പ്രതിസന്ധികളെ തരണം ചെയ്ത് തോമസ് ചാണ്ടി മന്ത്രി പദത്തിലേക്ക്
കുട്ടനാട്: കുട്ടനാടിന്റെ ഏറെ അഭിമാന മുഹൂര്‍ത്തമൊരുക്കിയാണ് തോമസ് ചാണ്ടി മന്ത്രി പദത്തിലേക്ക് നീങ്ങുന്നത്. തനി കര്‍ഷകനെന്ന അഭിമാനബോധത്തോടെ തോമസ് ചാണ്ടി ഗതാഗത മന്ത്രിയാകുമ്പോള്‍ കുട്ടനാടിന്റെ കുടിവെളളം കഴിഞ്ഞാല്‍ ഏറ്റവും വലിയ പ്രശ്‌നമായി ചുണ്ടികാട്ടപ്പെടുന്ന ഗതാഗത പ്രശ്‌നം ഒരളവുവരെ പരിഹരിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷയിലുമാണ് കുട്ടനാട്ടുക്കാര്‍.
യൂത്ത് കോണ്‍ഗ്രസില്‍ തുടങ്ങി ഡിക്ക് കോണ്‍ഗ്രസിലൂടെ എന്‍.സി.പിയില്‍ എത്തിയ തോമസ് ചാണ്ടി ഇത് മൂന്നാംവട്ടമാണ് കുട്ടനാടിന്റെ ജനപ്രതിനിധിയായി നിയമസഭയിലെത്തുന്നത്. ജീവിതത്തിലെ പ്രാരാബ്ധങ്ങളെ അതിജീവിച്ച് ഉന്നതങ്ങളിലെത്തിയ തോമസ് ചാണ്ടിക്ക് രാഷ്ട്രീയത്തിലെ ചേരിതിരിവുകളും പകപോക്കലുകളും അത്ര വൈഷമ്യങ്ങള്‍ സൃഷ്ടിച്ചില്ല.
കടുത്ത രോഗം അദ്ദേഹത്തിന്റെ ആരോഗ്യത്തെ അലട്ടുന്നുണ്ടെങ്കിലും ജീവത്തിലെ ഏറ്റവും വലിയ സ്വപ്നമായ കുട്ടനാടിന്റെ മന്ത്രിയാകുകയെന്ന മോഹം പൂവണിയുന്ന അവസരത്തില്‍ രോഗം തോമസ് ചാണ്ടിക്കു മുന്നില്‍ വഴിമാറുകയാണ്. കുട്ടനാട്ടില്‍ വികസനങ്ങളുടെ പെരുമഴക്കാലം സൃഷ്ടിക്കുമെന്ന് പറയുന്ന തോമസ് ചാണ്ടിയുടെ സ്ഥാനാരോഹണം ഇവിടുത്തുക്കാര്‍ ആഘോഷമാക്കുകയാണ്. കുട്ടനാടിന്റെ വികസനം തോമസ് ചാണ്ടിയുടെതുക്കൂടിയാണ്. നൂറ്റമ്പത് വര്‍ഷം പഴക്കമുള്ള പുരാതന ഭവനത്തിലാണ് കുട്ടനാട് എം.എല്‍.എ തോമസ് ചാണ്ടി ഇന്നും കഴിയുന്നത്. കര്‍ഷകനെന്ന നിലയിലും കുട്ടനാട്ടുകാരനെന്ന നിലയിലും വികസനം തോമസ് ചാണ്ടിയുടെ മുഖ്യ അജണ്ടയാണ്.
കൃഷിയും ടൂറിസവുമാണ് കുട്ടനാടിന്റെ പ്രധാന വരുമാനമാര്‍ഗം. കതിരിട്ടു നില്‍ക്കുന്ന വയലേലകളും പുളഞ്ഞൊഴുകുന്ന കായലുകളും കുട്ടനാടിനെ ലോക പ്രശസ്തി നേടികൊടുക്കുമ്പോള്‍ ഇവിടെയെത്തുന്ന സഞ്ചാരികള്‍ക്ക് കുട്ടനാടിനെ അറിയുവാനും ആസ്വദിക്കുവാനും വിപുലമായ സംവിധാനങ്ങളാണ് നിയുക്ത മന്ത്രി തന്റെ നാട്ടില്‍ ഒരുക്കിയിട്ടുള്ളത്.
വിശ്വപ്രസിദ്ധമായ നെഹ്‌റുട്രോഫി ജലോത്സവം നടക്കുന്ന പുന്നമട കായലിന്റെ തീരത്ത് പണിതുയര്‍ത്തിയ ലേക്ക്പാലസ് റിസോര്‍ട്ട് സഞ്ചാരികള്‍ക്ക് ഏറെ പഥ്യമാണ്. നൂറുകോടി ചെലവിട്ട് നിര്‍മിച്ച ഈ സ്ഥാപനം കേരളത്തിലെതന്നെ റിസോര്‍ട്ടുകളില്‍ പ്രാധാന്യമര്‍ഹിക്കുന്നതാണ്. കുട്ടനാടിന്റെ വികസനത്തിന്റെ ഭാഗമായി നടപ്പിലാക്കിയ ഡോ. എം.എസ് സ്വാമിനാഥന്റെ കുട്ടനാട് പാക്കേജ് പദ്ധതി തോമസ് ചാണ്ടിയും എന്‍.സി.പി ദേശിയ അധ്യക്ഷന്‍ ശരദ്പവാറുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ രൂപംകൊണ്ടതാണെന്ന് പറയാം.
ഏറെ ജലസമൃദ്ധിയുണ്ടെങ്കിലും കുടിവെള്ളക്ഷാമം കുട്ടനാടിന്റെ ശാപമായിരുന്നു. ഇത് പരിഹരിക്കാനായി സ്വന്തമായി സ്ഥലം വാങ്ങി സൗജന്യമായി സര്‍ക്കാരിന് നല്‍കി നീരേറ്റുപുറത്ത് കുടിവെള്ള പദ്ധതി ആരംഭിച്ച് ജനങ്ങള്‍ക്കൊപ്പം നിന്ന നേതാവാണ് തോമസ് ചാണ്ടി. കൂടാതെ ദാവീദ് പുത്ര ചാരിറ്റബിള്‍ സൊസൈറ്റി എന്ന പേരില്‍ തോമസ് ചാണ്ടി ചെയര്‍മാനായുള്ള സന്നദ്ധ സംഘടന കഴിഞ്ഞ ഇരുപതു വര്‍ഷമായി കുട്ടനാട്ടിലെ നിരാലംബരായ രോഗികള്‍ക്കും വിദ്യാര്‍ഥികള്‍ക്കും സഹായം നല്‍കിവരുന്നു.
പ്രതിവര്‍ഷം ഒരു കോടിയോളം രൂപയാണ് വിതരണം ചെയ്യുന്നത്. തോമസ് ചാണ്ടിയുടെ സ്ഥാനാരോഹണം കുട്ടനാട്ടില്‍ ദുരിതം പേറുന്ന മഹാഭൂരിപക്ഷം വരുന്ന കര്‍ഷകര്‍ക്ക് ആശ്വാസമേകുമെന്നുതന്നെ കരുതാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."