പോര്‍ച്ചുഗല്‍-വെയ്ല്‍സ് പോരാട്ടം, ബെല്‍ജിയത്തെ 3-1ന് അട്ടിമറിച്ച് വെയ്ല്‍സ്
പാരിസ്: യൂറോ കപ്പിലെ ആവേശം നിറഞ്ഞ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ചരിത്ര വിജയവുമായി വെയ്ല്‍സ് സെമിയില്‍ കടന്നു. ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്ക് ബെല്‍ജിയത്തെയാണ് വെയ്ല്‍സ് അട്ടിമറിച്ചത്. ഒരു ഗോളിന് പിന്നിട്ടു നിന്ന ശേഷമായിരുന്നു വെയ്ല്‍സിന്റെ വമ്പന്‍ ജയം. ആഷ്‌ലി വില്യംസ്, റോബ്‌സന്‍ കാനു, സാം വോക്‌സ് എന്നിവര്‍ ഗോള്‍ നേടി. പോര്‍ച്ചുഗലാണ് സെമിയില്‍ വെയ്ല്‍സിന്റെ എതിരാളി.
വെയ്ല്‍സിന്റെ പ്രതിരോധത്തെ ആദ്യത്തെ 20 മിനുട്ടില്‍ നിരവധി തവണ ഭേദിക്കാന്‍ ബെല്‍ജിയത്തിന് കഴിഞ്ഞു. ബെല്‍ജിയത്തിന്റെ കൗണ്ടര്‍ അറ്റാക്കില്‍ പലതും ഗോളിനടുത്തെത്തിയിരുന്നു.
ഏഴാം മിനുട്ടില്‍ ലഭിച്ച മൂന്നു സുവര്‍ണാവസരങ്ങളാണ് ബെല്‍ജിയം നഷ്ടപ്പെടുത്തിയത്. ആദ്യ ഷോട്ട് യാനിക് കരാസ്‌കോയുടെ വകയായിരുന്നു. കരാസ്‌കോയുടെ ക്ലോസ് റേഞ്ചര്‍ വെയ്ല്‍സ് ഗോളി വെയ്ന്‍ ഹെന്നസി സേവ് ചെയ്തു. പിന്നീട് കെവിന്‍ ഡിബ്രൂയ്‌നും തോമസ് മ്യൂണിയറും ഏദന്‍ ഹസാദും തൊടുത്ത ഷോട്ടുകള്‍ വെയ്ല്‍സ് പ്രതിരോധത്തെ മറികടക്കാന്‍ സാധിച്ചില്ല. തൊട്ടുപിന്നാലെ ഡിബ്രൂയ്‌ന്റെ ക്രോസില്‍ റൊമേലു ലുകാകു ഹെഡ്ഡറിന് ശ്രമിച്ചെങ്കിലും ലക്ഷ്യം കണ്ടില്ല. ഇതിനു ശേഷം റോബ്‌സന്‍ കാനുവും ഗരത് ബെയ്‌ലും നടത്തിയ നീക്കങ്ങള്‍ ബെല്‍ജിയത്തെ ഞെട്ടിച്ചു.
13ാം മിനുട്ടില്‍ ബെല്‍ജിയം അക്കൗണ്ട് തുറന്നു. 30 വാര അകലെ നിന്നു റാഡ്ജ നിംഗോളാന്‍ തൊടുത്ത ഷോട്ട് ഹെന്നസിയുടെ കൈയില്‍ ഉരസി വലയില്‍ കയറുകയായിരുന്നു. ഗോള്‍ വഴങ്ങിയതോടെ വെയ്ല്‍സ് മുന്നേറ്റം ശക്തിപ്പെടുത്തി. എന്നാല്‍ ബെല്‍ജിയം പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും പ്രതിരോധ താരങ്ങളുടെ പരിചയസമ്പത്തില്ലായ്മ ടീമിനു തിരിച്ചടിയായി. ഗോളി തിബോട്ട് കുര്‍ട്ടോയിസിന്റെ സേവുകള്‍ വെയ്ല്‍സിനെ ആദ്യ ഘട്ടത്തില്‍ ഗോളില്‍ നിന്നു അകറ്റി.
നീല്‍ ടെയ്‌ലറുടെയും ആരോണ്‍ റാംസിയുടെയും ഷോട്ടുകള്‍ കുര്‍ട്ടോയിസ് രക്ഷപ്പെടുത്തി. എന്നാല്‍ അധികം വൈകാതെ തന്നെ മോശം പ്രതിരോധത്തിനു ബെല്‍ജിയം വില കൊടുക്കേണ്ടി വന്നു. 30ാം മിനുട്ടില്‍ റാംസി എടുത്ത കോര്‍ണറില്‍ മികച്ചൊരു ഹെഡ്ഡറിലൂടെ വെയ്ല്‍സ് നായകന്‍ ആഷ്‌ലി വില്യംസ് ബെല്‍ജിയത്തിന്റെ വല കുലുക്കുകയായിരുന്നു. വെയ്ല്‍സ് സമനില പിടിച്ചതോടെ ബെല്‍ജിയം മുന്നേറ്റം ശക്തമാക്കി. എന്നാല്‍ ആദ്യ പകുതിയില്‍ അവര്‍ക്ക് വെല്ലുവിളിയുയര്‍ത്താനായില്ല.
രണ്ടാം പകുതിയില്‍ ബെല്‍ജിയത്തിന്റെ മുന്നേറ്റത്തോടെയാണ് കളി ആരംഭിച്ചത്. മ്യൂണിയറിന്റെ ക്രോസില്‍ ലുകാകുവിന് ലഭിച്ച അവസരം മുതലെടുക്കാന്‍ താരത്തിന് സാധിച്ചില്ല. പിന്നീട് ഡിബ്രൂയ്‌ന്റെ ലോങ് റേഞ്ചര്‍ പോസ്റ്റിന് മുകളിലൂടെ പോയി. ഹസാദിന്റെ ഷോട്ടും ലക്ഷ്യം കണ്ടില്ല. ബെല്‍ജിയം എതു നിമിഷവും ഗോള്‍ നേടാമെന്ന അവസ്ഥയില്‍ നില്‍ക്കെയാണ് വെയ്ല്‍സ് രണ്ടാം ഗോള്‍ നേടുന്നത്. 55ാം മിനുട്ടില്‍ റാംസിയുടെ ക്രോസ് ലഭിച്ച റോബ്‌സന്‍ കാനു മൂന്നു പ്രതിരോധ താരങ്ങളെ അദ്ഭുതകരമായി വെട്ടിച്ചാണ് ഗോള്‍ നേടിയത്. മത്സരത്തിലെ വണ്ടര്‍ ഗോള്‍ കൂടിയായിരുന്നു ഇത്. ബെല്‍ജിയത്തിന്റെ പ്രതിരോധം അതിദുര്‍ബലമാണെന്നു തെളിയിക്കുന്നതായിരുന്നു ഈ ഗോള്‍. പിന്നീടും ഗോളാക്കാമായിരുന്ന നിരവധി അവസരങ്ങള്‍ ലക്ഷ്യത്തിലെത്തിക്കാന്‍ ബെല്‍ജിയത്തിന് സാധിച്ചില്ല.
കളി അവസാനിക്കാന്‍ 15 മിനുട്ട് ശേഷിക്കെ ബെല്‍ജിയം ഗോളിനായി നിരന്തരം മുന്നേറ്റങ്ങള്‍ നടത്തി. ഫെല്ലെയ്‌നിയുടെ ഹെഡ്ഡര്‍ പോസ്റ്റിന് പുറത്തേക്ക് പോയപ്പോള്‍ നിംഗോളാന്റെ പെനാല്‍റ്റിക്കായുള്ള അപ്പീല്‍ റഫറി അനുവദിച്ചില്ല. 85ാം മിനുട്ടില്‍ വെയ്ല്‍സ് വീണ്ടും ഗോള്‍ നേടിയതോടെ ബെല്‍ജിയത്തിന്റെ എല്ലാ പ്രതീക്ഷയും അവസാനിച്ചു. ക്രിസ് ഗുണ്ടറിന്റെ ക്രോസില്‍ സാം വോക്‌സ് തകര്‍പ്പനൊരു ഹെഡ്ഡറിലൂടെ വല കുലുക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."