത്തുമാണെന്ന പ്രവാചകവചനം ഇതിനോട് ചേര്‍ത്തു വായിക്കുമ്പോള്‍ നോമ്പുകാരനും അല്ലാഹുവും തമ്മിലുള്ള അത്രയും ഭദ്രമായ അന്തര്‍ധാര കൂടുതല്‍ വ്യക്തമാവുകയാണ്.
ഖാഫ് സൂറയില്‍ അല്ലാഹു അടുത്തടുത്ത് രണ്ടു തവണ 'ഖരീന്‍'(ഏറ്റവും ചേര്‍ന്നു നില്‍ക്കുന്നവന്‍) എന്ന പദം ഉപയോഗിച്ചതായി കാണാം. വിചാരണയുടെ പശ്ചാത്തലത്തില്‍ പറയപ്പെട്ട ആദ്യത്തെ ഖരീന്‍ അല്ലാഹുവിന്റെ ശ്രേഷ്ഠ സൃഷ്ടികളായ മാലാഖമാരെയും രണ്ടാമത്തേത് അഭിശപ്തരായ പിശാചുകളെയുമാണ് അര്‍ഥമാക്കുന്നത്. അവര്‍ രണ്ടു കൂട്ടരും നമ്മോട് അത്രയും ചേര്‍ന്നു നില്‍ക്കുന്നതു കൊണ്ടു തന്നെയാണ് അല്ലാഹു ഖരീന്‍ എന്ന പദം തന്നെ ഉപയോഗിക്കുകയുണ്ടായത്. റമദാന്‍ മാസമായാല്‍ സ്വര്‍ഗകവാടങ്ങള്‍ തുറക്കപ്പെടുകയും പിശാചുക്കളെ ചങ്ങലയിടപ്പെടുകയും ചെയ്യുമെന്ന് പ്രവാചകര്‍ (സ്വ)അരുളിയിട്ടുണ്ട്. റമദാനിന്റെ ഓരോ ദിനരാത്രങ്ങളിലും ലക്ഷക്കണക്കിന് മാലാഖമാര്‍ ഭൂലോകത്തേക്ക് അവതരിക്കുകയും വിശ്വാസികള്‍ക്കായി പ്രാര്‍ഥിക്കുകയും ചെയ്യുന്നു. പിശാചിന്റെ ദുര്‍ബോധനങ്ങളിലകപ്പെടാതെ മാലാഖമാരോട് ചേര്‍ന്നു നന്മയുടെ സത്യസാക്ഷികളാകുവാനുള്ള സുവര്‍ണാവസരം ഇവിടെ സംജാതമാകുന്നു.
വിശുദ്ധ ഖുര്‍ആന്‍ അവതീര്‍ണമായ മാസമെന്നാണ് അല്ലാഹു റമദാനെ പരിചയപ്പെടുത്തുന്നത്. അങ്ങനെ വരുമ്പോള്‍ ഇത് ഖുര്‍ആനിന്റെ കൂടി മാസമാണ്. ഓരോ വിശ്വാസിയും ഖുര്‍ആനുമായി അത്യധികം ബന്ധം പുലര്‍ത്തുന്നൊരു വേളയാണിത്. സത്യത്തില്‍ ,അല്ലാഹുവിന്റെ വേദങ്ങളത്രയും അവതരിപ്പിക്കപ്പെട്ടത് റമദാനിലാണെന്നത് കേവലം യാദൃച്ഛികത ആയിരിക്കില്ല.
തിരുനബി (സ) അടക്കമുള്ള എല്ലാ മുര്‍സലുകളും നോമ്പനുഷ്ഠിച്ചവരാണ്. വിശ്വാസികളെല്ലാം പ്രവാചകര്‍ റമദാനെ എപ്രകാരം വരവേറ്റുവെന്നും, ആരാധനാകര്‍മങ്ങള്‍ കൊണ്ട് ധന്യമാക്കിയെന്നും സാകൂതം വീക്ഷിക്കുകയും അവ ജീവിതത്തില്‍ പകര്‍ത്താന്‍ ഔല്‍സുക്യം കാണിക്കുകയും ചെയ്യുന്നു. ആ അര്‍ഥത്തില്‍ അല്ലാഹുവിന്റെ അമ്പിയാ മുര്‍സലുകളുമായും റമദാന്‍ ബന്ധപ്പെട്ടു കിടക്കുന്നു.
ഓരോ മുസല്‍മാനും ദേഹേച്ഛകള്‍ക്കും വൈകാരികഭാവങ്ങള്‍ക്കും കൂച്ചുവിലങ്ങിട്ട് ഇത്രമേല്‍ ആത്മാര്‍ഥമായി വ്രതമനുഷ്ഠിക്കുന്നത്, അന്ത്യനാളിലും അതിനു ശേഷവും അനന്തമായ ഒരു ലോകമുണ്ടെന്നും അവിടെ വിചാരണയുണ്ടെന്നും വിശ്വസിച്ചു കൊണ്ട് തന്നെയാണ്. നന്മ ചെയ്യുന്നവര്‍ക്കു സ്വര്‍ഗമുണ്ടെന്ന് പ്രതീക്ഷിച്ചും തിന്മയുടെ വക്താക്കള്‍ക്ക് നരകമുണ്ടെന്ന് ഭയന്നുമാണ്.
ആയിരം മാസങ്ങളേക്കാള്‍ പവിത്രത നിറഞ്ഞ, ലക്ഷക്കണക്കിന് മാലാഖമാര്‍ ഭൂമിയില്‍ സന്നിഹിതരാവുന്ന, രാവു പുലരുവോളം അല്ലാഹുവില്‍ നിന്നുള്ള ശാന്തിയും സമാധാനവും കളിയാടുന്ന വിധിനിര്‍ണ്ണയരാവെന്ന 'ലൈലതുല്‍ ഖദ്‌റ്' കൊണ്ടു അനുഗ്രഹീതമാണെന്ന് കൂടി വരുമ്പോള്‍ അല്ലാഹുവിന്റെ ഖദ്‌റിലുള്ള വിശ്വാസവും റമദാനുമായി ചേര്‍ന്ന് നില്‍ക്കുന്നു. ഇത്രമാത്രം വിശ്വാസകാര്യങ്ങളുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന വേറൊരു ആരാധനാകര്‍മവും ഇല്ല തന്നെ.
(അമേരിക്കയിലെ പ്രമുഖ ഇസ്‌ലാമിക പ്രബോധകനും യഖീന്‍ ഇന്‍സിറ്റിറ്റിയൂട്ട് ഫോര്‍ ഇസ്‌ലാമിക് റിസര്‍ച്ച് അധ്യക്ഷനുമാണ് ലേഖകന്‍)
മൊഴിമാറ്റം: സുബൈര്‍ ഫൈസി പുല്‍പ്പള്ളി
തിരുത്ത്: റമദാന്‍ 16ന് പ്രസിദ്ധീകരിച്ച ശൈഖ് ഉസാമ അബ്ദുല്‍ കരീം രിഫാഈയുടെ ലേഖനത്തില്‍ ഹിജ്‌റ വേളയെ പരാമര്‍ശിച്ച ഭാഗത്ത് 'ഹിറാഗുഹ' എന്നത് 'സൗര്‍ ഗുഹ' എന്ന് തിരുത്തി വായിക്കേണ്ടതാണ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."