പുനലൂര്‍ ചെങ്കോട്ട പാത; ഉദ്ഘാടനം ഒന്‍പതിന്
കൊല്ലം: പുനലൂര്‍ ചെങ്കോട്ട പാതയുടെ ഉദ്ഘാടനം ഒന്‍പതിന് 1.15ന് കേന്ദ്ര റയില്‍വേ സഹമന്ത്രി രജന്‍ ഗോഹൈിന്‍, കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ സാന്നിധ്യത്തില്‍ നിര്‍വഹിക്കുമെന്ന് എന്‍.കെ പ്രേമചന്ദ്രന്‍ എം.പി അറിയിച്ചു.
കഴിഞ്ഞ ദിവസം ചെന്നൈയില്‍ ദക്ഷിണമേഖല റയില്‍വേ ആസ്ഥാനത്ത് നടന്ന യോഗത്തില്‍ ദക്ഷിണ മേഖലാ ജനറല്‍ മാനേജരുമായും ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയ ശേഷമാണ് വിവരം അറിയിച്ചത്. കൊല്ലം ലോകസഭാ മണ്ഡലത്തിലെ റെയില്‍വേ വികസനവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു.
പാതയുടെ ഉദ്ഘാടനം കഴിഞ്ഞാല്‍ പ്രാഥമിക ഘട്ടമെന്ന നിലയില്‍ പുനലൂര്‍ പാലക്കാട് പാലരുവി എക്‌സ്പ്രസ് തിരുനെല്‍വേലി വരെയും, പുനലൂര്‍-കൊല്ലം ചെങ്കോട്ട വരെയും, കൊല്ലം-ഇടമണ്‍ ചെങ്കോട്ട വരെയും ദീര്‍ഘിപ്പിക്കുവാനുളള നടപടി സ്വീകരിക്കും. ഇപ്പോള്‍ സെപ്ഷ്യല്‍ ട്രെയിനായി ഓടികൊണ്ടിരിക്കുന്ന താംബരം എക്‌സ്പ്രസ് ദിവസേന ഓടിക്കുന്നതിനു മുന്നോടിയായി ആദ്യഘട്ടത്തില്‍ ആഴ്ചയില്‍ മൂന്ന് ദിവസമായി സര്‍വിസ് വര്‍ധിപ്പിക്കും. ചെങ്കോട്ട വരെ ഓടുന്ന കോയമ്പത്തൂര്‍ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ്, ചിലമ്പ് എക്‌സപ്രസ് എന്നിവ കൊല്ലത്തേയ്ക്ക് ദീര്‍ഘിപ്പിക്കുന്നത് പരിഗണനയിലാണ്. കൊല്ലം വഴി നാഗൂര്‍- വേളാങ്കണി-രാമേശ്വരം എന്നീ തീര്‍ഥാടന കേന്ദ്രങ്ങളിലേയ്ക്കുള്ളസര്‍വിസ് പരിഗണനയിലാണ്. നേരിട്ടുളള സര്‍വിസ് ആരംഭിക്കുന്നതു വരെ കൊല്ലത്ത് നിന്നു നാഗൂര്‍-വേളാങ്കണി-രാമേശ്വരം എന്നീ തീര്‍ഥാടന കേന്ദ്രങ്ങളിലേയ്ക്ക് യാത്ര ചെയ്യുവാന്‍ കഴിയുന്ന വണ്ണം താമ്പരം എക്‌സ്പ്രസ് ലിങ്ക് ചെയ്ത് പാസഞ്ചര്‍ ട്രെയിനുകള്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ അടിയന്തിരമായി സ്വീകരിക്കും.
മലയാളികളുടെ സൗകര്യം പരിഗണിച്ച് താമ്പരം എക്‌സ്പ്രസ് എഗ്മൂര്‍ വരെ നീട്ടുകയോ അല്ലെങ്കില്‍ എഗ്മൂര്‍ നിന്ന് കൊല്ലത്തേയ്ക്ക് പുതിയ ട്രെയിന്‍ ആരംഭിക്കുന്നതിനുള്ള സാധ്യതകള്‍ പരിശോധിച്ചു വരികയാണ്. വിനോദ സഞ്ചാര സാധ്യത കണക്കിലെടുത്ത് താംബരം എക്‌സ്പ്രസില്‍ വിസ്റ്റാഡോം കോച്ച് പരീക്ഷണാടിസ്ഥാനത്തില്‍ സര്‍വിസ് നടത്തും. പുനലൂര്‍ ചെങ്കോട്ട വഴി നിസാമുദ്ദീന്‍ വരെ പോകുന്ന ട്രെയിനും പരിഗണനയിലാണ്. കൂടാതെ എന്‍.കെ പ്രേമചന്ദ്രന്‍ എം.പി നിര്‍ദേശിച്ച പുതിയ 14 ട്രെയിനുകള്‍ സാങ്കേതിക സാധ്യതാ പഠനത്തിന്റെ അടിസ്ഥാനത്തില്‍ ഘട്ടം ഘട്ടമായി പരിഗണിക്കാമെന്ന് റയില്‍വേ ജനറല്‍ മാനേജര്‍ ഉറപ്പു നല്‍കി.
പുനലൂര്‍ ചെങ്കോട്ട പാതയിലെ കൊടിയ വളവുകളും ടണലുകളും പാലങ്ങളും സവിശേഷമായ ഭൂപ്രകൃതിയും കാരണം വേഗത 30 കിലോമീറ്ററായി നിജപ്പെടുത്തിയിരിക്കുന്നതിനാലും കൂടുതല്‍ പവര്‍ കൂടിയ എന്‍ജിനുകള്‍ ആവശ്യമായതിനാലും സാങ്കേതികമായ പഠനത്തിന്റെ അടിസ്ഥാനത്തില്‍ ഘട്ടം ഘട്ടമായി മാത്രമേ കൂടുതല്‍ ട്രെയിനുകള്‍ പാതയിലൂടെ സര്‍വിസ് നടത്തുവാന്‍ കഴിയുകയുള്ളുവെന്ന് ജനറല്‍ മാനേജര്‍ അറിയിച്ചു.
കൊല്ലം റെയില്‍വെ സ്റ്റേഷന്‍ രണ്ടാം കവാടം; സയമബന്ധിതമായി പണി പൂര്‍ത്തീകരിക്കുവാന്‍ നിര്‍ദ്ദേശം നല്‍കിയതായി ജനറല്‍ മാനേജര്‍
കൊല്ലം: റെയില്‍വെ സ്റ്റേഷനിലെ രണ്ടാം കവാടത്തിന്റെ പണി സയമബന്ധിതമായി പൂര്‍ത്തീകരിക്കുവാന്‍ ആവശ്യമായ നിര്‍ദ്ദേശം തിരുവനന്തപുരം റയില്‍വേ ഡിവിഷന് നല്‍കിയിട്ടുണ്ടെന്നും ഒന്നും, രണ്ടും പ്ലാറ്റ്‌ഫോമുകളെ ബന്ധിപ്പിക്കുന്ന ഫൂഡ് ഓവര്‍ ബ്രിഡ്ജിന്റെ പണി അടിയന്തിരമായി പൂര്‍ത്തീകരിക്കുവാനും നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ജനറല്‍ മാനേജര്‍ അറിയിച്ചു. കൊല്ലം റയില്‍വേ സ്റ്റേഷനില്‍ പിറ്റ് ലൈന്‍, മെയിന്റനന്‍സ് യാര്‍ഡ്, മള്‍ട്ടിലെവല്‍ പാര്‍ക്കിങ് കോംപ്ലക്‌സ് എന്നിവയ്ക്കുള്ള സാധ്യതാ പഠനം നടത്തും.
കൊല്ലം വഴി കടന്നു പോകുന്ന 12 ദീര്‍ഘദൂര ട്രെയിനുകളില്‍ ഡി-റിസര്‍വ്ഡ് കോച്ചുകള്‍ അനുവദിക്കുവാന്‍ ദക്ഷിണ റയില്‍വേ ജനറല്‍ മാനേജര്‍ അനുമതി നല്‍കി. ഹ്രസ്വദൂര യാത്രക്കാര്‍ക്ക് ദീര്‍ഘദൂര തീവണ്ടികളില്‍ യാത്ര ചെയ്യുന്നതിനുള്ള സൗകര്യത്തിനു വേണ്ടി ഡി-റിസര്‍വ്ഡ് കോച്ചുകള്‍ അനുവദിക്കണമെന്ന്് എന്‍. കെ പ്രേമചന്ദ്രന്‍ എം.പി ആവശ്യപ്പെട്ടിരുന്നു.
കൂടുതല്‍ ഡി-റിസര്‍വ്ഡ് അനുവദിക്കുന്നതിനു നടപടി സ്വികരിക്കുമെന്ന് റയില്‍വേ മന്ത്രി പാര്‍ലമെന്റില്‍ ഉറപ്പ് നല്‍കിയിരുന്നു. ഉറപ്പിന്റെ അടിസ്ഥാനത്തില്‍ കൊല്ലം വഴി കടന്ന് പോകുന്ന 12 ട്രെയിനുകള്‍ക്ക് ഡി-റിസര്‍വ്ഡ് കോച്ചുകള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് നിവേദനം നല്‍കിയത്.
ഡി-റിസര്‍വ്ഡ് കോച്ചുകള്‍ അനുവദിക്കുന്ന വിഷയം റയില്‍വേ ബോര്‍ഡ് പരിഗണിക്കുകയും ജനറല്‍ മാനേജര്‍മാര്‍ക്ക് അധികാരം നല്‍കി ഉത്തരവാകുകയും ചെയ്തു. ബാഗ്ലൂര്‍-കന്യകുമാരി എക്‌സ്പ്രസ് (16526) എറണാകുളം നോര്‍ത്ത് മുതല്‍ കന്യാകുമാരി വരെയും, ഷാലിമാര്‍ എക്‌സ്പ്രസ് (22642) എറണകുളം ജങ്ഷന്‍ മുതല്‍ തിരുവനന്തപുരം വരെയും, ലോക്മാന്യതിലക്-കൊച്ചുവേളി (22113) എറണാകുളം ജങ്ഷന്‍ മുതല്‍ കൊച്ചുവേളി വരെയും, മുംബൈ സെന്റട്രല്‍-കന്യാകുമാരി എക്‌സ്പ്രസ് (16381) എറണാകുളം നോര്‍ത്ത് മുതല്‍ കന്യാകുമാരി വരെയും, ശബരി എക്‌സ്പ്രസ് (17320) കോട്ടയം മുതല്‍ തിരുവനന്തപുരം വരെയും, കോര്‍ബ എക്‌സ്പ്രസ് (22647) എറണാകുളം നോര്‍ത്ത് മുതല്‍ തിരുവനന്തപുരം വരെയും, നേത്രാവതി എക്‌സ്പ്രസ് (16345) എറണാകുളം മുതല്‍ തിരുവനന്തപുരം വരെയും, ചാണ്ഡിഗര്‍ - കൊച്ചുവേളി എക്‌സ്പ്രസ് (12218) ഷൊര്‍ണൂര്‍ മുതല്‍ കൊച്ചുവേളി വരെയും, നിസാമുദ്ദീന്‍ - തിരുവനന്തപുരം എക്‌സപ്രസ് (22686) എറണാകുളം ജങ്ഷന്‍ മുതല്‍ തിരുവനന്തപുരം വരെയും, അഹല്യനഗരി എക്‌സ്പ്രസ് (22645) എറണാകുളം മുതല്‍ തിരുവനന്തപുരം വരെയും, രപ്തിസാഗര്‍ എക്‌സ്പ്രസ് (12511) എറണാകുളം നോര്‍ത്ത് മുതല്‍ തിരുവനന്തപുരം വരെയും ഡി-റിസര്‍വ്വ്ഡ് കോച്ചുകള്‍ അനുവദിക്കാനാണ് ദക്ഷിണ റയില്‍വേ ജനറല്‍ മാനേജര്‍ അംഗീകാരം നല്‍കിയത്.
ഡി-റിസര്‍വ്വ്ഡ് കോച്ചുകള്‍ പ്രാബല്യത്തില്‍ വരണമെങ്കില്‍ പാസഞ്ചര്‍ റിസര്‍വേഷന്‍ സിസ്റ്റത്തില്‍ മാറ്റം വരുത്തണം. നിലവില്‍ മൂന്ന് മാസം മുന്‍പ് ട്രെയിന്‍ ടിക്കറ്റുകള്‍ റിസര്‍വ്വ് ചെയ്യുവാന്‍ വ്യവസ്ഥയുണ്ട്. ആയതിനാല്‍ പാസഞ്ചര്‍ റിസര്‍വേഷന്‍ സിസ്റ്റത്തില്‍ ആവശ്യമായ മാറ്റം വരുത്തി ഡി-റിസര്‍വ്വ്ഡ് കോച്ചുകള്‍ പ്രാബല്യത്തില്‍ വരുത്തുവാനുളള നടപടി സ്വീകരിക്കുവാന്‍ ബന്ധപ്പെട്ട പ്രിന്‍സിപ്പല്‍ ചീഫ് കോമേഷ്യല്‍ മാനേജര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളതായും ദക്ഷിണ റയില്‍വേ ജനറല്‍ മാനേജര്‍ അറിയിച്ചു.
പാസഞ്ചര്‍ റിസര്‍വേഷന്‍ സിസ്റ്റത്തില്‍ മാറ്റം വരുന്നതോടെ കൊല്ലം വഴി കടന്ന് പോകുന്ന 12 ട്രെയിനുകളില്‍ ഡി-റിസര്‍വ്വ്ഡ് കോച്ചുകള്‍ പ്രാബല്യത്തില്‍ വരും.
റെയില്‍വേ അംഗീകരിച്ചിട്ടുള്ള മേല്‍പ്പാലങ്ങളും അടിപ്പാതകളുടെയും നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തീകരിക്കുവാന്‍ പരീക്ഷിച്ചു വിജയിച്ച മഹാരാഷ്ട്ര മോഡല്‍ പദ്ധതി സമര്‍പ്പിച്ചിട്ടുണ്ടെന്നും അംഗീകാരം ലഭിച്ചാല്‍ സമയബന്ധിതമായി പണി പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നും ദക്ഷിണ റയില്‍വേ ജനറല്‍ മാനേജര്‍ അറിയിച്ചു.
അനന്തപുരി എക്‌സ്പ്രസിനു പരവൂര്‍, വേണാട് എക്‌സപ്രസിനു പെരിനാട് എന്നീ സ്റ്റോപ്പുകള്‍ അനുവദിക്കണമെന്നുള്ള എം.പി യുടെ ആവശ്യം പരിഗണനയിലാണെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ ആര്‍.കെ. കുല്‍ശ്രേഷ്ഠ, പ്രിന്‍സിപ്പല്‍ ചീഫ് ഓപ്പറേഷന്‍ മാനേജര്‍ എസ്. അനന്തരാമന്‍, ചീഫ് പാസഞ്ചര്‍ ട്രാഫിക് മാനേജര്‍ എസ്. ജഗനാഥന്‍, സി.സി.എം പി.എം ജെ. വിനയന്‍ എന്നിവരുമായി എന്‍.കെ പ്രേമചന്ദ്രന്‍ എം.പി നടത്തിയ ചര്‍ച്ചയിലാണ് ധാരണയായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."