അട്ടിമറി ഭീഷണിയുമായി കോസ്റ്റ റിക്ക, പാനമ
കോസ്റ്റ റിക്ക
കോണ്‍കാക്കാഫ് മേഖലയിലെ കരുത്തര്‍. അഞ്ചാം ലോകകപ്പിനാണ് കോസ്റ്റ റിക്ക എത്തുന്നത്. കഴിഞ്ഞ ലോകകപ്പില്‍ ക്വാര്‍ട്ടര്‍ വരെയെത്തി മികവ് തെളിയിച്ചു. 1990ലാണ് ആദ്യമായി ലോകകപ്പ് യോഗ്യത നേടിയത്. കന്നി പ്രവേശത്തില്‍ തന്നെ പ്രീ ക്വാര്‍ട്ടര്‍ ബര്‍ത്ത്. 94, 98, 2010 വര്‍ഷങ്ങളില്‍ യോഗ്യത നേടാന്‍ സാധിച്ചില്ല.
റയല്‍ മാഡ്രിഡ് താരവും ഗോള്‍ കീപ്പറുമായ കെയ്‌ലര്‍ നവാസിന്റെ സാന്നിധ്യമാണ് ടീമിന്റെ ഹൈ ലൈറ്റ്. നവാസിന്റെ മിന്നും പ്രകടനമാണ് കഴിഞ്ഞ തവണ ടീമിനെ ക്വാര്‍ട്ടര്‍ വരെയെത്തിക്കുന്നതില്‍ നിര്‍ണായകമായത്. ഈ പ്രകടനത്തിന്റെ മികവാണ് താരത്തെ സ്പാനിഷ് വമ്പന്‍മാരായ റയലിന്റെ പാളയത്തിലെത്തിച്ചതും. ഇത്തവണയും എതിരാളികള്‍ക്ക് കാര്യമായ വെല്ലുവിളിയുമായി നവാസ് ഗോള്‍ വല കാക്കാനെത്തുന്നുണ്ട്. മുന്നേറ്റ താരം ജോവല്‍ കാംപലിന്റെ ഗോളടി മികവും ടീമിന് കരുത്താകുമെന്ന് പ്രതീക്ഷ. സ്‌പോര്‍ടിങ് താരം ബ്രയാന്‍ റൂയിസാണ് ടീമിന്റെ നായകന്‍. ഡിപേര്‍ടീവോ ലാ കൊരുണയുടെ സെല്‍സോ ബോര്‍ജസാണ് മധ്യനിരയുടെ കടിഞ്ഞാണേന്തുന്നത്.
മുന്‍ ചാംപ്യന്‍മാരായ ബ്രസീല്‍, സ്വിറ്റ്‌സര്‍ലന്‍ഡ്, സെര്‍ബിയ ടീമുകളുള്‍പ്പെട്ട ഗ്രൂപ്പ് ഇയിലാണ് കോസ്റ്റ റിക്ക ഇത്തവണ. ബ്രസീലിന് പിന്നില്‍ രണ്ടാം സ്ഥാനക്കാരായി അടുത്ത ഘട്ടത്തിലേക്ക് കടക്കാനുള്ള കരുത്ത് ടീമിനുണ്ട്. മുന്‍ താരം കൂടിയായ ഓസ്‌ക്കാര്‍ റാമിറെസാണ് ടീമിന്റെ പരിശീലകന്‍. 2015 മുതല്‍ ടീമിനൊപ്പം റാമിറെസുണ്ട്.
മെക്‌സിക്കോ
കോണ്‍കാക്കാഫ് മേഖലയിലെ മികച്ച സംഘം. മിക്ക ലോകകപ്പിലും സാന്നിധ്യമറിയിക്കാന്‍ മെക്‌സിക്കോയ്ക്ക് സാധിച്ചിട്ടുണ്ട്. 1970ലും 86ലും ക്വാര്‍ട്ടറിലെത്തിയതാണ് നേട്ടം. 1994 മുതല്‍ കഴിഞ്ഞ ടൂര്‍ണമെന്റ് വരെ തുടര്‍ച്ചയായി പ്രീ ക്വാര്‍ട്ടറിലെത്തി. 1999ല്‍ കോണ്‍ഫെഡറേഷന്‍സ് കപ്പ് ബ്രസീലിനെ അട്ടിമറിച്ച് സ്വന്തമാക്കിയതയും 2012ലെ ലണ്ടന്‍ ഒളിംപിക്‌സില്‍ ബ്രസീലിനെ തന്നെ കീഴടക്കി സ്വര്‍ണം സ്വന്തമാക്കിയതും അന്താരാഷ്ട്ര തലത്തിലെ നേട്ടങ്ങള്‍.
ഇത്തവണത്തെ ലോക പോരില്‍ ചാംപ്യന്‍മാരായ ജര്‍മനി, സ്വീഡന്‍, ദക്ഷിണ കൊറിയ ടീമുകള്‍ക്കൊപ്പം ഗ്രൂപ്പ് എഫില്‍. ജര്‍മനിയെ അട്ടിമറിക്കാന്‍ ശേഷിയില്ലെങ്കിലും മറ്റ് മൂന്ന് ടീമുകളെ കീഴടക്കി രണ്ടാം സ്ഥാനക്കാരായി മുന്നേറാന്‍ മെക്‌സിക്കോയ്ക്ക് അവസരമുണ്ട്.
മുന്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, റയല്‍ മാഡ്രിഡ് താരം ജാവിയര്‍ ഹെര്‍ണാണ്ടസിലാണ് പ്രതീക്ഷ. താരത്തിന്റെ മൂന്നാം ലോകകപ്പാണിത്. രാജ്യത്തിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമെന്ന റെക്കോര്‍ഡും ഹെര്‍ണാണ്ടസിന് സ്വന്തം.
മധ്യനിരയില്‍ ക്യാപ്റ്റന്‍ അന്‍ഡ്രസ് ഗ്വര്‍ഡാഡോയാണ് മികച്ച താരം. ഒപ്പം ജിയോവാനി ഡോസ് സാന്റോസും പോര്‍ട്ടോയുടെ മാനുവല്‍ കൊറോണയും ചേരുമ്പോള്‍ ടീം ശക്തം. കഴിഞ്ഞ ലോകകപ്പില്‍ നെയ്മറുടെ ഗോളെന്നുറച്ച ഷോട്ട് തട്ടിയകറ്റി ശ്രദ്ധേയനായ ഗ്വില്ലേര്‍മോ ഒച്ചോവ എന്ന ഗോള്‍ കീപ്പറടക്കം വല കാക്കാന്‍ വെറ്ററന്‍ താരങ്ങളാണെന്നത് ടീമിന്റെ പോരായ്മയാണ്. മൂന്ന് വര്‍ഷമായി ടീമിനെ പരിശീലിപ്പിക്കുന്നത് കൊളംബിയന്‍ കോച്ച് യുവാന്‍ കാര്‍ലോസ് ഒസോരിയോയാണ്.
ഈ ലോകകപ്പില്‍ കളിക്കുന്ന ഏറ്റവും പ്രായം കൂടിയ താരങ്ങളിലൊരാളായി ഇതിഹാസ താരം റാഫേല്‍ മാര്‍ക്വസ് ആല്‍വരസ് എന്ന പ്രതിരോധ താരം ഇത്തവണയും ടീമില്‍ ഇടം പിടിച്ചത് ശ്രദ്ധേയമാണ്. 39 കാരനായ താരം ഏഴ് വര്‍ഷത്തോളം ബാഴ്‌സലോണയില്‍ കളിച്ചിട്ടുണ്ട്. കരിയറിലെ അഞ്ചാം ലോകകപ്പിനാണ് ആല്‍വരസ് വരുന്നത്. കഴിഞ്ഞ നാല് ലോകകപ്പിലും ക്യാപ്റ്റന്‍ സ്ഥാനത്ത് ആല്‍വരസായിരുന്നു. മെക്‌സിക്കന്‍ ഇതിഹാസ ഗോള്‍ കീപ്പര്‍ അന്റോണിയോ കാര്‍ബജല്‍, ഇറ്റാലിയന്‍ ഇതിഹാസം ബുഫണ്‍, ജര്‍മന്‍ ഇതിഹാസം ലോതര്‍ മത്തേയൂസ് എന്നിവര്‍ക്ക് ശേഷം അഞ്ച് ലോകകപ്പുകള്‍ കളിക്കാനൊരുങ്ങുന്ന താരമെന്ന നേട്ടവും ആല്‍വരസിന് സ്വന്തം.
പാനമ
ഐസ്‌ലന്‍ഡിനൊപ്പം കന്നി ലോകകപ്പ് കളിക്കാനൊരുങ്ങുകയാണ് പാനമ. ഗ്രൂപ്പ് ജിയില്‍ ബെല്‍ജിയം, ഇംഗ്ലണ്ട്, ടുണീഷ്യ ടീമുകള്‍ക്കൊപ്പമാണ് പാനമ. ഈ ഗ്രൂപ്പില്‍ നിന്ന് അട്ടിമറി ഭീഷണി ഉയര്‍ത്താന്‍ തക്ക കരുത്ത് പനാമയ്ക്കുണ്ടെന്ന് കരുതുക വയ്യ. എങ്കിലും ടുണീഷ്യയയെ കീഴടക്കി കന്നി ലോകകപ്പില്‍ വിജയം സ്വന്തമാക്കാനുള്ള അവസരം ടീമിനുണ്ട്. 2009ല്‍ കോപ സെന്‍ട്രോമേരിക്കാന പോരാട്ടത്തില്‍ വിജയികളായതും കോണ്‍കാകാഫ് കപ്പിന്റെ ഫൈനലിലെത്തി രണ്ട് തവണ റണ്ണേഴ്‌സ് അപ്പായതുമാണ് അന്താരാഷ്ട്ര തലത്തിലെ മികച്ച നേട്ടങ്ങള്‍. വെറ്ററന്‍ താരങ്ങളുടെ അതിപ്രസരം ടീമിന് എത്രത്തോളം മുന്നേറാന്‍ അവസരമൊരുക്കുമെന്ന് കണ്ടറിയണം. ടീമിലെ പത്തോളം താരങ്ങള്‍ 30 കഴിഞ്ഞവരാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."