അഞ്ചാംദിനത്തിലും ആശ്വാസവാര്‍ത്ത; പുതിയ നിപാ സ്ഥിരീകരണമില്ല
കോഴിക്കോട്: ഭീതി പരത്തിയ നിപാ വൈറസ് ബാധ നിയന്ത്രണവിധേയമാണെന്ന പ്രതീക്ഷ നല്‍കി തുടര്‍ച്ചയായ അഞ്ചാംദിനവും പുതുതായി ആര്‍ക്കും രോഗ സ്ഥിരീകരണമില്ല.
നിപാ ലക്ഷണത്തോടെ ഇന്നലെ ഒരാളെ മാത്രമാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ ഏഴുപേരാണ് ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലുള്ളത്. ഇന്നലെ ലഭിച്ച 22 പേരുടെ പരിശോധനാഫലങ്ങളും നെഗറ്റീവാണ്. ഇതുവരെ 262 പേരുടെ പരിശോധനാഫലങ്ങളില്‍ 244ഉം നെഗറ്റീവായിരുന്നു. ഒറ്റ സ്രോതസില്‍ നിന്നാണ് രോഗം പടര്‍ന്നതെന്നും മറ്റ് ഉറവിടങ്ങളില്ലെന്നും മന്ത്രി ടി.പി.രാമകൃഷ്ണന്‍ പറഞ്ഞു.
നിപാ നിയന്ത്രണവിധേയമാണെങ്കിലും ജൂണ്‍ 30 വരെ ജാഗ്രത പാലിക്കണം. മാധ്യമങ്ങളുടെ ശരിയായ ഇടപെടല്‍ ജനങ്ങള്‍ക്കിടയില്‍ ഭീതി ലഘൂകരിക്കാന്‍ ഉപകരിച്ചെന്നും അദ്ദേഹം പറഞ്ഞു. 10ന് രാവിലെ 11 മണിക്ക് കോഴിക്കോട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സര്‍വകക്ഷി യോഗം ചേരും.
കേന്ദ്രസംഘത്തിലെ മൂന്നുപേരും എന്‍.സി.ഡി.സിയുടെ അഞ്ച് വിഭാഗങ്ങളും ജില്ലയില്‍ ക്യാംപ് ചെയ്യുന്നുണ്ടെന്നും വൈറസ് ബാധയുടെ ഉറവിടം കണ്ടെത്താനുള്ള ശ്രമം തുടരുമെന്നും ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആര്‍.എല്‍.സരിത പറഞ്ഞു.
വവ്വാലുകളാണ് വൈറസ് പടര്‍ത്തിയതെന്നാണ് പ്രാഥമിക നിഗമനം. രോഗത്തിന്റെ രണ്ടാംഘട്ട സാധ്യതയില്ലെന്നും എങ്കിലും ഏത് സാഹചര്യത്തെയും നേരിടാന്‍ ആരോഗ്യവകുപ്പ് തയാറാണെന്നും അവര്‍ അറിയിച്ചു. നിപാ സംബന്ധിച്ച് സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിക്കുന്ന വ്യാജവാര്‍ത്തകള്‍ തടയാന്‍ നടപടി സ്വീകരിക്കും.
നിപാ ബാധയെ തുടര്‍ന്ന് 17 പേരാണ് മരിച്ചത്. രണ്ടു പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുണ്ട്. ഇവരും സുഖം പ്രാപിച്ചുവരികയാണെന്നും ആരോഗ്യവകുപ്പ് ഡയറക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."