അവസാന പത്തിലെ പുണ്യം നേടാന്‍ എല്ലാ വഴികളും ഹറമിലേക്ക്; പുണ്യനഗരികളില്‍ വാനനിരീക്ഷണം ശക്തമാക്കി
മക്ക: വിശുദ്ധ റമദാന് അവസാന പത്തിലേക്ക് പ്രവേശിച്ചതോടെ ഇരുഹറമുകളിലും സുരക്ഷ ശക്തമാക്കി. ഇടതടവില്ലാതെ വാനനിരീക്ഷണവും നടത്തുന്നുണ്ട്. റമദാന് അവസാന പത്തിലെ പുണ്യം നേടാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ലക്ഷോപ ലക്ഷം തീര്‍ഥാടകര്‍ പുണ്യനഗരികളില്‍ എത്തിയതോടെ ഇരു ഹറമുകളിലും ജനനിബിഡമായതിനാല്‍ കൂടുതല്‍ സുരക്ഷക്കായാണ് ആകാശ നിരീക്ഷണവും ശക്തമാക്കിയത്.
മക്ക ഹറം പള്ളിക്കു ചുറ്റും മദീനയിലെ പ്രവാച പള്ളിക്കു ചുറ്റും സഊദി വ്യോമസേനയുടെ വിമാനം സദാ സമയവും കാമറ കണ്ണുകളുമായി റോന്ത് ചുറ്റുകയാണ്. ഇതിനു പുറമെ പരിസരങ്ങളിലെ പ്രധാന പാതകളും ഊടു വഴികളും ഒപ്പിയെടുത്തു തത്സമയം വേണ്ട നിര്‍ദേശങ്ങള്‍ സെക്യൂരിറ്റി സെന്ററിലേക്ക് നല്‍കുന്നുണ്ട്. ഏറ്റവും തിരക്കേറിയ ജിദ്ദ മക്ക എക്സ്പ്രസ് ഹൈവേയും മക്ക മദീന ജിദ്ദ ഹൈവേയും ആകാശ നിരീക്ഷണത്തിനു കീഴിലാണ്. വ്യോമസേനയുടെ ജാഗ്രത മൂലം അപകടം ഒഴിവാക്കാനും ദുരന്തങ്ങള്‍ തടയാനും സമയാസമയങ്ങളില്‍ ആവശ്യമായ മുന്‍കരുതല്‍ എടുക്കാനും സഹായകമാകുന്നുണ്ട്.
റമദാനിലെ സുരക്ഷാ മുന്‍കരുതല്‍ നേരത്തെ ആസൂത്രണം ചെയ്തത് പോലെ തന്നെ മുന്നേറുന്നതായി ഏവിയേഷന്‍ സുരക്ഷ ജനറല്‍ കമാണ്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ ഹസ്സന് അല്‍ ബസ്സം പറഞ്ഞു. ഏതു അത്യാഹിതവും നേരിടാന്‍ സജ്ജമായ രീതിയില്‍ ആധുനിക ഉപകരണങ്ങളോടെ ഹെലികോപ്റ്ററുകള്‍ സദാസമയവും നിരീക്ഷണം നടത്തുന്നതായും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."