ചെക്ക് പോസ്റ്റിന്റെ കോണ്‍ക്രീറ്റ് തൂണും കൊളുത്തും അപകട ഭീഷണിയുയര്‍ത്തുന്നു
ബദിയഡുക്ക: ചെക്ക് പോസ്റ്റിന്റെ പ്രവര്‍ത്തനം നിര്‍ത്തലാക്കിയിട്ടും അവിടെയുണ്ടായിരുന്ന കോണ്‍ക്രീറ്റ് തൂണും കൊളുത്തും നീക്കം ചെയ്യാത്തത് വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നതിനു കാരണമാകുന്നതായി പരാതി. ജി.എസ്.ടി നിലവില്‍ വന്നതോടെ ചെക്ക് പോസ്റ്റുകളുടെ പ്രവര്‍ത്തനം നിര്‍ത്തലാക്കിയിരുന്നു.
എന്നാല്‍ പെര്‍ളയിലെ ചെക്ക് പോസ്റ്റിന്റെ അവശിഷ്ടമായി നില്ക്കുന്ന തൂണിലും കൊളുത്തിലും തട്ടി റോഡ് വഴി കടന്നുപോകുന്ന വാഹങ്ങള്‍ക്ക് കേടുപാട് സംഭവിക്കുന്നത് പതിവാണ്.
നേരത്തെ വാണിജ്യ നികുതി ചെക്ക് പോസ്റ്റ് ഉണ്ടായിരുന്നപ്പോള്‍ നികുതി വെട്ടിച്ചു കടക്കുന്ന വാഹനങ്ങള്‍ അധികൃതരുടെ കണ്ണ് വെട്ടിച്ചു കടന്നുപോവാതിരിക്കാന്‍ ചെക്ക് പോസ്റ്റില്‍ ഗേറ്റ് സ്ഥാപിച്ചിരുന്നു. ഗേറ്റ് അടച്ചതിനു ശേഷം തൂണിലുള്ള കൊളുത്തില്‍ ഘടിപ്പിക്കുകയിരുന്നു പതിവ്.
വാഹനങ്ങളുടെ രേഖകള്‍ പരിശോധിച്ചതിനു ശേഷം കൊളുത്തില്‍നിന്നു ഗേറ്റ് നീക്കം ചെയ്തു വാഹനങ്ങളെ കടത്തി വിടും. ഗേറ്റ് അടക്കാനും തുറക്കാനും ജീവനക്കാരുമുണ്ടായിരുന്നു. എന്നാല്‍ ചെക്ക് പോസ്റ്റ് നിര്‍ത്തലാക്കുകയും ഗേറ്റ് മാറ്റുകയും ചെയ്തുവെങ്കിലും കൊളുത്ത് മാത്രം നീക്കം ചെയ്തില്ല. സ്വര്‍ഗ ഭാഗത്തുനിന്നു വരുന്ന വാഹനങ്ങളാണ് കൊളുത്തില്‍ തട്ടുന്നത്. രാത്രികാലങ്ങളില്‍ ഇരുചക്ര വാഹനങ്ങള്‍ അതില്‍ തട്ടി അപകടത്തില്‍പെടുന്നതും കാല് നടയാത്രക്കാര്‍ അതില്‍തട്ടി വീഴുന്നതും പതിവാണെന്നാണ് നാട്ടുകാരുടെ പരാതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."