വയനാട്ടിലെ മഴയില്‍ മനംനിറഞ്ഞ് കര്‍ണാടക
പുല്‍പ്പള്ളി: ജല സംഭരണ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ ബോധവല്‍കരണ ക്ലാസുകളിലും പ്രഖ്യാപനങ്ങളിലൊതുങ്ങിയപ്പോള്‍ ജില്ലയില്‍ പെയ്ത മഴ കൊണ്ട് നേട്ടം കൊയ്ത് അയല്‍ സംസ്ഥാനമായ കര്‍ണാടക. ഇത്തവണ വയനാട്ടില്‍ വേനല്‍ മഴ തിമിര്‍ത്തു പെയ്തതോടെ മുന്‍വര്‍ഷങ്ങളേക്കാള്‍ കൂടുതല്‍ ജലമാണ് കര്‍ണാടക സംഭരിച്ചത്. കഴിഞ്ഞ പത്ത് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഏറ്റവുമധികം വെള്ളം വേനല്‍ക്കാലത്ത് കര്‍ണാടകയിലെ അണക്കെട്ടുകളിലേക്ക് ഒഴുകിയെത്തിയത് ഈ വര്‍ഷമാണെന്നാണ് കര്‍ണാടകയുടെ ഇതു സംബന്ധിച്ച കണക്കുകള്‍ വ്യക്തമാക്കുന്നത്. 2017 ജൂണ്‍ രണ്ടിന് ബീച്ചനഹള്ളി അണക്കെട്ടിലെ ജലനിരപ്പ് 48.25 അടിയായിരുന്നു. എന്നാല്‍ ഈ വര്‍ഷം ഇതേ ദിവസം അണക്കെട്ടിലെ ജലനിരപ്പ് 58.40 അടിയാണ്. മുന്‍ വര്‍ഷത്തെക്കാള്‍ നാല് ടി.എം.സി അധിക ജലമാണ് കേരളത്തില്‍ നിന്നും ബീച്ചനഹള്ളി അണക്കെട്ടിലേക്ക് ഒഴുകിയെത്തിയത്. ബീച്ചനഹള്ളിയിലെ കബനി അണക്കെട്ടിനു പുറമെ നുഗു, താര്‍ക്ക എന്നീ അണക്കെട്ടുകളിലേക്കും കേരളത്തില്‍ നിന്നും മഴവെള്ളം ഒഴുകിയെത്തുന്നുണ്ട്. വയനാട്ടില്‍ പെയ്യുന്ന മഴവെള്ളം സംരക്ഷിക്കാന്‍ ഇവിടെ കാര്യമായ യാതൊരു സംവിധാനങ്ങളും ഇല്ലാത്തതാണ് കര്‍ണാടകക്ക്് അനുഗ്രഹമാകുന്നത്. കബനി ജല വിനിയോഗത്തിന് പദ്ധതി തയാറാക്കിയിരുന്നെങ്കിലും ഇതിന് അനുമതി ലഭിക്കാത്തതും കര്‍ണാടകക്ക് അനുഗ്രഹമായി. ഇത്തവണ വയനാട്ടില്‍ വേനല്‍ മഴ ശക്തമായതാണ് കര്‍ണാടക അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് കൂടുതലാകാന്‍ കാരണമായത്. കബനിനദിയിലൂടെയാണ് പ്രധാനമായും കര്‍ണാടകയിലേക്ക് കേരളത്തില്‍ നിന്നും വെള്ളം ഒഴുകിയെത്തുന്നത്. സുല്‍ത്താന്‍ ബത്തേരിക്കടുത്ത നൂല്‍പ്പുഴയിലൂടെയാണ് നുഗു അണക്കെട്ടിലേക്ക് വെള്ളം ഒഴുകിയെത്തുന്നത്.
കബനി, നുഗു അണക്കെട്ടുകളോടനുബന്ധിച്ച് കര്‍ണാടക ജലവൈദ്യുത നിലയങ്ങളും നിര്‍മിച്ചിട്ടുണ്ട്. ബീച്ചനഹള്ളിയിലെ അണക്കെട്ടില്‍ നിന്നും താര്‍ക്ക അണക്കെട്ടിലേക്ക് ജലം പമ്പു ചെയ്യുന്നുമുണ്ട്. ഇത്തവണ വേനല്‍മഴയില്‍ വെള്ളം കൂടുതല്‍ ലഭിച്ചതോടെ ജൂലൈ മധ്യത്തോടെ ആരംഭിക്കുന്ന പംമ്പിംഗ് നേരത്തെ ആരംഭിക്കാന്‍ കര്‍ണാടക അധികൃതര്‍ ആലോചിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷത്തെ വേനലില്‍ കര്‍ണാടകയിലെ അണക്കെട്ടുകള്‍ വറ്റിവരണ്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."