വഴിയില്ല, കുടിവെള്ളമില്ല, മഴയെത്തിയാല്‍ ഒറ്റപ്പെടും മുട്ടിലാടി കോളനിക്കാരുടെ ദുരിതത്തിന് അറുതിയാകുന്നില്ല
മീനങ്ങാടി: മഴക്കാലമായാല്‍ മുട്ടില്‍ പഞ്ചായത്ത് എട്ടാം വാര്‍ഡ് മുട്ടിലാടി ആദിവാസി പണിയ കോളനിയിലെ കുടുംബങ്ങള്‍ക്ക് ഉറക്കമില്ലാത്ത ദിനങ്ങളാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയില്‍ പുഴയിലെ വെള്ളമുയരുന്നതനുസരിച്ച് നെഞ്ചിടിപ്പോടെ കഴിയുകയായിരുന്നു മുട്ടിലാടി കോളനിയിലെ ഒന്‍പത് കുടുംബങ്ങള്‍.
ശക്തമായ മഴയില്‍ പുഴയോരങ്ങളിലുള്ള വീടുകളിലേക്ക് വെള്ളം കയറുമ്പോള്‍ കുടുംബങ്ങള്‍ക്ക് ആശ്രയം താല്‍ക്കാലിക ദുരിതാശ്വാസ ക്യാംപുകളാണെങ്കില്‍ മുട്ടിലാടി കോളനിക്കാരുടെ സഹായത്തിനെത്തുക കോളനിയില്‍ നിന്നും കുറച്ചകലെ താമസിക്കുന്ന മുരളിയും കുടുംബവുമാണ്. വീടുകളിലേക്ക് വെള്ളം പൊങ്ങുന്നതോടെ മുരളിയുടെ വീട് ഈ കുടുംബങ്ങള്‍ക്കുള്ള ക്യാംപാവുകയാണ് പതിവ്. ഈ കോളനിയിലേക്കെത്താന്‍ മീനങ്ങാടി കുട്ടിരായിന്‍ പാലത്തിനോട് ചേര്‍ന്നുള്ള മണ്‍പാത മാത്രമാണുള്ളത്.
ഈ പാത പകുതി വഴി പിന്നിടുമ്പോള്‍ നട വരമ്പിനെ ആശ്രയിക്കേണ്ട സ്ഥിതിയാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ് കോളനിവാസികളുടെ ദുരിതം കണ്ട് സ്വകാര്യ വ്യക്തി നടവഴി നല്‍കിയെങ്കിലും പുഴക്ക് സംരക്ഷണ ഭിത്തിയില്ലാത്തതിനാല്‍ ആ വഴിയും പുഴയെടുത്തു. പുഴയോട് ചേര്‍ന്ന ചെളി നിറഞ്ഞ വഴിയിലൂടെയും പാട വരമ്പിലൂടെയുമുള്ള ദുര്‍ഘടം പിടിച്ച യാത്ര കോളനിയെ ഒറ്റപ്പെടുത്തുകയാണ്. മഴക്കാലത്ത് കോളനിയില്‍ നിന്നും സ്‌കൂളിലേക്ക് പോകുന്ന കുട്ടികളുടെ പഠനവും മുടങ്ങാറാണ് പതിവ്. കോളനിക്കാര്‍ക്ക് ഭവന നിര്‍മാണ പദ്ധതികള്‍ക്ക് അനുമതി ലഭിച്ചിട്ടുണ്ടെങ്കിലും വീടിന് വേണ്ട സാധന സാമഗ്രികള്‍ എത്തിക്കുവാന്‍ കഴിയാത്തതിനാല്‍ വീടെന്ന സ്വപ്നവും ഇവര്‍ക്കന്യമാവുകയാണ്.
ഈ കോളനിയില്‍ കുടിവെള്ളത്തിനായി മുട്ടില്‍ ഗ്രാമ പഞ്ചായത്ത് മൂന്ന് കിണറുകളാണുള്ളത്. ഉപയോഗ ശൂന്യമായതിനാല്‍ രണ്ട് കിണറുകള്‍ കോളനിക്കാര്‍ തന്നെ മൂടി. കോളനിയില്‍ നിന്നും 250 മീറ്റര്‍ അകലെ മുരളിയുടെ വീട്ടിലെ കിണറാണ് ഇപ്പോള്‍ കോളനിക്കാരുടെ ആശ്രയം. കോളനിക്കാരുടെ വര്‍ഷങ്ങളായുള്ള ആവശ്യങ്ങള്‍ക്ക് പരിഹാരം കാണാന്‍ ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്ന് ഒരു നടപടിയും ഇല്ലാത്തത് പ്രധിഷേധത്തിനിടയാക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."