നിപക്ക് ഹോമിയോ മരുന്ന് നല്‍കിയത് ഡയരക്ടറുടെ സര്‍ക്കുലര്‍ പ്രകാരമെന്ന്
മുക്കം: നിപാ വൈറസ് പ്രതിരോധ മരുന്നെന്ന വ്യാജേന ജില്ലയിലെ ഹോമിയോ ഡിസ്‌പെന്‍സറികളില്‍ ഹോമിയോ മരുന്ന് വിതരണം ചെയതത് സംസ്ഥാന ഹോമിയോപ്പതി ഡയറക്ടറുടെ സര്‍ക്കുലര്‍ പ്രകാരെന്ന് ആരോപണം.
ഹോമിയോപ്പതി ഡോക്ടര്‍മാരും മുക്കം നഗരസഭാ അധികൃതരുമാണ് ആരോപണവുമായി രംഗത്തെത്തിയത്. മെയ് 25ന് ഹോമിയോപ്പതി ഡയറക്ടര്‍ ഇറക്കിയ സര്‍ക്കുലറാണു വിവാദമായിരിക്കുന്നത്. കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിലവിലുള്ള പനിക്കെതിരേ ഹോമിയോ പ്രതിരോധ ഔഷധം സ്ഥാപനങ്ങള്‍ വഴി ആവശ്യക്കാര്‍ക്കു നല്‍കാമെന്നായിരുന്നു സര്‍ക്കുലറില്‍ വ്യക്തമാക്കിയിരുന്നത്. നിലവില്‍ കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ പടരുന്ന പനി, നിപയായതിനാല്‍ സാധാരണ വിതരണം ചെയ്യുന്ന ബെലഡോണ എന്ന പ്രതിരോധ മരുന്ന് നിപയ്ക്കും നല്‍കുകയായിരുന്നു.
ഡിസ്‌പെന്‍സറികളിലെ മെഡിക്കല്‍ ഓഫിസറുടെ നിര്‍ദേശ പ്രകാരമാണ് പലയിടത്തും മരുന്ന് നല്‍കിയത്. സര്‍ക്കുലര്‍ ഇറങ്ങിയതിന്റെ പിറ്റേന്ന് മുതല്‍ ബെലഡോണ മരുന്ന് നല്‍കിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് ഹോമിയോപ്പതി ഡി.എം.ഒ യുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഈ കാര്യങ്ങള്‍ കണ്ടെത്തിയത്.
ഹോമിയോപ്പതി ഡി.എം.ഒ കവിത പുരുഷോത്തമന്‍, സീനിയര്‍ സൂപ്രണ്ട് അലവിക്കുട്ടി, സീനിയര്‍ ക്ലാര്‍ക്ക് പി.കെ വിദ്യ എന്നിവരാണ് മണാശ്ശേരി ഡിസ്‌പെന്‍സറിയിലെത്തി അന്വേഷണം നടത്തിയത്. ഡിസ്‌പെന്‍സറിയിലെ മെഡിക്കല്‍ ഓഫിസറോടും നടപടി നേരിട്ട ജീവനക്കാരിയോടും ഡി.എം.ഒ വിശദീകരണം തേടി. ഡിസ്‌പെന്‍സറിയില്‍ നിപാ പ്രതിരോധ മരുന്നുണ്ടെന്നു സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിച്ചതോടെ ഡിസ്‌പെന്‍സറികളില്‍ തിരക്കു വര്‍ധിച്ചിരുന്നു. മരുന്ന് കഴിക്കേണ്ട വിധം ആവശ്യക്കാരോട് പറഞ്ഞ് മടുത്തപ്പോള്‍ മരുന്ന് വാങ്ങാനെത്തിയവരുടെ നിര്‍ദേശ പ്രകാരമാണ് ഭിത്തിയില്‍ നോട്ടിസ് എഴുതി ഒട്ടിച്ചതെന്നാണ് ജീവനക്കാരിയുടെ മൊഴി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."