പറിച്ചുനട്ട ആല്‍മരത്തില്‍ പതിനഞ്ചോളം പുതുനാമ്പുകള്‍ മുളച്ചു
പൊന്നാനി: പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ പ്രധാന്യം ഓര്‍മപ്പെടുത്തി നാളെ ലോകമെങ്ങും പരിസ്ഥിതി ദിനം ആഘോഷിക്കുമ്പോള്‍ ഇല്ലാതാവുന്ന പച്ചപ്പിനെയും തകിടം മറിയുന്ന ആവാസ വ്യവസ്ഥയെയും തിരിച്ചുപിടിയ്ക്കാന്‍ ഒരു ആല്‍മരത്തിലൂടെ ശ്രമിച്ച ഒരു കൂട്ടം പരിസ്ഥിതി പ്രവര്‍ത്തകര്‍ തങ്ങളുടെ ശ്രമം സഫലമായതിന്റെ നിര്‍വൃതിയിലാണ്.
മാറഞ്ചേരിയില്‍നിന്ന് റോഡ് വികസനത്തിന് വേണ്ടി ഇവര്‍ ആഴ്ചകള്‍ക്കുമുമ്പ് മുറിച്ച് പൊന്നാനിയില്‍ നട്ട കൂറ്റന്‍ ആല്‍മരത്തില്‍ ഇലകള്‍ മുളച്ചു. പ്രകൃതി സ്‌നേഹികളെ ഏറെ സന്തോഷിപ്പിച്ച് പതിനഞ്ചോളം നാമ്പുകളാണ് ആല്‍മരത്തില്‍ തളിരിട്ടത്. വികസനം വേണോ ആല്‍മരം വേണോ എന്നു ചോദിച്ചപ്പോള്‍ അന്ന് അധികൃതര്‍ മരം മുറിക്കുകയാണ് ചെയ്തത്. നാട്ടുകാര്‍ പറഞ്ഞത് രണ്ടും വേണമെന്നാണ്. അതോടെയാണ് മുറിച്ച മരത്തിന് പൊന്നാനി ജീവന്‍ തിരികെ നല്‍കാന്‍ ഒരു കൂട്ടം പ്രകൃതിസ്‌നേഹികള്‍ രംഗത്തിറങ്ങിയത്. പൊന്നാനിയിലെ നിള കലാഗ്രാമം പൈതൃക പദ്ധതിയുടെ വളപ്പിലാണ് മൂന്നാഴ്ച മുമ്പ് പറിച്ചുനട്ട ആല്‍മരം പുതിയ ഇലകള്‍ നാമ്പിട്ട് അതിജീവനത്തിന്റെ നല്ല പാഠം നല്‍കുന്നത്.
ഇതിനെല്ലാം നന്ദി പറയേണ്ടത് ആല്‍മരത്തെ മരിക്കാന്‍ വിട്ടുകൊടുക്കാതെ മുന്നിട്ടിറങ്ങിയ ഐ ഫോര്‍ ഇന്ത്യ ഗ്രീന്‍ ആര്‍മി പ്രവര്‍ത്തകരെയാണ്. മരം പൊന്നാനിയില്‍ നടാനായി 60,000 രൂപയോളമാണ് ചിലവ് വന്നത്. ഇപ്പോഴും മുഴുവന്‍ തുക പിരിച്ചുകിട്ടിയിട്ടില്ല.എങ്കിലും ആല്‍മരത്തെ പരിചരിക്കുന്നതില്‍ ഇവര്‍ പിന്നോട്ടില്ല.
കൃത്യമായി പരിചരിക്കുന്നതുകൊണ്ട് മരം ഉണങ്ങാതെ വളര്‍ത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ഗ്രീന്‍ ആര്‍മി പ്രവര്‍ത്തകര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."