തൊടുപുഴ നഗരത്തിന് 34 കോടിയുടെ കുടിവെള്ള പദ്ധതി
തൊടുപുഴ: നഗരസഭയിലെ മുഴുവന്‍ പ്രദേശത്തും എല്ലാ ദിവസവും ശുദ്ധജലം ലഭിക്കുന്ന രണ്ടാം ഘട്ട പദ്ധതിയുടെ നിര്‍മാണം ഉടന്‍ ആരംഭിക്കും. 34 കോടി രൂപയാണ് പദ്ധതിയുടെ അടങ്കല്‍. നഗരസഭാ പ്രദേശത്ത് ഇപ്പോള്‍ പുഴയ്ക്ക് ഇരുവശത്തുമായി ഒന്നിടവിട്ട ദിവസങ്ങളിലാണ് വെള്ളം ലഭിക്കുന്നത്.
നഗരത്തിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ സുഗമമായി ശുദ്ധജല വിതരണം സാധിക്കുന്നില്ല. ഇതിനു പരിഹാരമായാണ് പുതിയ പദ്ധതിയെന്ന് പി ജെ ജോസഫ് എം.എല്‍.എ അറിയിച്ചു.
നഗരസഭാ പ്രദേശത്തെ അഞ്ചു മേഖലകളായി തിരിക്കും. നിലവിലുള്ള പതിനഞ്ചു ലക്ഷം ലിറ്റര്‍ ടാങ്കിനു പുറമേ പുതിയ നാലു ടാങ്കുകള്‍ കൂടി നിര്‍മിക്കും. പട്ടാണിക്കുന്നില്‍ 11 ലക്ഷവും ബംഗ്ലാംകുന്നില്‍ 15 ലക്ഷവും കൊന്നയ്ക്കാമലയില്‍ ആറു ലക്ഷവും ഉറവപ്പാറയില്‍ ഒരു ലക്ഷം ലിറ്ററും ശേഷിയുളള പുതിയ ടാങ്കുകള്‍ നിര്‍മിക്കും. കാരൂപ്പാറ ടാങ്കും ഉപയോഗപ്പെടുത്തും.
നിലവിലുള്ള 12 ദശലക്ഷം ലിറ്റര്‍ ശേഷിയുള്ള ട്രീറ്റ്‌മെന്റ് പ്ലാന്റിനോട് ചേര്‍ന്ന് പുതതായി 15 ദശലക്ഷം ലിറ്റര്‍ ശേഷിയുള്ള മറ്റൊരു ട്രീറ്റ്‌മെന്റ് പ്ലാന്റ് കൂടി നിര്‍മിക്കും.
തൊടുപുഴയാറ്റില്‍ നിന്നും ഇപ്പോള്‍ വെള്ളം പമ്പ് ചെയ്യുന്ന 125 എച്ച്.പി മോട്ടോറിനു പുറമേ 380 എച്ച്.പിയുടെ പുതിയ മോട്ടോര്‍ സ്ഥാപിക്കും. അവിടെ നിന്ന് പട്ടാണിക്കുന്നിലെ ശുദ്ധീകരണ പ്ലാന്റിലേയ്ക്ക് വെള്ളം കൊണ്ടു പോകുന്ന പഴക്കം ചെന്ന 400 എം.എം പൈപ്പിനു പകരം പുതിയ 600 എം.എം പൈപ്പ് ലൈന്‍ സ്ഥാപിക്കും.
പുതുതായി നിര്‍മിക്കുന്ന നാല് ടാങ്കിലേയ്ക്കും കാരൂപ്പാറയിലേയ്ക്കും പട്ടാണിക്കുന്നില്‍ നിന്നും 18 കിലോമീറ്റര്‍ പമ്പിംങ് മെയിന്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കും. അവിടെ നിന്ന് ഓരോ പ്രദേശത്തേയ്ക്കും കഴിഞ്ഞ വര്‍ഷം മാറ്റി സ്ഥാപിച്ച 66 കിലോമീറ്റര്‍ പൈപ്പുകളിലൂടെ വെള്ളം വിതരണം ചെയ്യും.
രണ്ടാംഘട്ട പദ്ധതിയ്ക്ക് മുന്നോടിയായാണ് പഴയ വിതരണ പൈപ്പുകള്‍ കഴിഞ്ഞ വര്‍ഷം മാറ്റി സ്ഥാപിച്ചത്. കൊന്നയ്ക്കാമല ടാങ്കില്‍ നിന്ന് കോലാനി, പാറക്കടവ് പ്രദേശങ്ങളിലേയ്ക്കും ഉറവപ്പാറ ടാങ്കില്‍ നിന്നും ഒളമറ്റം ഭാഗത്തേയ്ക്കും ബംഗ്ലാംകുന്ന് ടാങ്കില്‍ നിന്നും മുതലക്കോടം, കീരികോട്, കുമ്പംങ്കല്ല്, കാഞ്ഞിരമറ്റം മേഖലകളിലേയ്ക്കും കാരൂപ്പാറ ടാങ്കില്‍ നിന്നും പട്ടയംകവല, കാരൂപ്പാറ, പഴുക്കാകുളം ഭാഗത്തേയ്ക്കും പട്ടാണിക്കുന്നില്‍ നിന്നും നിന്നും വെങ്ങല്ലൂര്‍, ആനക്കൂട് മേഖലകളിലേയ്ക്കും കോലാനി, ചുങ്കം, മണക്കാട്, കോതായിക്കുന്ന്, തെനങ്കുന്ന്, തച്ചേട്ട് പുഴയ്ക്ക് പടിഞ്ഞാറു ഭാഗങ്ങളിലേയ്ക്കും വെള്ളം വിതരണം ചെയ്യാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്.
രണ്ട് ടെണ്ടറുകളാണ് ക്ഷണിച്ചിട്ടുള്ളത്. ശുദ്ധീകരണ പ്ലാന്റ്, മോട്ടോര്‍, ട്രാന്‍സ്‌ഫോര്‍മറുകള്‍ തുടങ്ങിയവയ്ക്കായുള്ള ടെണ്ടറാണ് ആദ്യത്തേത്. ടാങ്കുകളും പൈപ്പ് ലൈനുകളും സ്ഥാപിക്കാന്‍ മറ്റൊരു ടെണ്ടറുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."