മൊബൈല്‍ എ.ടി.എം സംവിധാനവുമായി ജില്ലാ സഹകരണ ബാങ്ക്
കല്‍പ്പറ്റ: ജില്ലാ സഹകരണ ബാങ്കില്‍ മൊബൈല്‍ ഡമോസ്‌ട്രേഷന്‍ വാന്‍ പ്രവര്‍ത്തന സജ്ജമായി. ജില്ലയില്‍ വിദൂര ഗ്രാമങ്ങളില്‍ താമസിക്കുന്ന ആദിവാസി സമൂഹമടങ്ങുന്ന ജനസമൂഹത്തിന് സാമ്പത്തിക സാക്ഷരത വളര്‍ത്തുന്നതിനും, നൂതന ബാങ്കിങ് രംഗത്തെ സേവനങ്ങളും സാങ്കേതിക വിദ്യാ പരിജ്ഞാനവും എത്തിക്കുകയെന്ന ലക്ഷ്യത്തോടെ നബാര്‍ഡിന്റെ സഹായത്തോടെ വാന്‍ സജ്ജീകരിച്ചിരിക്കുന്നത്.
നബാര്‍ഡിന്റെ സഹായത്തോടെ ഫിനാന്‍ഷ്യല്‍ ഇന്‍ക്ലൂഷന്‍ ടെക്‌നിക്കല്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തിയാണ് മൊബൈല്‍ എ.ടി.എം വാന്‍ സജ്ജമാക്കിയിരിക്കുന്നത്. ജില്ലയില്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന ഏക സംവിധാനമാണ്. പൂര്‍ണ്ണമായും സൗരോര്‍ജ്ജം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന പരിസ്ഥിതി സൗഹാര്‍ദപരമായ വാഹനമാണിത്.
ജില്ലയിലെ വിദൂര സ്ഥലങ്ങളില്‍ ബാങ്കിങ് സേവനം നടപ്പിലാക്കുക, ബാങ്കിന്റെ വിവിധ നിക്ഷേപ വായ്പാ പദ്ധതികള്‍ എന്നിവയെകുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനും അതുവഴി കൂടുതല്‍ പേരെ ബാങ്കിന്റെ ഇടപാടുകാരാക്കുന്നതിനും, ജനങ്ങളുടെ സാമ്പത്തികാവശ്യങ്ങള്‍ എത്രയും വേഗം നിര്‍വ്വഹിക്കുന്നതിനും ഉദ്ദേശിച്ചാണ് സഞ്ചരിക്കുന്ന മെബൈല്‍ വാന്‍ സംവിധാനം നടപ്പില്‍ വരുത്തിയിട്ടുള്ളത്.
വിവിധ സാമൂഹ്യ സുരക്ഷാ പദ്ധതികളായ പി.എം.എസ്.ബി.വൈ, പി.എം.ജി.ബി.വൈ, എ.പി.വൈ തുടങ്ങിയവ സംബന്ധിച്ച് പ്രചാരണം നടത്തുന്നതിനും ജനങ്ങളുടെ സാമ്പത്തികാവശ്യങ്ങള്‍ വീട്ടുപടിക്കല്‍ നിര്‍വഹിക്കുന്നതിനും ഈ സംവിധാനം അവസരമൊരുക്കും.
ബാങ്കിങ്ങ് രംഗത്തെ ആധുനിക സേവനങ്ങളായ ആര്‍.ടി.ജി,എസ്, എന്‍.ഇ.എഫ്.ടി, ഡി.ബി.ടി, സി.ടി.എസ്, ഇ.സി.എസ് എന്നിവക്ക് പുറമെ സാങ്കേതിക ജ്ഞാനം ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യവുമായി സഞ്ചരിക്കുന്ന മൊബൈല്‍ എ.ടി.എം സംവിധാനം എല്ലാ മാസവും ആദ്യ മൂന്ന് ദിവസങ്ങളില്‍ ജില്ലാ ഭരണ കേന്ദ്രമായ സിവില്‍ സ്റ്റേഷന്‍ പരിസരത്ത് പ്രവര്‍ത്തിക്കും. പ്രവര്‍ത്തനോദ്ഘാടനം എ.ഡി.എം കെ.എം രാജു നിവഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."