പിന്തുടരാം...കല്‍പ്പറ്റ മഹല്ലിന്റെ ഈ നന്മ
കല്‍പ്പറ്റ: തങ്ങളുടെ കുടപ്പിറപ്പുകള്‍ വിവാഹപ്രായമെത്തിയിട്ടും വീട്ടിലായിപ്പോകുന്നത് കണ്ട് ഒരു മെയ്യായി ഒരു മഹല്ല് സംവിധാനം പ്രവര്‍ത്തിക്കുകയാണ് വയനാട്ടില്‍. കല്‍പ്പറ്റ നുസ്‌റത്തുദ്ദീന്‍ മുസ്‌ലിം സംഘമാണ് കുടപ്പിറപ്പുകളെ വിവാഹമെന്ന സ്വപ്നത്തിലേക്ക് വഴിനടത്താനായി ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുന്നത്. മാസങ്ങള്‍ക്ക് മുന്‍പ് തങ്ങള്‍ തുടങ്ങിവച്ച ആശയത്തിന്റെ പൂര്‍ത്തീകരണമാണ് ഈ വരുന്ന ഒന്‍പതിന് കല്‍പ്പറ്റ എച്ച്.ഐ.എം.യു.പി സ്‌കൂള്‍ അങ്കണത്തില്‍ നടക്കുക. ഇതിനായി ഓടിനടന്നു പ്രവര്‍ത്തിക്കുകയാണ് മഹല്ല് സാരഥികള്‍. അതിന് ഇവര്‍ക്ക് പ്രചോദനം നല്‍കുന്നത് മഹല്ലില്‍െ മുവായിരത്തിലധികം വരുന്ന മഹല്ല് നിവാസികളാണ്.
തങ്ങളുടെ മഹല്ലില്‍ വിവാഹപ്രായം അതിക്രമിച്ചിട്ടും വിവാഹം നടക്കാത്ത കുട്ടികളുടെ എണ്ണം ശ്രദ്ധയില്‍പ്പെട്ടതോടെയാണ് രണ്ടാമതൊന്ന് ആലോചിക്കാതെ മഹല്ല് കമ്മിറ്റി വിവാഹ സംഗമമെന്ന ആശയം ആരംഭിച്ചത്. ഇത് മഹല്ലിലെ 15 ഏരിയകളിലും കുടുംബസംഗമം വിളിച്ച് അറിയിച്ചതോടെ ഇവരുടെ ഉദ്യമത്തെ ഇരുകൈയും നീട്ടി സ്വീകരിച്ച് മഹല്ല് നിവാസികള്‍ വിവാഹ സംഗമത്തിന് പണമായും സ്വര്‍ണമായും സംഭാവനകള്‍ നല്‍കി. 10 പെണ്‍കുട്ടികളെ വിവാഹജീവിതത്തിലേക്ക് കൈപ്പിടിച്ച് നടത്തണമെന്നായിരുന്നു കമ്മിറ്റിയുടെ തീരുമാനം.
എന്നാല്‍ ഇപ്പോള്‍ ലഭിച്ച അപേക്ഷകളില്‍ നിന്നും മോണിറ്ററിങ് കമ്മിറ്റി കണ്ടെത്തിയ ആറു കുട്ടികളെയാണ് ഇത്തവണ കമ്മിറ്റി പരിഗണിച്ചത്. വധുവിന് വിവാഹ സമ്മാനമായി 10 പവന്‍ സ്വര്‍ണവും വിവാഹ വസ്ത്രങ്ങളും വരന് വിവാഹ വസ്ത്രവും നല്‍കാനാണ് കമ്മിറ്റിയുടെ തീരുമാനം. വര്‍ഷത്തില്‍ ഒന്നെന്ന രീതിയില്‍ പലയിടത്തും വിവാഹ സംഗമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും അവിടെയും വ്യത്യസ്ത ത കൊണ്ടുവരികയാണ് മഹല്ല് കമ്മിറ്റി. വിവാഹവുമായി ബന്ധപ്പെട്ട് നിര്‍ധനരായ കുട്ടികളുടെ രക്ഷിതാക്കള്‍ കമ്മിറ്റിയെ സമീപിച്ചാല്‍ മോണിറ്ററിങ് കമ്മിറ്റി ഇവരെക്കുറിച്ച് അന്വേഷണം നടത്തും.
തുടര്‍ന്ന് ഇവര്‍ സഹായത്തിന് അര്‍ഹരാണെന്ന് ബോധ്യമായാല്‍ വിവാഹ ദിവസത്തിന്റെ രണ്ടുനാള്‍ മുന്‍പ് വധുവിനുള്ള സ്വര്‍ണവും വസ്ത്രങ്ങളും കമ്മിറ്റി വീട്ടിലെത്തിച്ചു നല്‍കും. വര്‍ഷം മുഴുവന്‍ ഇത്തരത്തില്‍ വിവാഹങ്ങള്‍ നടത്താനുള്ള ലക്ഷ്യത്തിലാണ് മഹല്ല് കമ്മിറ്റി. നാട്ടിലെ മറ്റ് മഹല്ലുകള്‍ക്കും എന്തുകൊണ്ടും മാതൃകയാക്കാവുന്നതാണ് കല്‍പ്പറ്റ മഹല്ലിന്റെ ഈ ഉദ്യമം. പ്രസിഡന്റ് അഡ്വ. കെ മൊയ്തു, സെക്രട്ടറി സി മൊയ്തീന്‍കുട്ടി, ട്രഷറര്‍ കെ കുഞ്ഞമ്മദ് ഹാജി എന്നിവരുടെ നേതൃത്വത്തിലാണ് കല്‍പ്പറ്റ മഹല്ല് പ്രവര്‍ത്തിക്കുന്നത്. വിവാഹ സംഗമത്തിനായുള്ള കമ്മിറ്റിയുടെ ചെയര്‍മാന്‍ അഷ്‌റഫ് വേങ്ങാട്ടും കണ്‍വീനര്‍ ടി ഹാരിസുമാണ്.
അറക്കല്‍ സൂപ്പിക്കുട്ടി, വട്ടക്കാരി മജീദ്, അലവി വടക്കേതില്‍, ബഷീര്‍ പൂത്തുക്കണ്ടി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘാടക സമിതിയാണ് സംഗമത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
ഭക്ഷണക്കമ്മിറ്റിയടക്കമുള്ളവ യുവാക്കളുടെ നേതൃത്വത്തിലാണ് മുന്നോട്ട് പോകുന്നത്. മൈതാനി, അമ്പിലേരി, നെടുങ്കോട്, എമിലി, എസ്.കെ.എം.ജെ, ഗൂഡലായ്കുന്ന്, ഓണിവയല്‍, കൈതക്കൊല്ലി, പുത്തൂര്‍വയല്‍, മഞ്ഞളാംകൊല്ലി, തുര്‍ക്കി, ഫാത്തിമ നൂര്‍ മസ്ജിദ്, എടഗുനി, വലിയ പള്ളി എന്നിവയാണ് മഹല്ല് കമ്മിറ്റിക്ക് കീഴിലെ പള്ളികള്‍.
ജിഫ്‌രി തങ്ങള്‍ ഉദ്ഘാടനം ചെയ്യും
കല്‍പ്പറ്റ: നുസ്‌റത്തുദ്ധീന്‍ മുസ്‌ലിം സംഘം സംഘടിപ്പിക്കുന്ന വിവാഹ സംഗമം സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ നിക്കാഹിന് നേതൃത്വം നല്‍കും. അബ്ദുസമദ് പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തുന്ന ചടങ്ങില്‍ റാശിദ് ഗസ്സാലി കൂളിവയല്‍ ഉല്‍ബോധനം നടത്തും. സമസ്ത ജില്ലാ പ്രസഡിന്റ് കെ.ടി ഹംസ മുസ്‌ലിയാര്‍, വി മൂസക്കോയ മുസ്‌ലിയാര്‍, ജഅ്ഫര്‍ ഹൈതമി, സലീം മുസ്‌ലിയാര്‍ മണ്ണാര്‍ക്കാട് എന്നിവര്‍ സംബന്ധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."