കൊവിഡ് 'ആഘോഷ'ങ്ങളിലൂടെ പരിഹാസ്യരാവുമ്പോള്‍
കൊവിഡ് മഹാമാരി നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ട യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരേ നുരഞ്ഞുപൊങ്ങുന്ന രോഷം കഴിഞ്ഞ ദിവസം ന്യൂയോര്‍ക്ക് ചത്വരത്തില്‍ പ്രകടമായത് അദ്ദേഹത്തിന്റെ പൂര്‍ണ നഗ്‌ന, പൂര്‍ണകായ പ്രതിമക്കു ചുറ്റും കൂടി ആ അശ്ലീലക്കാഴ്ച മൊബൈലില്‍ പകര്‍ത്തുന്ന സ്ത്രീപുരുഷന്മാരുടെ ആവേശത്തിമിര്‍പ്പിലൂടെയാണ്. ചില ശരീര ഭാഗങ്ങളില്‍ വൈരൂപ്യം പൊലിപ്പിച്ച് അമേരിക്കന്‍ ജനത എത്ര കണ്ട് തങ്ങളുടെ ഭരണത്തലവനെ വെറുക്കുന്നുണ്ടെന്ന് ആ പ്രതീകാത്മക പ്രതിഷേധം ലോകത്തിന് കാണിച്ചുകൊടുത്തു. ലോകത്ത് ഏറ്റവും കൂടുതല്‍ കൊറോണ മരണം സംഭവിക്കാന്‍ പോകുന്നത് ന്യൂയോര്‍ക്ക്, വാഷിങ്ടണ്‍, ലോസ് ആഞ്ചലസ് തുടങ്ങിയ വിശ്വവിഖ്യാത നഗരങ്ങളിലായിരിക്കുമെന്നാണ് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. ഭീഷണി പടിവാതില്‍ക്കല്‍ എത്തിയിട്ടും കൊറോണമഹാമാരിയെ പ്രതിരോധിക്കുന്നതില്‍ അങ്ങേയറ്റത്തെ ഉദാസീനതയും നിരുത്തരവാദിത്തവും കാണിച്ച ട്രംപിന് ബോധം തെളിഞ്ഞപ്പോഴേക്കും എല്ലാം കൈവിട്ടപോയ അവസ്ഥയാണ്. ഇമ്മട്ടിലൊരു ദുരന്തത്തിലേക്ക് ഇന്ത്യയും കൂപ്പുകുത്തുമോ എന്ന ഉത്കണ്ഠ നമ്മെ അസ്വസ്ഥമാക്കേണ്ടതുണ്ട്. ഇന്ത്യയില്‍ ഈ രോഗപ്പകര്‍ച്ച പയ്യെ പയ്യെ ആണെങ്കിലും ഏത് നിമിഷവും ആളിപ്പടരാന്‍ മാത്രം പാകത്തിലേക്ക് രാജ്യത്തെ കൊണ്ടത്തെിക്കുന്ന നടപടികളാണ് രാജ്യം ഭരിക്കുന്നവരില്‍ നിന്നുണ്ടാവുന്നത്.
സ്വന്തം പ്രതിച്ഛായയില്‍ അഭിരമിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇത്തരമൊരു ഗുരുതര പ്രതിസന്ധിയെ തരണം ചെയ്യാനുള്ള ഭരണപരമായ ത്രാണിയോ ദീര്‍ഘവീക്ഷണമോ ഇല്ല എന്നാണ് ഇതുവരെയുള്ള അനുഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നത്. ലോകാരോഗ്യ സംഘടന കൊവിഡ് - 19നെ പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ മാര്‍ച്ച് 13ന് ഇന്ത്യയും അതിനെ മഹാമാരിയായി അടയാളപ്പെടുത്തിയെങ്കിലും രോഗപ്രതിരോധത്തിനു ഫലപ്രദമായ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുകയോ നടപ്പാക്കുകയോ ചെയ്തില്ല എന്നത് അനിഷേധ്യ സത്യമാണ്. അമേരിക്കയോ ഇറ്റലിയോ സ്‌പെയിനോ ഇറാനോ പോലെയല്ല, 133 കോടി ജനങ്ങള്‍ അധിവസിക്കുന്ന ഇന്ത്യയില്‍ കൊറോണ പടര്‍ന്നാലുള്ള അവസ്ഥയെന്ന് വിവരമുള്ളവര്‍ പലവട്ടം മുന്നറിയിപ്പ് നല്‍കിയിട്ടും ഉണര്‍ന്നുപ്രവര്‍ത്തിക്കാതെ, രാഷ്ട്രീയഗിമ്മിക്കുകളിലൂടെ താന്‍ പോരിമ കാണിക്കാനാണ് മോദി സമയം പാഴാക്കുന്നത്.
ഇരുട്ടില്‍ തപ്പുന്ന നരേന്ദ്രമോദി
കൊവിഡ് ഭീഷണിക്കു മുന്നില്‍ പ്രധാനമന്ത്രി മോദി ഇരുട്ടില്‍ തപ്പുകയാണ്. കേരളമടക്കമുള്ള ഏതാനും സംസ്ഥാനങ്ങള്‍ കാര്യക്ഷമമായ രോഗ പ്രതിരോധനടപടികളിലൂടെ രോഗവ്യാപനം പിടിച്ചുകെട്ടാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പദ്ധതികളാവിഷ്‌കരിച്ച് നടപ്പാക്കുമ്പോള്‍, ഏതെങ്കിലും രാജ്യം പരീക്ഷിച്ച പ്രതീകാത്മക പരിപാടികള്‍ കോപ്പിയടിച്ച് ഇന്ത്യക്കാരുടെമേല്‍ അടിച്ചേല്‍പിക്കാനും അതുവഴി തന്റെ മങ്ങിക്കൊണ്ടിരിക്കുന്ന പ്രതിച്ഛായ പൊലിപ്പിക്കാനും നടത്തുന്ന അഭ്യാസങ്ങളെ ജനാധിപത്യ ഇന്ത്യ യഥാവിധി വിലയിരുത്തുന്നില്ല എന്നതാണ് ഖേദകരം. ഈ പ്രതിസന്ധി കാലത്ത് മോദിയുടെ പ്രഖ്യാപനങ്ങളെ ചോദ്യം ചെയ്യുന്നത് ദേശവിരുദ്ധ നടപടിയായി മുദ്ര കുത്തപ്പെടുമോ എന്ന് പലരും ഭയപ്പെടുന്നത് പോലെ.
മാര്‍ച്ച് 22ന് ജനതാകര്‍ഫ്യൂ ആചരിക്കാന്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്തപ്പോള്‍ സാമൂഹ്യ അകല്‍ച്ച പാലിക്കാനും ജനസമ്പര്‍ക്കം തടയാനുമുള്ള ആദ്യ പരീക്ഷണം എന്ന നിലയില്‍ എല്ലാവരും അതിനു പിന്തുണ നല്‍കി. കൈയടിച്ചും കിണ്ണംമുട്ടിയും ആരോഗ്യമേഖയില്‍ ത്യാഗപൂര്‍ണമായ സേവനത്തിലേര്‍പ്പെട്ടവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കണമെന്ന ആഹ്വാനവും ആരും ചോദ്യം ചെയ്തില്ല. എന്നാല്‍, സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ മോദിഭക്തി കാണിക്കാന്‍ തെരുവിലിറങ്ങി പാട്ട്പാടിയും പാത്രത്തില്‍ മുട്ടിയും ബഹളം വെച്ചും മുന്നേറിയപ്പോള്‍, രോഗപ്രതിരോധയജ്ഞം ആകെ അലങ്കോലപ്പെട്ടുവെന്ന് മാത്രമല്ല, ജനം കൂടിക്കലര്‍ന്ന് രോഗാണുവ്യാപനം എളുപ്പമാക്കി. ആഴ്ചകള്‍ക്ക് മുമ്പ് മോദിയുടെ അതേ ജനുസ്സില്‍പ്പെട്ട തീവ്രവലതുപക്ഷ പിന്തിരിപ്പന്‍ ഭരണാധികാരിയായ ബ്രസീലിയന്‍ പ്രസിഡന്റ് ബൊല്‍സൊനാരോ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് അന്നാട്ടിലെ ജനത നടത്തിയ പ്രതിഷേധരൂപമാണ് മോദി ഇന്ത്യയിലെ ജനങ്ങളുടെ മുന്നില്‍ പുതിയ ആശയം എന്ന നിലയില്‍ അവതരിപ്പിച്ചതെന്ന് അധികം പേരും അറിഞ്ഞില്ല.
ജനതാ കര്‍ഫ്യൂ കഴിഞ്ഞ് രണ്ടുദിവസത്തിനകം മോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്നുണ്ട് എന്നറിഞ്ഞപ്പോള്‍ തന്നെ ജനം എന്തോ വലിയ ദുരന്തം വരാന്‍പോകുന്നുണ്ടെന്ന് ഭയപ്പെട്ടതാണ്. അതുപോലെ സംഭവിച്ചു. മാര്‍ച്ച് 24തൊട്ട് 21 ദിവസത്തെ രാജ്യമാസകലമുള്ള ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത് നാലുമണിക്കൂര്‍ മുമ്പ് മാത്രം. മറ്റു പല രാജ്യങ്ങളും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത് മുന്നോ നാലോ ദിവസത്തെ സാവധാനം കൊടുത്താണ്. പൗരന്മാരുടെ ജീവിത താളം അട്ടിമറിക്കപ്പെടാതിരിക്കാനും പ്രയാസങ്ങള്‍ ലഘൂകരിക്കാനും അതാവശ്യമായിരുന്നു. ഇന്ത്യയെയോ രാജ്യത്തെ തൊഴില്‍മേഖലയെയോ അതിലേര്‍പ്പെട്ട കോടിക്കണക്കിന് പാവങ്ങളെയോ കുറിച്ച് ഒരു ധാരണയുമില്ലാത്ത ഭരണാധികാരിയാണ് താനെന്ന് മോദി ലോകത്തിനു മുന്നില്‍ സമര്‍ഥിച്ചുകൊണ്ട് നടത്തിയ അടച്ചുപൂട്ടല്‍ പ്രഖ്യാപനം 2016നവംബറിലെ നോട്ടു അസാധുവാക്കല്‍ പ്രഖ്യാപനംപോലെ വലിയൊരു ദേശീയ ദുരന്തത്തിലേക്കാണ് ലക്ഷക്കണക്കിന് മനുഷ്യരെ തള്ളിവിട്ടത്.
വിഭജന നാളുകളിലെ കൂട്ടപലായനത്തിന്റെ കാഴ്ചകളെ ഓര്‍മപ്പിക്കുമാറ് തലസ്ഥാനഗരിയില്‍ ഹതാശയരായ മനുഷ്യരുടെ നീണ്ട നിരകള്‍ രൂപപ്പെട്ടപ്പോള്‍, ഉത്തരം പറയാന്‍ ആരുമുണ്ടായില്ല. ഈ മാനുഷിക ദുരന്തം ലോകം മുഴുവന്‍ ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയപ്പോള്‍, രാജ്യത്ത് കൊറോണ വ്യാപനത്തിന്റെ വക്താക്കള്‍ തബ്‌ലീഗുകാരാണെന്ന പ്രചാരണത്തിലൂടെ ശ്രദ്ധ മറ്റൊരു ദിശയിലേക്ക് തിരിച്ചുവിടുകയായിരുന്നു.
പ്രതിച്ഛായ മിനുക്കാന്‍ പിത്തലാട്ടങ്ങള്‍
ബാബാസാഹെബ് അംബേദ്ക്കര്‍ നല്‍കിയ ഒരു മുന്നറിയിപ്പുണ്ട്: 'ഇന്ത്യന്‍ ജനത വ്യക്തികളെ പൂജിക്കുന്നതില്‍ മുന്‍പന്തിയിലാണ്. അതിരുകടന്ന വ്യക്തിപൂജ സ്വേച്ഛാധിപതികളെ എളുപ്പത്തില്‍ സൃഷ്ടിക്കും'. നരേന്ദ്രമോദിക്ക് ആരും ചോദ്യം ചെയ്യാത്ത ഏകഛത്രാധിപതിയാവണം. അതിനുതകുന്ന പ്രതിച്ഛായയില്‍ സദാ അഭിരമിക്കണം. ഭരണനൈപുണിയിലൂടെയോ വ്യക്തി മഹാത്മ്യം വഴിയോ അത് സാധ്യമല്ലെന്ന് നന്നായറിയുന്ന പഴയ ആര്‍.എസ്.എസ് പ്രചാരക്, കുറുക്കുവഴിയിലൂടെ പൗരന്മാരുടെ മനസ്സ് കീഴടക്കാനുള്ള പൊറാട്ടുനാടകങ്ങള്‍ കളിക്കുകയാണ്. അതിന്റെ ഭാഗമായാണ്, പൗരന്മാരെ ജീവിതയഥാര്‍ഥ്യത്തില്‍നിന്ന് അടര്‍ത്തികൊണ്ടുവന്ന് വിനോദപ്രാധാന്യമുള്ള അനുഷ്ഠാനങ്ങളിലേക്ക് വശീകരിച്ചുകൊണ്ടുവരുന്നത്. അതിലൂടെ, തന്റെ പ്രാപ്തിക്കുറവും വിശ്വാസ കമ്മിയും മറയ്ക്കപ്പെടുമെന്ന് കണക്കുകൂട്ടുന്നു.
ഏപ്രില്‍ അഞ്ചിന് രാത്രി ഒമ്പത് മണി ഒമ്പതാം മിനുറ്റില്‍ എല്ലാ വൈദ്യുതി വിളക്കും അണച്ച്, ദീപം തെളിക്കണമെന്ന് ആഹ്വാനവുമായി മോദി മുന്നോട്ടുവന്നത് കൊറോണയെ നേരിടുന്ന കാര്യത്തില്‍ രാജ്യം ഒറ്റക്കെട്ടാണെന്ന സന്ദേശം കൈമാറാനാണത്രെ. ഈ ദീപോത്സവത്തിലൂടെ യഥാര്‍ഥത്തില്‍ മോദി മറ്റു ചിലതാണ് ലക്ഷ്യമിട്ടത്. അതില്‍ അന്ധവിശ്വാസത്തിന്റെയോ മൃത്യുഞ്ജയഹോമത്തിന്റെയോ അംശങ്ങള്‍ ലീനമായി കിടപ്പുണ്ടെന്നാണ് ചിലര്‍ ചൂണ്ടിക്കാട്ടുന്നത്. ബി.ജെ.പിയുടെ 40ാം പിറന്നാളിന്റെ ശോഭ പരത്താനാണ് ചെരാതുകള്‍ തെളിക്കുന്നതെന്നും അഭിപ്രായപ്പെട്ടവരുണ്ട്. ഒരുകാര്യമുറപ്പ്: അന്ധവിശ്വാസികളായ സംഘ്പരിവാറിന് അതൊരു മതപരമായ അനുഷ്ഠാനമായിരുന്നു. ഒമ്പത് കൊണ്ടുള്ള കളിയില്‍ മിത്തോളജിയുടെ സ്വാധീനമുണ്ട്.
റോമില്‍നിന്നാണ് മോദി ദീപം തെളിക്കുന്ന ഈ പരിപാടി കോപ്പിയടിച്ചത്. ഇന്ത്യനവസ്ഥയില്‍ അതിന് ഏത് തരത്തില്‍ രൂപഭേദമണ്ടാവുമെന്ന് നാം കണ്ടു. പടക്കം പൊട്ടിച്ചും മോദി കീ ജയ് വിളിച്ചുമാണ് സംഘ്പരിവാര്‍ മോദിയുടെ ആഹ്വാനം നടപ്പാക്കിയത്. രാജസ്ഥാനില്‍ വെളിച്ചം തീയായി മാറിയപ്പോള്‍ കെട്ടിടം അഗ്‌നിക്കിരയായി. ഈ ഗിമ്മിക്ക് കൊണ്ട് രാജ്യം എന്തുനേടി എന്നോ കൊറോണ പ്രതിരോധ ശ്രമങ്ങള്‍ക്ക് ഊര്‍ജം ലഭിച്ചോ എന്നൊന്നും ചോദിക്കരുത്.സൂക്ഷ്മാധികാര പ്രയോഗങ്ങളിലൂടെ തന്റെ അപ്രമാദിത്വം സമര്‍ഥിക്കുകയാണ് മോദിയുടെ ജീവിതലക്ഷ്യം തന്നെ. ചോദ്യങ്ങളില്‍നിന്നും വ്യക്തമായ ഉത്തരങ്ങളില്‍നിന്നും രക്ഷപ്പെടാനാണ് മോദി ഈവക ഉപായങ്ങള്‍ തേടിപ്പോകുന്നത്. കഴിവുറ്റ, ദീര്‍ഘവീക്ഷണമുള്ള ഭരണാധികാരിയാണെങ്കില്‍ കൊറോണയെ പിടിച്ചുകെട്ടാന്‍ എന്തെല്ലാം പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ടാവും? ആവശ്യത്തിന് കൊവിഡ് പ്രതിരോധ സാമഗ്രികള്‍ നമ്മുടെ പക്കലുണ്ടോ? കൊറോണ സാമൂഹ്യ വ്യാപനമുണ്ടായാല്‍ അവര്‍ക്ക് ചികിത്സ ലഭ്യമാക്കാന്‍ എത്ര ആശുപത്രികള്‍ സജ്ജമാണ് ? ഇതുവരെ എത്ര ശതമാനത്തിന് ടെസ്റ്റ് നടത്തി? സാമൂഹ്യസമ്പര്‍ക്കം തടയുന്നതിന്റെ ഭാഗമായി വീട്ടിനകത്ത് അടച്ചുപൂട്ടിയ പാവങ്ങളുടെ ജീവന്‍ നിലനിര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ എന്തുപദ്ധതി ആവിഷ്‌കരിച്ചു? വന്‍നഗരങ്ങളില്‍നിന്ന് ആട്ടിത്തെളിച്ച ലക്ഷങ്ങള്‍ ഗ്രാമാന്തരങ്ങളിലേക്ക് പരത്തുന്ന വൈറസുകളെ പ്രതിരോധിക്കുന്നതിന് വല്ല മുന്‍കരുതലുകള്‍ എടുത്തോ? പട്ടിണിയും പ്രാരാബ്ധവുമായി തെരുവുകളില്‍ ജീവിക്കുന്ന പാവങ്ങളുടെ ക്ഷുത്തടക്കാന്‍ മോദി സര്‍ക്കാര്‍ ഇതുവരെ എന്തുചെയ്തു? ഉത്തരമില്ല.
നിലവാരം കുറഞ്ഞ പ്രകടനപരതയിലൂടെ താന്‍ സ്വയം പരിഹാസ്യനാവുന്നുണ്ട് എന്ന് മനസിലാക്കാന്‍ മോദിക്കു സാധിക്കുന്നില്ല. തന്റെ ആഹ്വാനം കേള്‍ക്കുമ്പോള്‍ ട്വിറ്ററിലൂടെ അത് അനുധാവനം ചെയ്യാന്‍ മുന്നോട്ടുവരുന്ന നടന്‍ മമ്മൂട്ടിയെ പോലുള്ളവര്‍ സാമൂഹിക പ്രതിബദ്ധതയോ സാംസ്‌കാരിക ഔന്നത്യമോ അവകാശപ്പെടാനില്ലാത്ത വ്യക്തികളാണെന്ന് പോലും പ്രധാനമന്ത്രി വേണ്ടവിധം ഉള്‍ക്കൊണ്ടിട്ടുണ്ടാവില്ല. അതുകൊണ്ട് മോദിയുടെ അടുത്ത നമ്പര്‍ എന്താണെന്ന് നമുക്ക് കാത്തിരുന്നു കാണാം. അതിനിടയില്‍ ഒരു കൂട്ടമരണത്തിന് നമ്മുടെ മാതൃരാജ്യം സാക്ഷിയാവാതിരിക്കട്ടെ എന്ന് പ്രാര്‍ഥിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."