അമേരിക്ക ലോകത്തിന്റെ ഹോട്ട്‌സ്‌പോട്ടാകുന്നു
വാഷിങ്ടണ്‍: പ്രതീക്ഷിച്ചപോലെ, ലോകത്ത് കൊവിഡ് കാരണം വലിയ പ്രതിസന്ധി നേരിടുന്ന പ്രധാന രാജ്യമായി അമേരിക്ക മാറുന്നു. ഇറ്റലിക്കും സ്‌പെയിനിനും പിന്നാലെ ലോകത്ത് പതിനായിരത്തിലേറെ പേര്‍ മരിക്കുന്ന രാജ്യമായി അമേരിക്ക മാറി. നിലവില്‍ 11,042 പേരാണ് അമേരിക്കയില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം മൂന്നേമുക്കാല്‍ ലക്ഷത്തിലേക്ക് അടുത്തിട്ടുണ്ട്. 3,70,397 പേര്‍ക്കാണ് രോഗം ബാധിച്ചിരിക്കുന്നത്.
അതേസമയം, സ്‌പെയിനിലും മരണസംഖ്യ ദ്രുതഗതിയില്‍ ഉയര്‍ന്നുകൊണ്ടേയിരിക്കുകയാണ്. ഇന്നലെയും 743 പേര്‍ മരിച്ചതോടെ സ്‌പെയിനിലെ മരണസംഖ്യ 13,798 ആയി ഉയര്‍ന്നു. 1,40,510 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇറ്റലിയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചതെങ്കിലും ഇവിടെ ദിവസങ്ങളായി മരണസംഖ്യയിലെ തോത് കുറഞ്ഞു. 16,523 പേരാണ് ഇറ്റലിയില്‍ കൊവിഡ് ബാധിച്ച് മരിച്ചിരിക്കുന്നത്. 1,32,547 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
അതേസമയം, ഫ്രാന്‍സിലും മരണസംഖ്യ പതിനായിരത്തിലേക്ക് അടുക്കുകയാണ്. 8,911 പേരാണ് നിലവില്‍ ഫ്രാന്‍സില്‍ കൊവിഡ് ബാധിച്ച് മരിച്ചിരിക്കുന്നത്. ഇവിടെ രോഗം ബാധിച്ചവരുടെ എണ്ണവും ഒരു ലക്ഷത്തോടടുത്തിട്ടുണ്ട്. 98,010 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ജര്‍മനിയില്‍ 1,810 പേര്‍ മരിക്കുകയും 1,03,375 പേര്‍ക്കു രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ചൈനയില്‍ 3,311 പേരാണ് മരിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം ഇവിടെ പുതുതായി മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 81,740 പേര്‍ക്കാണ് ചൈനയില്‍ ആകെ കൊവിഡ് ബാധിച്ചിരിക്കുന്നത്. ഇറാനില്‍ മരണസംഖ്യ 3,872 ആയി ഉയര്‍ന്നു. ഇന്നലെ മാത്രം 133 പേര്‍ മരിച്ചു. ഇവിടെ 62,589 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇംഗ്ലണ്ടില്‍ 51,608 പേര്‍ക്കു വൈറസ് ബാധ സ്ഥിരീകരിച്ചു. 5,373 പേരാണ് മരിച്ചിരിക്കുന്നത്. ബെല്‍ജിയത്തില്‍ കഴിഞ്ഞ ദിവസം മാത്രം 403 പേര്‍ മരിച്ചതോടെ മരണസംഖ്യ 2,035 ആയി ഉയര്‍ന്നു. തുര്‍ക്കിയില്‍ 649, സ്വിറ്റ്‌സര്‍ലന്‍ഡില്‍ 787, നെതര്‍ലന്‍ഡില്‍ 1,687, കാനഡയില്‍ 323, ഓസ്ട്രിയയില്‍ 243, ബ്രസീലില്‍ 566, പോര്‍ച്ചുഗലില്‍ 311, ദക്ഷിണ കൊറിയയില്‍ 192, ഇസ്‌റാഈലില്‍ 59, റഷ്യയില്‍ 58, സ്വീഡനില്‍ 477, ആസ്‌ത്രേലിയയില്‍ 46, അയര്‍ലന്‍ഡില്‍ 174, പാകിസ്താനില്‍ 54, മലേഷ്യയില്‍ 63, ജപ്പാനില്‍ 92, ഫിലിപ്പൈന്‍സില്‍ 177, ഇന്തോനേഷ്യയില്‍ 221 എന്നിങ്ങനെയാണ് നിലവില്‍ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. മറ്റു രാജ്യങ്ങളിലും രോഗികളുടെ എണ്ണവും മരണസംഖ്യയും കൂടിയിട്ടുണ്ട്.ഫിലിപ്പൈന്‍സ് അടക്കമുള്ള രാജ്യങ്ങള്‍ നിലവിലെ ലോക്ക്ഡൗണ്‍ ഈ മാസം അവസാനം വരെ നീട്ടി രംഗത്തെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."