മരങ്ങള്‍ അപകട ഭീഷണി ഉയര്‍ത്തുന്നു
ചാരുംമൂട്: കായംകുളം -പുനലൂര്‍ സംസ്ഥാന പാതയില്‍ നൂറനാട് ലെപ്രസി സാനിട്ടോറിയത്തിനു മുന്‍വശം നില്ക്കുന്ന അക്കേഷ്യ മരങ്ങള്‍ അപകടഭീഷണിയുയര്‍ത്തുന്നു.
കഴിഞ്ഞ ദിവസം ഇവിടെ നിന്നിരുന്ന അക്കേഷ്യ മരം റോഡിലേക്ക് വീണതിനെത്തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം ഏതാനും മണിക്കൂര്‍ തടസപ്പെട്ടിരുന്നു. കായംകുളത്തു നിന്നെത്തിയ അഗ്നിശമന സേനയാണ് റോഡിലേക്ക് വീണ മരംമുറിച്ചു മാറ്റിയത്. മരം വൈദ്യുതി ലൈനിലേക്ക് വീണതിനാല്‍ പ്രദേശത്തെ വൈദ്യുതി വിതരണവും തടസപ്പെട്ടു.
കഴിഞ്ഞ ദിവസം പൊയ്ത മഴയെതുടര്‍ന്നുണ്ടായ കാറ്റില്‍ രാത്രി പത്തിന് ഇതേ സ്ഥലത്തു നിന്ന രണ്ട് അക്കേഷ്യ മരങ്ങള്‍ സാനിട്ടോറിയം വളപ്പിലേക്ക് വീണിരുന്നു. ഐ.റ്റി.ബി.പി ജങ്ഷന് മുതല്‍ സാനിട്ടോറിയത്തിന്റെ മതില് അവസാനിക്കുന്ന പടിഞ്ഞാറു ഭാഗംവരെ ഏതു സമയവും കെ.പി റോഡിലേക്ക് നിലപതിക്കുവാന് സാധ്യതയുള്ള നിരവധി മരങ്ങള്‍ ഉണ്ട്. ദിനംപ്രതി ഏറെ തിരക്കുള്ള കെ.പി.റോഡ് വഴി ആയിരക്കണക്കിന് വാഹനങ്ങളാണ് കടന്ന് പോകുന്നത്. ചുവട് ദ്രവിച്ച് റോഡിലേക്ക് ചരിഞ്ഞ് നില്ക്കുന്ന ഇവ കാലവര്‍ഷത്തിന് മുമ്പേ നീക്കം ചെയ്യണമെന്നാവശ്യം ഉയര്‍ന്നങ്കിലും ഒരു നടപടിയും സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായില്ല. ഇവ എത്രയും വേഗം വെട്ടി മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."