വാടാനപ്പള്ളി സ്വദേശിക്ക് ദുബൈ പൊലിസിന്റെ അംഗീകാരം
വാടാനപ്പള്ളി : തൃത്തല്ലൂര്‍ ഗവണ്‍മെന്റ് ആശുപത്രിക്ക് പുറകുവശം താമസിക്കുന്ന പരേതനായ നാലകത്ത് സൈദു മുഹമ്മദിന്റെ മകന്‍ റഷീദ് നാലകത്തിനെ ദുബൈ പൊലിസിന്റെ വൈക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റ് മികച്ച ഡ്രൈവറായി തെരഞ്ഞെടുത്തു.
കഴിഞ്ഞ ദിവസം നടന്ന ദുബൈ ദേരേ മുറക്കബാദ് പൊലിസ് സ്റ്റേഷനില്‍ വച്ച് വൈക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഹെഡ് റഷീദ് നാലകത്തിന്നു പ്രശസ്തിപത്രവും, സര്‍ട്ടിഫിക്കറ്റും, ഗിഫ്റ്റും നല്‍കി ആദരിച്ചു. ലക്ഷക്കണക്കിനു വരുന്ന ദുബായിലെ ഡ്രൈവര്‍മാരെ നിരീക്ഷിക്കുന്നതിനായി ദുബൈ പൊലിസും വൈക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റും സംയുക്തമായി വിവിധ മേഖലകളില്‍ നിയോഗിച്ച മോണിറ്ററിങ് വിഭാഗം നടത്തിയ നിരീക്ഷണത്തിലാണു മികച്ച ഡ്രൈവറായി റഷീദ് നാലകത്തിനെ തെരഞ്ഞെടുത്തത്.
ഡ്യൂട്ടി കഴിഞ്ഞ് റൂമിലെത്തിയ റഷീദിനു ദേരേ മുറക്കബാദ് പൊലിസ് സ്റ്റേഷനില്‍ നിന്നും എത്രയും വേഗം സ്റ്റേഷനില്‍ എത്തണമെന്നാവശ്യപ്പെട്ട് കോള്‍ വരികയായിരുന്നു. തുടര്‍ന്ന് കൂട്ടുകാരുമായി പൊലിസ് സ്റ്റേഷനില്‍ എത്തിയപ്പോഴാണു ദുബൈലെ മികച്ച ലൈറ്റ് വൈക്കിള്‍ ഡ്രൈവര്‍ ആയി തന്നെ തെരഞ്ഞെടുത്ത വിവരം അറിയുന്നത്.
കഴിഞ്ഞ ഇരുപത്തി ആറു വര്‍ഷമായി ദുബായിയില്‍ ജോലി ചെയ്തു വരുന്ന റഷീദ് ഇപ്പോള്‍ പത്തുവര്‍ഷമായി ഹെല്‍ത്ത് കെയര്‍ സിറ്റി ഹോസ്പിറ്റലില്‍ ട്രാന്‍സ്‌ഫോര്‍ട്ട് വിഭാഗത്തില്‍ ലൈറ്റ് വൈക്കിള്‍ ഡിപ്പാര്‍ട്ട് മെന്റില്‍ ജോലി ചെയ്തുവരുന്നു. നേരത്തെ പതിനാറു വര്‍ഷത്തോളം സ്വകാര്യ ഡ്രൈവിങ് കമ്പനിയുടെ ഇന്‍സ്‌പെക്ടറായി ജോലി ചെയ്തിരുന്നു. വീട്ടമ്മയായ ഭാര്യയും വിദ്യാര്‍ഥികളായ മൂന്നു മക്കളും നാട്ടിലാണ്. ദുബായിലെ തിരക്കു പിടിച്ച ജോലിക്കിടയിലും റഷീദ് ജീവകാരുണ്യ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കുന്നു.
വാടാനപ്പള്ളി വടക്കേ മഹല്ല് യു.എ.ഇ കൂട്ടായിമയിലെ എക്‌സിക്യൂട്ടീവ് അംഗം , വാടാനപ്പള്ളി പ്രവാസി സേവിങ് ഫോറം എക്‌സിക്യൂട്ടീവ് അംഗം & ചാരിറ്റി വിങ് ഹെഡ് , തൃത്തല്ലൂര്‍ നിവാസികളുടെ കൂട്ടായിമയായ മൈത്രി ജോയിന്റ് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു.
ദുബായ് പോലുള്ള സ്ഥലത്ത് ലക്ഷക്കണക്കിനു വ്യത്യസ്ത രാജ്യക്കാര്‍ ഡ്രൈവിങ് ചെയ്യുന്നതില്‍ നിന്ന് നല്ല ഡ്രൈവര്‍ ആയി തെരഞ്ഞടുത്തതില്‍ സന്തോഷത്തിലാണ് റഷീദ് ഒപ്പം അല്ലാഹുവിനു സ്തുതി അര്‍പ്പിക്കുന്നതായും റഷീദ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."