കെ.എസ്.ഇ.ബി പൊതു സ്ഥലം മാറ്റത്തില്‍ ക്രമക്കേട്
തിരുവനന്തപുരം: കെ.എസ്.ഇ.ബിയിലെ പൊതു സ്ഥലംമാറ്റ ഉത്തരവില്‍ വ്യാപക ക്രമക്കേടും അഴിമതിയുമെന്ന് ആരോപണം. 2018 ലെ പൊതു സ്ഥലം മാറ്റവുമായി ബന്ധപ്പെട്ടു പുറത്തിറക്കിയ ഉത്തരവിലാണ് ക്രമക്കേടുകള്‍ നടന്നത്. 6600 വിവിധ തസ്തികകളിലെ സ്ഥലം മാറ്റ ഉത്തരവില്‍ ക്രമക്കേട് നടന്നതായി ഇലക്ട്രിസിറ്റി എംപ്ലോയിസ് കോണ്‍ഫെഡറേഷന്‍ (ഐ.എന്‍.ടി.യു.സി) പരാതി നല്‍കിയതോടെ ഉത്തരവ് മരവിപ്പിച്ചു.
1300 സബ് എന്‍ജിനീയര്‍,1980 ഓവര്‍സീയര്‍, 3311 ലൈന്‍മാന്‍ എന്നിവരുടെ സ്ഥലം മാറ്റമാണ് കെ.എസ്.ഇ.ബി അധികൃതര്‍ മരവിപ്പിച്ചത്. ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ ചരിത്രത്തില്‍ ആദ്യമായാണ് കൂട്ടസ്ഥലം മാറ്റ ഉത്തരവ് മരവിപ്പിക്കേണ്ടി വന്നത്. ഓണ്‍ലൈന്‍ സംവിധാനത്തിലൂടെയാണ് വൈദ്യുതി ബോര്‍ഡില്‍ സ്ഥലം മാറ്റ ഉത്തരവ് നടപ്പാക്കുന്നത്.
ഇത്തവണ സോഫ്റ്റ്‌വെയറില്‍ കൃത്രിമം കാട്ടിയാണ് ഉത്തരവ് ഇറക്കിയതെന്നാണ് കോണ്‍ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി സജീവ് ജനാര്‍ദനന്‍ ആരോപിക്കുന്നത്. അനര്‍ഹമായ സ്ഥലം മാറ്റത്തിന് പിന്നില്‍ വലിയ അഴിമതി നടന്നിട്ടുണ്ടെന്നും ഇക്കാര്യം അന്വേഷിക്കാന്‍ മന്ത്രി എം.എം മണി തയാറാവണമെന്നും സജീവ് ജനാര്‍ദനന്‍ ആവശ്യപ്പെട്ടു.
ബോര്‍ഡിലെ തൊഴിലാളി സംഘടനകളുമായി ചര്‍ച്ച ചെയ്തു തീരുമാനിച്ച മാനദണ്ഡങ്ങള്‍ മറികടന്നാണ് ഇഷ്ടക്കാരെയും അനര്‍ഹരെയും പട്ടികയില്‍ ഉള്‍പ്പെടുത്തി ഉത്തരവ് ഇറക്കിയതെന്നാണ് ഐ.എന്‍.ടി.യു.സി ആരോപിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."