മൂന്നാറിലെ ഹൈ ആള്‍ട്ടിറ്റിയൂഡ് സ്റ്റേഡിയം പൊളിച്ചുനീക്കുന്നു
തിരുവനന്തപുരം: എട്ടു കോടി മുടക്കി നിര്‍മിച്ച മൂന്നാറിലെ ഹൈ ആള്‍ട്ടിറ്റിയൂഡ് ട്രെയിനിങ് സെന്റര്‍ പൊളിച്ചു നീക്കുന്നു. വാണിജ്യ ടൂറിസം ആവശ്യങ്ങള്‍ക്കു കൂടി ഉപയോഗിക്കാന്‍ ലക്ഷ്യമിട്ടാണു നിലവിലെ കെട്ടിടവും സ്റ്റേഡിയവും പൊളിച്ചു നീക്കുന്നത്.
സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഇതിനായി പുതിയ പദ്ധതി അണിയറയില്‍ തയ്യാറാകുകയാണ്. പി.പി.പി മാതൃകയിലാണു പുതിയ പദ്ധതി നടപ്പാക്കാന്‍ ചര്‍ച്ചകള്‍ നടക്കുന്നത്. ഉടമസ്ഥത സ്‌പോര്‍ട്‌സ് കൗണ്‍സിലും നടത്തിപ്പും സംരക്ഷണവും സ്വകാര്യ ഏജന്‍സികള്‍ക്കും നല്‍കാനാണ് നീക്കം. രാജ്യാന്തര സംസ്ഥാന താരങ്ങള്‍ക്കു പരിശീലനം നടത്താന്‍ ലക്ഷ്യമിട്ടാണ് മൂന്നാറിന്റെ ഹൃദയ ഭാഗത്തുള്ള സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ 14 ഏക്കര്‍ ഭൂമിയില്‍ ഹൈ ആള്‍ട്ടിറ്റിയൂഡ് ട്രെയിനിങ് സെന്റര്‍ എന്ന പേരില്‍ സ്റ്റേഡിയവും കെട്ടിടവും നിര്‍മിച്ചത്.
എന്നാല്‍ നിര്‍മാണത്തിലെ അപാകതയും തുടര്‍ സംരക്ഷണത്തിലെ പാളിച്ചയും മൂലം ചോര്‍ന്നൊലിക്കുന്ന കെട്ടിടം തകര്‍ച്ചയുടെ വക്കിലാണ്. കെട്ടിടം നിര്‍മിച്ചത് തന്നെ മൈതാനത്തിന്റെ നടുക്ക് അശാസ്ത്രീയമായാണ്. നിലവില്‍ സാമൂഹികവിരുദ്ധരുടെയും കന്നുകാലികളുടെയും താവളമാണിവിടം.
ട്രെയിനിങ് സെന്ററിന്റെ നിര്‍മാണത്തിലെ അഴിമതി സംബന്ധിച്ചു നിലവില്‍ വിജിലന്‍സ് അന്വേഷണം നടക്കുകയാണ്. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുന്‍ പ്രസിഡന്റ് ഒളിംപ്യന്‍ അഞ്ജു ബോബി ജോര്‍ജ് നല്‍കിയ പരാതിയിലാണ് അന്വേഷണം.
ഇതിനിടെയാണു ഒന്‍പതു വര്‍ഷം മുന്‍പു എട്ടു കോടി മുടക്കി നിര്‍മിച്ച ട്രെയിനിങ് സെന്റര്‍ പൊളിച്ചു നീക്കാന്‍ പദ്ധതി തയ്യാറാക്കുന്നത്. വാണിജ്യ ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്ന തരത്തില്‍ പുതിയ സ്റ്റേഡിയവും സ്‌പോര്‍ട്‌സ് കോംപ്ലക്‌സും നിര്‍മിക്കാനാണ് ലക്ഷ്യമിടുന്നത്.
കായിക രംഗത്തിനുള്ള എല്ലാ സൗകര്യങ്ങളും നിലനിര്‍ത്തുമെന്നാണ് വാഗ്ദാനം. മൂന്നാറിന്റെ കാലാവസ്ഥയ്ക്കും ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ക്കും അനുയോജ്യമായ രീതിയിലുള്ള കെട്ടിടങ്ങളും സൗകര്യങ്ങളും ഒരുക്കിയാലേ ഏഷ്യയിലെ മികച്ച കായിക താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു മൂന്നാറിലെ സെന്റര്‍ കൊണ്ടു പ്രയോജനമുള്ളു. ഇതിനു കഴിയുന്ന തരത്തിലുള്ള സംവിധാനങ്ങള്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ ഒരുക്കും. ഫോര്‍ സ്റ്റാര്‍ ഹോട്ടല്‍, സ്‌പോര്‍ട്‌സ്് മ്യൂസിയം, കണ്‍വന്‍ഷന്‍ ഹാള്‍, കട മുറികള്‍ തുടങ്ങിയവയും പദ്ധതിയുടെ ഭാഗമായി ഒരുക്കും. വിനോദ സഞ്ചാരികളെ കൂടി ആകര്‍ഷിക്കുന്ന തരത്തിലുള്ള പദ്ധതിയാണു തയ്യാറാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."