മുനിസിപ്പാലിറ്റി, പഞ്ചായത്ത് രാജ് നിയമ ഭേദഗതി:ബില്ലുകള്‍ സബ്ജക്ട് കമ്മിറ്റിക്ക്
തിരുവനന്തപുരം: മുനിസിപ്പാലിറ്റി, പഞ്ചായത്ത് രാജ് നിയമങ്ങള്‍ ഭേദഗതി ചെയ്യുന്നതിനുള്ള മൂന്നു ബില്ലുകള്‍ നിയമസഭ സബ്ജക്ട് കമ്മിറ്റിക്കു വിട്ടു. 2018ലെ കേരള മുനിസിപ്പാലിറ്റി (ഭേദഗതി) ബില്‍, 2018ലെ കേരള മുനിസിപ്പാലിറ്റി (രണ്ടാം ഭേദഗതി) ബില്‍, 2018ലെ കേരള പഞ്ചായത്ത് രാജ് (ഭേദഗതി) ബില്‍ എന്നിവയാണ് ഇന്നലെ പ്രതിപക്ഷ ബഹളത്തിനിടയില്‍ ചര്‍ച്ച കൂടാതെ സബ്ജക്ട് കമ്മിറ്റിക്കു വിട്ടത്.
നഗരസഭാംഗങ്ങള്‍ സ്വത്തുവിവരം സംബന്ധിച്ച പ്രസ്താവന ബന്ധപ്പെട്ട അധികാരിക്കു നല്‍കുന്നതിനുള്ള കാലാവധി ചുമതലയേറ്റ ദിവസം മുതല്‍ 30 മാസം വരെയാക്കി ദീര്‍ഘിപ്പിക്കുന്നതിനുള്ളതാണ് മുനിസിപ്പാലിറ്റി (രണ്ടാം ഭേദഗഗതി) ബില്‍. നിലവില്‍ ഇത് 15 മാസമാണ്. പല കാരണങ്ങളാലും നിലവിലെ സമയപരിധിക്കുള്ളില്‍ സ്വത്തുവിവരം സമര്‍പ്പിക്കാന്‍ കൗണ്‍സിലര്‍മാര്‍ക്കു സാധിക്കാതെ വരുന്ന സാഹചര്യം കണക്കിലെടുത്താണ് ഭേദഗതി കൊണ്ടുവരുന്നത്.
മുനിസിപ്പാലിറ്റികളിലും പഞ്ചായത്തുകളിലും വ്യക്തിയോ സ്ഥാപനങ്ങളോ അനധികൃതമായി നടത്തിയ ഭൂവികസനമോ കെട്ടിട നിര്‍മാണമോ ഫീസ് ഈടാക്കി ക്രമവല്‍ക്കരിക്കുന്നതിനുള്ള കാലപരിധി നീട്ടിക്കൊടുക്കാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് മുനിസിപ്പാലിറ്റി (ഭേദഗതി) ബില്‍, പഞ്ചായത്ത് രാജ് (ഭേദഗതി) ബില്‍ എന്നിവ. ഭേദഗതിയനുസരിച്ച് 2017 ജൂലൈ 31നോ അതിനു മുന്‍പോ അനധികൃതമായി നടത്തിയ ഭൂവികസനമോ കെട്ടിട നിര്‍മാണമോ ഫീസ് ഈടാക്കി ക്രമവല്‍ക്കരിച്ചു നല്‍കാം. നിലവില്‍ 2013 മാര്‍ച്ച് 31നോ അതിനു മുന്‍പോ ഉള്ളവയ്ക്കാണ് ക്രമവല്‍ക്കരണ സൗകര്യമുള്ളത്. നിലവിലെ വ്യവസ്ഥയില്‍ കെട്ടിട നിര്‍മാണത്തിനു ബാധകമായിരുന്ന ഈ സൗകര്യം പുനര്‍നിര്‍മാണത്തിനും കൂട്ടിച്ചേര്‍ക്കലുകള്‍ക്കും ലഭിക്കും.
ഫീസ് ഈടാക്കി ക്രമവല്‍ക്കരിക്കാനുള്ള അധികാരം നിലവിലെ വ്യവസ്ഥയില്‍ 'സര്‍ക്കാരിന് 'എന്ന് ആയിരുന്നതിനു പകരം 'ജില്ലാ ടൗണ്‍ പ്ലാനര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ സമിതിക്ക് 'എന്നായി മാറും. മന്ത്രി കെ.ടി ജലീലാണ് ബില്‍ അവതരിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."