ഡോക്ടറില്‍ നിന്ന് കൈക്കൂലി;ആദായനികുതി ഇന്‍സ്പെക്ടറെ സി.ബി.ഐ പിടികൂടി
കൊച്ചി: ആശുപത്രി ഉടമയായ ഡോക്ടറില്‍ നിന്ന് കൈക്കൂലി വാങ്ങിയ ആദായനികുതി ഇന്‍സ്പെക്ടര്‍ സി.ബി.ഐ പിടിയില്‍. മൂവാറ്റുപുഴ പാമ്പാക്കുട മേമുറി സ്വദേശിയായ കെ.കെ ദിനേശ്(42)ആണ് പിടിയിലായത്. ഇയാളെ സി.ബി.ഐ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. വെള്ളിയാഴ്ച രാത്രി പത്തരയോടെയാണ് കൈക്കൂലി വാങ്ങുന്നതിനിടെ ഇയാള്‍ സി.ബി.ഐയുടെ വലയിലായത്.
കഴിഞ്ഞ ഡിസംബര്‍ 9ന് മൂവാറ്റുപുഴ പേഴയ്ക്കാപിള്ളി സബൈന്‍ ആശുപത്രിയില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. ഇന്‍സ്പെക്ടര്‍ ദിനേശ് ആശുപത്രി ഉടമയായ ഡോ. സബൈനെ സമീപിച്ച് പിഴ ഒഴിവാക്കാമെന്ന് പറഞ്ഞ് കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. പത്തു ലക്ഷം രൂപയാണ് ആശുപത്രി ഉടമയോട് കെ.കെ ദിനേശ് ആവശ്യപ്പെട്ടത്.
ഫോണില്‍ നിരന്തരം വിളിച്ച് പണം ആവശ്യപ്പെട്ട ഇയാള്‍ മാര്‍ച്ച് 31ന് അകം പണം തന്നില്ലെങ്കില്‍ ഗുരുത ഭവിഷ്യത്ത് അനുഭവിക്കുമെന്ന് ഭീഷണിയും മുഴക്കി.
ഡോ. സബൈന്‍ വിലപേശിയതോടെ കൈക്കൂലി പകുതിയായി കുറച്ചു. ഇതോടെ ഡോ. സബൈന്‍ വിവരം സി.ബി.ഐയുടെ കൊച്ചി അഴിമതി വിരുദ്ധ യൂണിറ്റിനെ അറിയിക്കുകയായിരുന്നു.
മൂവാറ്റുപുഴയിലെ ഒരു കേന്ദ്രത്തില്‍ വച്ച് പണം കൈമാറാനായിരുന്നു ധാരണ. സി.ബി.ഐ ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം ഇന്‍സ്പെക്ടര്‍ക്ക് കൈമാറാനായി ഫിനോഫ്തലിന്‍ പുരട്ടിയ നോട്ട് ആശുപത്രിയിലെ ഒരു ജീവനക്കാരന്റെ കൈയില്‍ കൊടുത്തുവിട്ടു. പണം കൈമാറുന്നതിനിടെ സി.ബി.ഐ ഉദ്യോഗസ്ഥര്‍ ഇന്‍സ്പെക്ടറെ പിടികൂടുകയായിരുന്നു.
മേമുറിയിലെ ആദായനികുതി ഇന്‍സ്പെക്ടറുടെ വസതിയില്‍ സി.ബി.ഐ പരിശോധനയില്‍ ചില രേഖകള്‍ പിടിച്ചെടുക്കുകയും ചെയ്തു.
ഇന്നലെ വൈകീട്ട് സി.ബി.ഐ കോടതിയില്‍ ഹാജരാക്കിയ കെ.കെ ദിനേശിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യുകയായിരുന്നു. ഇയാളെ വിശദമായ ചോദ്യം ചെയ്യുന്നതിനായി നാളെ സി.ബി.ഐ അപേക്ഷ നല്‍കും.
ഇയാള്‍ക്കെതിരെ വേറെയും കൈക്കൂലി ആരോപണങ്ങളും നിലവിലുണ്ട്. കെ.കെ ദിനേശന്റെ അനധികൃത സ്വത്ത് സംബന്ധിച്ചും അന്വേഷിക്കുമെന്ന് സി.ബി.ഐ വൃത്തങ്ങള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."