മുസ്‌ലിം പ്രാർത്ഥനകൾ ആദ്യമായി പ്രക്ഷേപണം ചെയ്ത് ലോക മാധ്യമ ഭീമൻ ബിബിസി
റിയാദ്: മനുഷ്യന്റെ കണ്ണുകൾക്ക് കാണാൻ കഴിയാത്ത വൈറസ് ലോകത്ത് ഭീതി പരത്തി മുന്നേറുമ്പോൾ വ്യത്യസ്തമായ പുതിയ ലോകത്തിനായുള്ള പുതിയ പുതിയ മാറ്റങ്ങളാണ് ലോകത്ത് പ്രകടമാകുന്നത്. മത, ജാതി, വർണ്ണ വർഗ്ഗ ചിന്തകൾ അപ്രസകതമാക്കി കൊവിഡ് 19 വൈറസ് ബാധ സംഹാര താണ്ഡവമാടുമ്പോൾ ലോകം മാറിചിന്തിച്ചു തുടങ്ങിട്ടിട്ടുണ്ട്. ജർമനിയിൽ മുസ്‌ലിംകളുടെ ബാങ്കൊലികൾ പരസ്യമാക്കാൻ അനുവാദം നൽകിയതിന് പിന്നാലെ ലോക മാധ്യമ ഭീമൻ ബിബിസി മുസ്‌ലിം പ്രാർത്ഥനകൾ പ്രക്ഷേപണം ചെയ്താണ് ഇത് പ്രകടിപ്പിച്ചത്.
ബ്രിട്ടനിലെ മുഴുവൻ ആളുകൾക്കും കേൾക്കുന്ന രൂപത്തിൽ വെള്ളിയാഴ്ചയിലെ പ്രാർത്ഥന പ്രക്ഷേപണം ചെയ്യുമെന്നാണ് ബിബിസി അറിയിച്ചിരിക്കുന്നത്. ബിബിസി യുടെ 14 പ്രാദേശിക റേഡിയോ സ്റ്റേഷനുകളിൽ നിന്ന് ഓരോ ആഴ്ചയും രാവിലെ 5:50 നാണ് വിവിധ ഇമാമുമാരുടെ ഉദ്ബോധന പ്രസംഗങ്ങൾ പ്രക്ഷേപണം ചെയ്യുന്നത്. ഖുർആൻ സൂക്തങ്ങളും പ്രവാചക കൽപനകളും വാക്കുകളും ഉൾകൊള്ളുന്ന പ്രാർത്ഥനകളും ഉദ്ബോധനങ്ങളും വെള്ളിയാഴ്ചകളിലെ പ്രാർത്ഥനകൾക്ക് മുന്നോടിയായാണ് ശ്രോതാക്കളിലേക്ക് എത്തിക്കുന്നത്. നിലവിൽ രാജ്യത്തെ പ്രാർത്ഥനാ കേന്ദ്രങ്ങൾ അടച്ചിട്ടിരിക്കുകയാണ്.
ഷെഫീൽഡ്, ലങ്കാശിർ, മാഞ്ചസ്റ്റർ, വെസ്റ്റ് മിഡ്ലാൻഡ്സ്, ലീസിസ്റ്റർ, സ്റ്റോക്ക്, ഡെർബി, നോട്ടിങ്ങാം, കൊവെൻട്രി, മാർവിക്ഷെയർ, ലണ്ടൻ തുടങ്ങിയ നഗരങ്ങളിലെ ശ്രോതാക്കളാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. പ്രാദേശിക റേഡിയോ എന്നത് കമ്മ്യൂണിറ്റികളെ ബന്ധിപ്പിക്കുന്നതിനാണ്, മാത്രമല്ല ഈ പ്രതിവാര പരിപാടികൾ ഒറ്റപ്പെടുമ്പോൾ മുസ്‌ലിംകൾക്ക് ഒറ്റപ്പെടുന്നില്ലെന്ന തോന്നലുണ്ടാക്കാൻ സഹായിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നതായി ബിബിസി റേഡിയോ തലവൻ ക്രിസ് ബേൺസ് പറഞ്ഞു.
കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി മാർച്ച് 23 മുതൽ ബ്രിട്ടനിലെ ആരാധനാലയങ്ങൾ അടച്ചിരിക്കുക്കയാണ്. ബിബിസി ഇതിനകം തന്നെ 39 പ്രാദേശിക, ദേശീയ സ്റ്റേഷനുകളിൽ ക്രിസ്ത്യൻ പരിപാടികൾ പ്രക്ഷേപണം ചെയ്യുന്നുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച ആരംഭിച്ച വെള്ളിയാഴ്ച പ്രാർത്ഥന പ്രക്ഷേപണം മുസ്‌ലിംകൾക്ക് പ്രാർത്ഥന കേൾക്കായി അവരുടെ പ്രാദേശിക പള്ളികളിൽ പങ്കെടുക്കാൻ കഴിയാത്ത കാലത്തോളം തുടരുമെന്നും ക്രിസ് ബേൺസ് പറഞ്ഞു. നേരത്തെ, ഞായറാഴ്ച ബിബിസി ടിവിയിൽ കൊവിഡ്-19 വ്യാപനം തടയുന്നതിനുള്ള സംയുക്ത പരിശ്രമത്തെ എലിസബത്ത് രാജ്ഞി എല്ലാ മത വിശ്വാസികളെയും പ്രശംസിച്ചു രംഗത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."